ബെംഗളൂരു: മണ്ണിനടിയില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവർത്തന സ്ഥലത്ത് സെല്‍ഫിയെടുത്ത കാർവാർ എസ്പിക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമർശനം.
എസ്പി എം.നാരായണ ഐപിഎസിനെതിരെയാണ് വിമർശനം ഉയർന്നത്. തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ പശ്ചാത്തലത്തിലാണ് എസ്പി സെല്‍ഫിയെടുത്തത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടയില്‍ സെല്‍ഫിയെടുത്ത് ഔദ്യോഗിക പേജില്‍ പോസ്റ്റു ചെയ്യാമോ എന്നാണ് വിമർശനം ഉയർന്നത്.
സമൂഹമാധ്യമത്തിലെ പേജ് ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനാണെന്നും സ്വയം മുഖം കാണിക്കാനുള്ളതല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ‘ഉപയോഗമില്ലാത്ത പോലീസ് ഓഫിസറെന്നും’ നിരവധിപേർ കമന്റ് ചെയ്തു.
ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ശിരൂരില്‍ ദേശീയപാത 66ല്‍ കുന്നിടിഞ്ഞ സ്ഥലത്ത് ഗ്രൗണ്ട് പെനെട്രേറ്റ് റഡാർ (ജിപിആർ) വഴി തിരച്ചില്‍ തുടരുന്നു എന്നാണ് എസ്പി സമൂഹമാധ്യമത്തില്‍ പറഞ്ഞത്. സെല്‍ഫിക്കൊപ്പം റഡാറിന്റെയും രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തി.
അർജുനെ കാണാതായ സ്ഥലത്തേക്ക് കോഴിക്കോട് നിന്നെത്തിയ ബന്ധുക്കളെയും വാഹന ഉടമയെയും രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിനെയും കർണാടക പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു.
എസ്പിക്കെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. രഞ്ജിത്തിനെ രക്ഷാപ്രവർത്തനത്തില്‍ പങ്കാളിയാക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പോലീസ് നിരസിച്ചതിനെ തുടർന്നാണ് പ്രശ്‌നമുണ്ടായത്. മർദനമേറ്റതായി ബന്ധുക്കള്‍ പിന്നീട് സ്ഥലത്തെത്തിയ മന്ത്രി മംഗാള വൈദ്യയോട് പരാതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: