കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡ് സജ്ജമാക്കുന്നതിൽ വീഴ്‌ച്ച സംഭവിച്ചെന്ന് ആരോപണം. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മലപ്പുറം സ്വദേശിയായ പതിനാലുകാരനെ മാറ്റിയിരുന്നു.
എന്നാൽ, മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നതിന് കാലതാമസം നേരിട്ടതോടെ രോഗബാധിതനായ കുട്ടി അര മണിക്കൂറോളം ആംബുലൻസിൽ കാത്തിരിക്കേണ്ടി വന്നു. മെഡിക്കൽകോളേജിൽ കുട്ടിയെ പ്രവേശിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയാണ് ഐസൊലേഷൻ വാർഡൊരുക്കുന്നത് താമസിപ്പിച്ചത്. ഐസൊലേഷൻ വാർഡാക്കിയ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പേവാർഡ് സജ്ജീകരിക്കാനാണ് താമസമുണ്ടായത്.
കുട്ടിയെ മാറ്റുന്നതിനായി മെഡിക്കൽ കോളേജ് അധികൃതർക്ക് അറിയിപ്പ് ലഭിക്കാൻ വൈകിയതും കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്.) നിസ്സഹകരണവുമാണ് കാലതാമസം ഉണ്ടാക്കിയത്. ഒടുവിൽ ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിച്ചാണ് നിപ ബാധിതനായി ഐസൊലേഷൻ വാർഡ് സജ്ജമാക്കിയത്. ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാൻ കാലതാമസം നേരിട്ടത്.
കോവിഡ് കാലത്തിനുശേഷം മാസങ്ങളായി പൂട്ടിക്കിടന്ന ഐസൊലേഷൻ വാർഡ് പിന്നീടാണ് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയത്. അടിയന്തര സാഹചര്യത്തിൽ കെ.എച്ച്.ആർ.ഡബ്ല്യു.എസ്. വരുത്തിയ അലംഭാവമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഐസൊലേഷൻ വാർഡാക്കുന്നതോടെ വരുമാന നഷ്ടമുണ്ടാകുമെന്നതാണ് കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ നിസ്സഹകരണത്തിന് കാരണമായത്. ഇവർക്കുകീഴിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് കെ.എച്ച്.ആർ.ഡബ്ല്യു.എസ് തന്നെയാണ്.
ഇവർ താക്കോൽ നൽകാൻ തയ്യാറാവാതിരുന്നിട്ടും തിരുവനന്തപുരത്തുനിന്ന് ആരോഗ്യവകുപ്പധികൃതർ ഇടപെടാൻ തയ്യാറാവാതിരുന്നതും സമയനഷ്ടമുണ്ടാക്കി. ഒടുവിൽ പൂട്ട് പൊളിക്കുകയായിരുന്നു.ഇതുകാരണം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ മൂന്നുമണിക്കൂറോളം പി.പി.ഇ. കിറ്റിട്ട് ഇരിക്കേണ്ട സാഹചര്യവുമുണ്ടായി. രോഗബാധിതനായ കുട്ടിയോടൊപ്പം കൊണ്ടുവന്ന ബന്ധുക്കളും മറ്റൊരു ആംബുലൻസിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: