ആലപ്പുഴ: സൗമ്യതയുടെ പ്രതിരൂപമായിരുന്നെങ്കിലും ദേശീയതയ്ക്കും സനാതന ധര്‍മ്മത്തിനുമെതിരായ നീക്കങ്ങള്‍ക്കെതിരെ എക്കാലവും കടുത്ത നിലപാടാണ് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സ്വീകരിച്ചിരുന്നത്. അതിന്റെ പേരില്‍ നഷ്ടമായവയാണ് തന്റെ നേട്ടങ്ങള്‍ എന്നു തുറന്നു പറയാന്‍ അദ്ദേഹം സന്നദ്ധനായി. ആര്‍എസ്എസിന്റെ സംഘചാലക് ചുമതല വഹിക്കുമ്പോഴും എല്ലാ രാഷ്ട്രീയക്കാരുമായും അദ്ദേഹത്തിന് നല്ല സൗഹൃദം ഉണ്ടായിരുന്നു. തന്റെ ഉറച്ച നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചയും കാട്ടാതെയായിരുന്നു അദ്ദേഹത്തിന്റെ വിപുലമായ സൗഹൃദവലയം.
ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനുള്ള ഇടതുസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വൈക്കം ക്ഷേത്ര കലാപീഠം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് തന്റെ നിലപാട് വ്യക്തമാക്കി. ആചാരലംഘന നീക്കങ്ങളില്‍ പ്രതിഷേധിച്ച് ‘ശ്രീവത്സം’ മാസികയില്‍ ലേഖനമെഴുതി. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് എന്ന പേരില്‍ ഭക്തരെ ദ്രോഹിക്കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തി. പിന്നീടാണ് രാജിവെച്ചത്.
മുന്‍പ് ഇടതുസര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് ചുമതല ഒഴിയണമെന്നായിരുന്നു നിര്‍ദേശം. സാദ്ധ്യമല്ലെന്നായിരുന്നു മറുപടി. സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങളുമായി മരിക്കും വരെ അദ്ദേഹം സജീവ ബന്ധം തുടര്‍ന്നു. ശബരിഗിരി വിഭാഗ് സഹസംഘചാലക് ചുമതലയിലിരിക്കേയാണ് അന്ത്യം. തപസ്യ, ബാലഗോകുലം തുടങ്ങിയ പ്രസ്ഥാനങ്ങളിലും സജീവമായി. ജന്മഭൂമി, കേസരി തുടങ്ങിയ മാദ്ധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. വിശേഷാല്‍ പതിപ്പുകളില്‍ അദ്ദേഹത്തിന്റെ കവിതകളും പ്രസിദ്ധീകരിച്ചു.
ആലപ്പുഴ എസ്ഡി കോളജ് മലയാളം അദ്ധ്യാപകനായും വകുപ്പ് തലവനായും മൂന്നരപ്പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച അദ്ദേഹം വലിയ ശിഷ്യസമ്പത്തിനുടമായായിരുന്നു. എല്ലാ ശിഷ്യരുമായും അവസാന കാലം വരെ ബന്ധം പുലര്‍ത്താനും പ്രത്യേക ശ്രദ്ധവച്ചിരുന്നു. ശിഷ്യര്ക്കെന്നല്ല, ആര്‍ക്കും സംശയ നിവാരണത്തിനായി ഏതു സമയവും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിന്റെയും, ചെമ്പകശേരി രാജവംശത്തിന്റെയും അമ്പലപ്പുഴയുടെയും ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാനും, സംശയ നിവാരണത്തിനും മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരും ബന്ധപ്പെട്ടിരുന്നത് ഗോപകുമാറിനെയായിരുന്നു.
അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവവും ചെമ്പകശ്ശേരി എന്ന നാട്ടുരാജൃത്തിന്റെ ചരിത്രവും വിവരിക്കുന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. പത്തിലേറെ കവിതാ സമാഹാരങ്ങളും എട്ടിലധികം ഗദ്യകൃതികളും പുറത്തിറക്കി. അമൃതകീര്‍ത്തി പുരസ്കാരം തുടങ്ങി സാഹിത്യത്തിനുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: