തന്റെ പേരിനൊപ്പം തന്നെ ചേര്‍ത്ത് വായിക്കാന്‍ സാധിക്കുന്ന ഒന്നാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പി. നാരായണന് തുടരുന്ന സംഘപഥത്തിലൂടെ എന്ന രചനയും. പതിറ്റാണ്ടുകള്‍ മുമ്പുള്ള ഓര്‍മകളാണ് നാരായണ്‍ജി പങ്കുവയ്ക്കുന്നതെന്നതാണ് വലിയ പ്രത്യേകത. ഇക്കുറി വാരാദ്യത്തിലിറങ്ങുന്ന സംഘപഥം നിലവില്‍ 1200-ാമത് ലക്കത്തിലേക്ക് എത്തുകയാണ്. ഒരു വര്‍ഷം ശരാശരി 50 എണ്ണമാണ് എഴുതുന്നത്. ശാരീരിക പ്രശ്നം വന്ന ചിലസമയങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതൊഴിച്ചാല്‍ എല്ലാ ആഴ്ചയിലും മുടങ്ങാതെ സംഘപഥം വായനക്കാരിലേക്ക് എത്തുന്നുണ്ട്.
സംഘപഥത്തിന്റെ ഓര്‍മകള്‍ പങ്കിടാമോ?
ഇതുവരെയുള്ള ലക്കങ്ങളില്‍ 80 ശതമാനവും ആരും അറിയാതെ പോകുമായിരുന്ന പേരുകളാണ് എഴുത്തിലൂടെ ജനശ്രദ്ധയിലേക്ക് എത്തിച്ചത്. സാധാരണക്കാരുടെ ഭാഷയില്‍ ആണ് എഴുത്തെന്നതിനാല് നല്ല അഭിപ്രായങ്ങള്‍ വരാറുണ്ട്. ഇതിനാല്‍ തന്നെ വലിയൊരു സംഘം വായനക്കാരും സംഘപഥത്തിനുണ്ടെന്നത് ഏറെ സന്തോഷം പകരുന്നതാണ്. ഭാഷയ്ക്കും എഴുത്തിനും ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഒരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ മുടങ്ങാതെ താന്‍ സംഘപഥം വായിക്കാറുണ്ടെന്ന് പറഞ്ഞത് വലിയ ആത്മസംതൃപ്തി നല്കി. ഇത്തരത്തില്‍ നിരവധി പ്രമുഖര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇത് എഴുത്തിന് വലിയ പ്രചോദനമാണ്. സംഘപഥം എന്ന പേരില്‍ 100 ലേഖനങ്ങള്‍ അടങ്ങുന്ന ഒരു പുസ്തകവും ജന്മഭൂമി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. രണ്ടാമത്തെ പുസ്തകത്തിന്റെ അനൗണ്‍സ്മെന്റ് ഉടന്‍ നടക്കും.
കുടുംബം, വിവാഹം തുടങ്ങിയവ വിശദീകരിക്കാമോ?
തൊടുപുഴയ്ക്ക് സമീപം മണക്കാട് ഒറ്റപ്ലാക്കല്‍ സ്കൂള്‍ അധ്യാപകനായ എം.എസ്. പദ്മനാഭന് നായരുടേയും സി.കെ. ദേവകി അമ്മയുടേയും മകനാണ്. 40 വര്‍ഷമായി കുമാരമംഗലത്തിന് സമീപത്തെ പെരുമ്പിള്ളിച്ചിറയിലാണ് താമസം. തൊടുപുഴ ഗവ. ഹൈസ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം എംജി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഫിസിക്സ് ബിരുദവും കരസ്ഥമാക്കി. വിദ്യാഭ്യാസ കാലത്ത് തന്നെ ആര്‍എസ്എസുമായി അടുപ്പം തുടങ്ങി. ഫിസിക്സില്‍ ബിരുദം നേടിയ ശേഷം അധ്യാപകനായി കുറച്ചുകാലം തൊടുപുഴ മണക്കാട് എന്‍എസ്എസ് സ്കൂളില്‍ ജോലി ചെയ്തു. ആര്‍എസ്എസുമായുള്ള അടുപ്പത്തില്‍ 1957 ല്‍ പ്രചാരകനായി. ഈ കാലത്താണ് കേസരി വാരികയില്‍ ആദ്യ ലേഖനം പ്രസിദ്ധീകരിക്കുന്നത്. 1967 ല്‍ ഭാരതീയ ജനസംഘം സംഘടനാ ചുമതലയിലേക്കെത്തി.
1979 സപ്തംബര്‍ 16ന് ആയിരുന്നു വിവാഹം. എറണാകുളം പച്ചാളം സ്വദേശിനിയായ എം.എ. രാജേശ്വരിയെ എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ വച്ചാണ് ജീവിതസഖിയാക്കിയത്. മൂത്തമകന് മനു നാരായണന് അമേരിക്കയിലെ നാഷ് വില്ലിലെ ജാക്സണ് ഇന്‍ഷുറന്‍സില്‍ സോഫ്റ്റുവെയര്‍ എന്‍ജിനീയറാണ്. ഭാര്യ നീനു. ആമിയും അമേയയുമാണ് ഇവരുടെ മക്കള്‍. ഇരുവരും വിദ്യാര്‍ത്ഥിനികളാണ്. രണ്ടാമത്തെ മകന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ അനു നാരായണന്. ഭാര്യ പ്രീനാ ലക്ഷ്മി, കുമാരമംഗലം ദി വില്ലേജ് ഇന്റര്‍ നാഷണല്‍ സ്കൂളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി നോക്കുന്നു. ഇവരുടെ മകള്‍ ഈശ്വരി വിദ്യാര്‍ത്ഥിനിയാണ്.
ദിനചര്യ ഏത് തരത്തിലാണ്, വായന എത്ര സമയം നീളും?
ദിവസവും ചുരുങ്ങിയത് 5 മണിക്കൂര്‍ വരെ വായന പതിവ്. രാവിലെ 6 മണിക്ക് മുന്‍പായി എഴുന്നേല്ക്കും. 7 മുതല്‍ 8.30 വരെ പത്രവായന. 8.30ന് പ്രഭാത ഭക്ഷണത്തിന് ശേഷം പത്രവായന തുടരും. ഇടയ്ക്ക് മറ്റ് പുസ്തകങ്ങളും വായിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഭക്ഷണത്തിനിടെ ടിവി കാണുന്ന പതിവുണ്ട്. പതിവായി ഉച്ചയുറക്കമില്ല, ക്ഷീണം മൂലം കിടന്നാലും പുസ്തകം വായിക്കുന്നതാണ് ശീലം. വൈകിട്ട് മഴയില്ലെങ്കില്‍ കുറച്ച് നേരം വീടിന് പുറത്തേക്ക് അരമണിക്കൂര്‍ നടക്കാനിറങ്ങും.
മടങ്ങിയെത്തി സന്ധ്യയ്ക്ക് നാമം ചൊല്ലല്‍. ഏകാത്മതാ സ്തോത്രവും സംഘപ്രാര്‍ത്ഥനയും ഇതില്‍ ഉള്‍പ്പെടും. പിന്നീട് കുറച്ച് നേരം വാര്‍ത്തകള്‍ കാണും. അത്താഴം കഴിച്ച ശേഷം 9 മണിയോടെ പുസ്തകം വായിക്കാന്‍ ഇരിക്കും. 10 മണിയോടെ ഉറങ്ങാന്‍ കിടക്കും. എല്ലാ മാസവും വീട്ടിലെത്തുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ മുടങ്ങാതെ വായിക്കും. വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി പോകാനും സമയം കണ്ടെത്തും.
ശേഖരത്തില്‍ ആകെ എത്ര പുസ്തകങ്ങളുണ്ട്, ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ടോ?
വര്‍ഷങ്ങളെടുത്ത് ശേഖരിച്ചത് ആയിരത്തോളം പുസ്കങ്ങളാണ്. ഇതില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പഴയ ലിപിയില്‍ എഴുതിയ പുസ്തകങ്ങളുമുണ്ട്. പുതിയ ലിപി വഴങ്ങില്ല, പഴയ ലിപിയിലാണ് ഇപ്പോഴും എഴുത്തുകള്‍. പുസ്തകങ്ങളെല്ലാം എഴുത്തുമുറിയിലെ അലമാരകളില്‍ ഭംഗിയായി അടുക്കി സൂക്ഷിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നും പോലും വായിക്കാത്തതില്ല. ഒരിക്കല്‍ വായിച്ചവ ഉപേക്ഷിക്കില്ല. ഇടവേളകളില്‍ ഇവ വീണ്ടും വായിക്കും. എഴുത്തച്ഛന്, ഹരിയേട്ടന്, പരമേശ്വര്‍ജി, അക്കിത്തം എന്നിവരുടെ പുസ്തകങ്ങളും ഇടയ്ക്ക് വായിക്കും. സഞ്ജയനും വികെഎനുമാണ് ഇഷ്ടപ്പെട്ട ഹാസ്യസാഹിത്യകാരന്മാര്‍. റഫറന്‍സിനായും പുസ്കങ്ങള് വായിക്കാറുണ്ട്. അടുത്തിടെയായി മൊബൈല്‍ ഫോണ്‍ വീഡിയോകള്‍ കാണാനായി ഉപയോഗിക്കാറുണ്ട്. ടി.ജി. മോഹന്‍ദാസ്. അഡ്വ. ജയശങ്കര്‍ എന്നിവരുടെ വീഡിയോകളാണ് കൂടുതല്‍ ഇഷ്ടം. ഇഷ്ട വിനോദം ക്രിക്കറ്റാണ്. തലശേരിയില്‍ പ്രചാരകനായിരിക്കെ കൊളക്കോട്ട് ചന്ദ്രശേഖരന് എന്ന ചന്ദ്രേട്ടനില്‍ (മുന്‍ വിഭാഗ് സംഘചാലക്) നിന്നാണ് ക്രിക്കറ്റ് കളിയോടുള്ള ഇഷ്ടം തുടങ്ങുന്നത്. 1983 ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ ജയിക്കുമ്പോള്‍ അത് റേഡിയോയിലൂടെ തത്സമയം കേട്ട അപൂര്‍വം ചില തൊടുപുഴക്കാരില്‍ ഒരാളാണ്.
ഏറ്റവും സന്തോഷം ഉണ്ടായ നിമിഷം ഓര്‍ത്തെടുക്കാമോ?
രണ്ട് പതിറ്റാണ്ട് മുന്‍പ് നാഗ്പൂരില്‍ വച്ച് സംഘവുമായി ആഭിമുഖ്യം പുലര്‍ത്തുന്ന സാഹിത്യകാരന്മാരുടെ യോഗം ചേര്‍ന്നിരുന്നു. കവി അക്കിത്തം അടക്കമുള്ള പ്രമുഖര്‍ അന്ന് കേരളത്തില്‍ നിന്ന് പങ്കെടുത്തു. നാഗ്പൂരില്‍ അക്കിത്തതിന് താമസിക്കാനായി സൗകര്യം ഏര്‍പ്പെടുത്തിയത് ആര്‍എസ്എസിന്റെ മദ്രാസ് സംസ്ഥാനത്തിന്റെ മുന്‍ പ്രാന്തപ്രചാരകിന്റെ ചുമതലയുണ്ടായിരുന്ന പ്രൊഫ. ദത്താജി ഡിഡോല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു. തിരിച്ചെത്തിയ അക്കിത്തം ജന്മഭൂമിയില് വന്നിരുന്നു. ദത്താജിയെ പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം പാടിയ മലയാള ശ്ലോകങ്ങള്‍ കേട്ട് താന്‍ അത്ഭുതപ്പെട്ടതായും, ഇതെല്ലാം എങ്ങനെ പഠിച്ചുവെന്ന ചോദ്യത്തിന് കേരളത്തില്‍ ഉണ്ടായിരുന്ന നാരായണന് എന്ന പ്രചാരകനാണ് തന്നെ ഇത് പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാരഡി ശ്ലോകങ്ങള്‍ പോലും തെറ്റില്ലാതെ കൃത്യമായി അദ്ദേഹം പാടി. ശ്ലോകങ്ങളിലെ അക്ഷര സ്ഫുടതയും അത് വ്യാഖ്യാനിക്കാനുള്ള കഴിവും തന്നെ പിടിച്ചിരുത്തിയതായും അക്കിത്തം പറഞ്ഞു. ഈ സംഭവം പതിറ്റാണ്ടുകള്‍ നീണ്ട സംഘജീവിതത്തില്‍ വലിയ അഭിമാനവും സന്തോഷവും ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ 10 വര്‍ഷക്കാലത്തോളം ദത്താജി ഡിഡോല്‍ക്കര്‍ കേരളത്തിന്റെ ചുമതലയിലുണ്ടായിരുന്നു. ഈ സമയത്താണ് അദ്ദേഹം മലയാളം പഠിച്ചത്.
ജന്മഭൂമിയിലേക്ക് എത്തിയത് എങ്ങനെയാണ്?
ഞാന്‍ ജന്മഭൂമിയിലേക്ക് എത്തിയതല്ല, ജന്മഭൂമി എന്നെ തേടി എത്തിയതാണ്. 1967 ല്‍ ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് നടന്നു. ഈ യോഗത്തിന് ശേഷം ജനസംഘത്തിന്റെ സംസ്ഥാന സമിതി യോഗം തലശ്ശേരിയില്‍ കൂടി. യോഗത്തില്‍ ദക്ഷിണ മേഖല സംഘടന കാര്യദര്‍ശിയായിരുന്ന കെ. രാമന് പിള്ള ഒരു മാധ്യമം നമ്മുക്ക് വേണമെന്ന അഭിപ്രായം മുന്നോട്ട് വച്ചു. അക്കാലത്തുണ്ടായിരുന്നത് കേസരി എന്ന വാരികമാത്രമാണ്. മാധ്യമം വേണ്ടതാണെന്നും കുറച്ച് കൂടി സമയം കാത്തിരിക്കേണ്ടി വരുമെന്നും അന്ന് പി. പരമേശ്വരന് പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ ജനസംഘത്തിന് അന്നത് ചെയ്യാനായില്ല. അധികം വൈകാതെ ജനസംഘപത്രിക (പുസ്തക രൂപത്തിലുള്ളത്) എന്ന പേരില്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി ഒരു പ്രസിദ്ധീകരണം പുറത്തിറക്കിയിരുന്നു. അതിന് ചുക്കാന്‍ പിടിക്കാനുള്ള അവസരം ലഭിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കണ്ണൂരില്‍ വച്ച് സംസ്ഥാനതലത്തിലൊരു സമ്മേളനം നടന്നു. ഇത് വലിയ വിജയമായതോടെ തലശ്ശേരിയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശി എന്ന ചുമതല നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയൊരു മാധ്യമം തുടങ്ങുക എന്നെ ഉത്തരവാദിത്വം എന്നിലേക്കെത്തുകയായിരുന്നു.
ഏത് തരത്തിലാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്?
ആദ്യം കോഴിക്കോട് കേന്ദ്രമായി കുറച്ച് ആളുകളെ ചേര്‍ത്ത് മാതൃകപ്രചരണാലയം എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ചു. ഡയറക്ടറായി ദത്താത്രേയ റാവുവിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയത്. 1970 ആദ്യമാണ് ആലോചന തുടങ്ങിയത്. പിന്നീട് സംസ്ഥാനത്തെമ്പാടും നടന്ന് പ്രവര്‍ത്തന മൂലധനം ശേഖരിച്ചു. പത്രത്തിന്റെ പേര് ഏത് തരത്തില്‍ വേണമെന്ന ആലോചന വന്നു. ഈ സമയത്ത് തൃശൂരില്‍ ജന്മഭൂമി എന്ന പേരില്‍ ഒരു മാസിക ഇറങ്ങിയിരുന്നു. പിന്നീട് ഇവിടെ എത്തി പണം നല്കി ജന്മഭൂമി എന്ന പേര് രജിസ്ട്രാര്‍ ചെയ്ത് തീറുവാങ്ങി. കോഴിക്കോടെത്തി എഡിഎമ്മിനെ കണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രിന്റിങ്ങിന് തുടക്കം കുറിച്ചു. പത്രാധിപരായി കണ്ണൂര്‍ സ്വദേശി പി.വി.കെ. നെടുങ്ങാടിയും സബ് എഡിറ്ററായി പുത്തൂര്‍മഠം ചന്ദന്‍, കക്കട്ടില്‍ രാമചന്ദ്രന് തുടങ്ങിയവരുമെത്തി. 1975ല്‍ സായാഹ്നപത്രമായി ജന്മഭൂമി പുറത്തിറങ്ങി. പാലക്കാട് മുതല്‍ കണ്ണൂര്‍ വരെ അന്ന് പത്രമെത്തി. അച്ചടിക്കുന്ന പത്രങ്ങളെല്ലാം അന്ന് പൂര്‍ണ്ണമായും വിറ്റുപോയിരുന്നു. തങ്ങളെ അറസ്റ്റ് ചെയ്യുന്നതു വരെ പത്രം പുറത്തിറങ്ങി.
അടിയന്തരാവസ്ഥ കാലത്തെ ജയി ല്‍ വാസം എത്രമാസം നീണ്ടുനിന്നു?
1975 ജൂണ്‍ 2ന് അര്‍ദ്ധരാത്രിയോടെ കോഴിക്കോട് അലങ്കാര്‍ ലോഡ്ജിലെ താമസിച്ചിരുന്ന മുറിയില്‍ എത്തിയാണ് അടിയന്തരാവസ്ഥ കാലത്ത് താന്‍ ഉള്‍പ്പെടുന്നവരെ പിടികൂടിയത്. പലരേയും ഷര്‍ട്ട് ഇടാന്‍ പോലും സമ്മതിച്ചില്ല. കൈകള്‍ പിന്നിലേക്ക് കെട്ടി, കണ്ണും മൂടികെട്ടിയാണ് കൊണ്ടുപോയത്. ജനസംഘത്തിന്റെ യോഗം ചേരാനായി എത്തിയവരടക്കം 30 ഓളം പേരെയാണ് ഇവിടെ നിന്ന് പിടികൂടിയത്. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്റെ ലോക്കപ്പില്‍ രാത്രി 12 മണിയോടെ എത്തി. പിറ്റേന്ന് വൈകിട്ട് ആണ് എല്ലാവര്ക്കും ഭക്ഷണം പോലും കഴിക്കാന്‍ പറ്റിയത്, ഞാന്‍ കൈയില്‍ സൂക്ഷിച്ച പണമാണ് ഇതിനായി അന്ന് നല്‍കിയത്. അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി കോഴിക്കോട് സ്പെഷ്യല്‍ സബ് ജയിലേക്ക് തന്നെ മാറ്റി. പല കേസിലാണ് അറസ്റ്റ് നടന്നത്. ജയിലില്‍ എത്തിയ ശേഷം വാര്ഡന്മാരോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വസ്ത്രങ്ങള്‍ പോലും എടുക്കാനായത്.
രണ്ട് ദിവസം കഴിഞ്ഞ റേഡിയോയിലൂടെയാണ് സംഘത്തെ നിരോധിച്ച വിവരം അറിഞ്ഞത്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് ഹെഡ് പോസ്റ്റോഫീസിന്റെ മതിലില്‍ ഭാരത് മാതാ കീ ജയ്, ഇന്ദിര ഗാന്ധി ഗോ ബാക്ക് എന്ന് എഴുതിയതാണ് തങ്ങള്‍ക്കെതിരെയുള്ള കേസെന്ന് അറിയുന്നത്. ഇതിലെ സാക്ഷികള്‍ പോലും വ്യാജമായിരുന്നു. പിന്നീട് ഒക്ടോബര്‍ 25ന് ആണ് പുറത്തിറങ്ങാനായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പലയിടങ്ങളിലായി മാറി മാറി താമസിച്ചു. പിന്നീട് പത്രം വീണ്ടും തുടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും ജന്മഭൂമിയെന്ന പേര് കിട്ടിയില്ല. മാസങ്ങള്‍ നീണ്ട പ്രയത്നത്തിന് ശേഷം പേര് വീണ്ടെടുത്ത് കൊച്ചിയില്‍ നോര്‍ത്ത റെയില്‍വേ സ്റ്റേഷന് സമീപത്തെ പഴയ ഹോട്ടല്‍ പ്രവര്‍ത്തിച്ച മുറിയില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് പ്രസ് വാങ്ങി ഇവിടെ എത്തിച്ചു. 1985 ലാണ് എളമക്കര പൊറ്റക്കുഴിയില്‍ നിലവിലിരിക്കുന്ന സ്ഥലം വാങ്ങിയത്. പിന്നീട് 1990 കാലഘട്ടത്തില്‍ 60 ലക്ഷത്തോളം രൂപ ലോണും മറ്റുമായി മുടക്കി വലിയ കെട്ടിടവും പ്രസ്സും അടങ്ങുന്ന സംവിധാനം തുടങ്ങുകയായിരുന്നു. അക്കാലത്ത് രാജ്യത്തെ തന്നെ ഏറ്റവും മുതല്‍ മുടക്കിയ ഒരു സംഘപ്രസ്ഥാനവും ഇതായിരുന്നു. ഇന്നത്തെ അതിന്റെ വളര്‍ച്ചയില്‍ ഏറെ സന്തോഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: