‘ഒരു കൈകൊടുക്കുന്നത് മറുകൈ അറിയരു’തെന്നായിരുന്നു ഒരുകാലത്തെ ദാനശാസ്ത്രം. അത് ഇരുകൈയും കൊട്ടി, പോരാത്തതിന് ചെണ്ടമേളവും കൂട്ടി അറിയിക്കുന്ന കാലമാണിന്ന്. അതിന് കാരണവുമുണ്ട്, ഒരുപക്ഷേ യുക്തിയുമുണ്ട്. കൊടുക്കുക, ത്യജിക്കുക, സേവനം ചെയ്യുകയെന്ന ധര്‍മ്മത്തിന്റെ അളവും തോതും സമൂഹത്തില്‍ കുറഞ്ഞുകുറഞ്ഞു വരുമ്പോള്‍, ചിലര്‍ ത്യാഗമനോനിലയില്‍ സേവനത്തിനും കൊടുക്കലിനും തയ്യാറാവുന്നുവെന്നത് പരക്കെ അറിയിക്കുന്നതുവഴി മറ്റുചിലര്‍ക്ക് പ്രേരണയാകുന്നുവെങ്കില്‍ അത് ഗുണപരമാണല്ലോ. അതിനാല്‍ കൊടുക്കലിനെ സഹായവും സേവനവുമായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നത് തെറ്റല്ലതന്നെ. ഓരോ കാലത്ത് ഓരോ പുതുമയുള്ള രീതികള്‍ വേണ്ടിവരുമല്ലോ.
പക്ഷേ വഴിയില്‍ കളഞ്ഞുകിട്ടിയ പൊതി ഉടമയ്‌ക്ക് തിരികെ കൊടുത്തതിന് അവാര്‍ഡ് പ്രഖ്യാപിക്കുന്ന കാലം ഉണ്ടാവുന്നത് അപകടകരവുമാണ്. കാരണം, തന്റേതല്ലാത്തത് ഉടമയ്‌ക്ക്, അര്‍ഹതപ്പെട്ടവര്‍ക്ക്, നല്‍കുന്നതും നല്‍കാന്‍ സഹായിക്കുന്നതും സ്വധര്‍മ്മമാണ് ഓരോരുത്തരുടേയും.
എന്നാല്‍, ഈ കൊടുക്കലിനും അതിന് സ്വരൂപിക്കലിനും പ്രേരകരും സംയോജകരുമായി വരുന്ന ‘നന്മമരങ്ങള്‍’ മുള്ളുവള്ളികള്‍ പടര്‍ന്നുള്ളവയാകുന്നത് അപകടവുമാണ്. ‘നന്മമരങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധരായവരില്‍ ചിലരെങ്കിലും കുപ്രസിദ്ധരായി പിന്നീട് മാറുമ്പോള്‍ നന്മയെപ്പോലും ആരും സംശയത്തോടെ നോക്കിക്കാണുന്ന സ്ഥിതിയുണ്ടാകുന്നുവെന്നതാണ് അതിലെ അപകടം. ഒറ്റപ്പെട്ടതും ‘ഒറ്റത്തടി’യുമായ ‘നന്മമരങ്ങള്‍’ക്കു പകരം നാടെങ്ങും ‘നന്മവനം’ വളര്‍ത്താന്‍ എന്തുണ്ട് വഴിയെന്ന ചിന്തയിലേക്ക് തിരിയുകയാണ് അതിന് പരിഹാരം. അപ്പോള്‍ ഇടനിലക്കാരില്ലാതെ സേവനം നേരിട്ട് സമൂഹത്തിന് ലഭിക്കും. സമൂഹം സമൂഹത്തിന് ചെയ്യുന്ന സേവനമായി ആ കൊടുക്കല്‍ വാങ്ങലുകള്‍ മാറും. അതിനുള്ള വിശാല ബോധത്തിലേക്ക് സമൂഹ മനസ്സിനെ നയിക്കാന്‍ കഴിയുന്ന തരത്തില്‍ ദാനകര്‍മ്മത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ എല്ലാത്തരത്തിലും സ്വാഗതം ചെയ്യപ്പെടുകതന്നെ വേണം.
ദാനം, അതൊരു ധര്‍മ്മമായി, സേവനത്തിന്റെ രൂപത്തില്‍ ആവിഷ്‌കരിക്കാന്‍ വേണ്ടുന്ന ബോധം സമൂഹത്തില്‍ വളര്‍ത്തുകയെന്നതാണ് എളുപ്പമല്ലാത്ത കാര്യം. എന്നാല്‍ അതാണു വേണ്ടുന്നതും. ഉദാഹരണത്തിന് ആസന്നമരണാവസ്ഥയിലായിരിക്കുന്ന രോഗിക്ക് വേണ്ടി വന്‍തുക പിരിച്ചെടുക്കാന്‍ ‘ചലഞ്ചു’കളും ‘ആഹ്വാന’ങ്ങളും ‘വഴിപ്പിരിവു’കളും നടത്തുമ്പോള്‍ കോടികള്‍ മണിക്കൂറിനുള്ളില്‍ സമാഹരിക്കാന്‍ ഒന്നിക്കുന്നവര്‍ ഏറെയുണ്ട്. അവരുടെ നല്ല മനസ്സിന് നമസ്‌കാരം പറയണം. പക്ഷേ, ആഴ്ചതോറും അല്ലെങ്കില്‍ മാസംതോറും ഇത്തരമൊരു സേവനത്തിന്, ചികിത്സാസഹായ വിതരണത്തിനായിക്കൊള്ളട്ടെ, സ്ഥിരം സംഭാവന നല്‍കാന്‍ എത്രപേര്‍ മുന്നിട്ടിറങ്ങും? ആരും ചെയ്യുന്നില്ലെന്നല്ല, അങ്ങനെയുള്ള സുമനസ്സുകളുടെ സഹായംകൊണ്ട് രാജ്യത്ത് എത്രയെത്ര സ്ഥാപനങ്ങള്‍ സംവിധാനക്രമത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നോ! എത്രകോടിപ്പേര്‍ക്ക് സഹായങ്ങള്‍ വിവിധ തരത്തില്‍, പല പല ആവശ്യങ്ങള്‍ക്കായി ലഭിക്കുന്നുണ്ടെന്നോ! പക്ഷേ, സമൂഹത്തില്‍ ഇത്തരത്തില്‍ ആവശ്യക്കാര്‍ക്ക്, അവര്‍ അശരണരാണെന്ന് സ്വയം ലോകത്തോട് വിളിച്ചുപറയാതെ, സഹായം നല്‍കുന്ന ഒരു സംവിധാനം സമൂഹത്തില്‍ ഉണ്ടാവേണ്ടതല്ലേ? ആ സഹായം അയാളുടെ ‘മരണക്കിടക്ക’യില്‍ കിട്ടുന്നതിനുമുമ്പ് ലഭ്യമാകേണ്ടതല്ലേ? അതിനെന്താണ് വഴിയെന്ന കണ്ടെത്തലിന് കൂട്ടായ ചിന്തയും ചര്‍ച്ചയുമാണ് ഇന്നത്തെ ആവശ്യം.
ശരിയാണ്, അപൂര്‍വരോഗം ബാധിച്ചവര്‍ക്കും അതിസാധാരണ രോഗം മൂര്‍ച്ഛിച്ചവര്‍ക്കും വേണ്ടി കോടികള്‍ പിരിച്ചെടുക്കുന്ന കൂട്ടുചേരലുകള്‍ ധാരാളമുണ്ട്. പക്ഷേ, അതിനു പിന്നില്‍ ‘നന്മമരങ്ങ’ളെന്നു പേരൊട്ടിച്ച ‘പാഴ്മര’ങ്ങള്‍ ഉണ്ടാകുന്നുവെന്നതാണ് അപകടം. അതില്‍ ചില ‘പാഴുകളെ’ മാത്രമേ സമൂഹം വല്ലപ്പോഴുമെങ്കിലും തിരിച്ചറിയുന്നുള്ളൂ. അത് വ്യക്തിതലത്തില്‍ മാത്രം. ശ്രദ്ധിച്ചിട്ടുണ്ടാകും പലരും, ചില സംഭവങ്ങളില്‍ ചില ആശുപത്രികള്‍ പോലും ഇത്തരത്തിലുള്ള ‘പിരിവു’ സംരംഭങ്ങളുടെ പിന്നിലുണ്ടെന്ന് അറിയുമ്പോള്‍ ആരാണ് അമ്പരക്കാത്തത്? ഏത് സുമനസ്സാണ് അറയ്‌ക്കാത്തത്, മടിക്കാത്തത്? അവിടെയാണ് അപകടങ്ങള്‍. പിന്നെയുമുണ്ട് പ്രശ്‌നങ്ങള്‍. ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ വേണോ ബസ്സു വേണോ എന്ന് ചോദിച്ചാല്‍ കാത്തിരിപ്പു കേന്ദ്രങ്ങള്‍ മതിയെന്നു പറയുന്ന മാനസികാവസ്ഥയിലേക്ക് സമൂഹത്തെ മാറ്റിക്കഴിഞ്ഞിരിക്കുന്നു കാലം. ആവശ്യത്തിന് ബസ്സുകള്‍ ഓടുന്നെങ്കില്‍ കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് പരിമിതമായ സൗകര്യം മതി. പകരം ഫൈവ്സ്റ്റാര്‍ സംവിധാനത്തില്‍ ബസ്സ് വെയിറ്റിങ് ഷെഡ്ഡുണ്ടാക്കാന്‍ വികസന ഫണ്ട് മുടിക്കുന്നവരുടെ കൂട്ടപ്പാട്ടുകളാണ് പുരോഗമനഗീതമായി ഇന്ന് ഉയരുന്നത്. വെട്ടവും വെളിച്ചവും ആവശ്യത്തിനുള്ള നഗര കവലയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് സ്വന്തം പേരെഴുതിയ ബോര്‍ഡും വയ്‌ക്കുമ്പോഴാണ് സേവനവും ദാനവും കൊടുക്കലും ത്യജിക്കലും പൂര്‍ണഫലവത്താകുന്നതെന്ന് തെറ്റിദ്ധാരണ വന്നാല്‍ സമൂഹം പരാജയപ്പെടുകതെന്ന ചെയ്യില്ലേ!
സമൂഹങ്ങളുടെ സംഘാതമായി രാജ്യം വളര്‍ന്നുനില്‍ക്കുമ്പോള്‍ സര്‍വര്‍ക്കും ശ്രദ്ധ നല്‍കി ക്ഷേമം ഉറപ്പാക്കുക ഒരു സര്‍ക്കാരിനും എക്കാലത്തും സാധ്യമല്ലതന്നെ. ഏറിയാല്‍ രണ്ടോ മൂന്നോ തവണ, അവിടെ തീരും ആ ശൂരത്വം. അവിടെയാണ് സമൂഹവും വ്യക്തിയും സജ്ജരാകേണ്ടത്. അതിനാണ് അതിസൂക്ഷ്മതലത്തില്‍ ഇത്തരം കാര്യങ്ങളിലും മേഖലയിലും ആശയസമ്പുഷ്ടമായ ആവിഷ്‌കാരസാധ്യമായ ആസൂത്രണങ്ങള്‍ ഉണ്ടാകേണ്ടത്. കഴിഞ്ഞ രണ്ട് ആഴ്ചകളിലെഴുതിയ ‘നിരീക്ഷണ’ങ്ങളില്‍ ചര്‍ച്ച ചെയ്തതും ഈ ആശയമായിരുന്നു. സേവനത്തിന് സമൂഹത്തെ സജ്ജമാക്കുന്ന വിഷയം. അവിടെ മനസ്സും സമയവും സമര്‍പ്പിക്കുന്നതോടൊപ്പം സാമ്പത്തിക സമര്‍പ്പണ മനസ്സുള്ളവരുടെ ആത്മാര്‍പ്പണംകൂടി ചേര്‍ത്തുവായിച്ചാല്‍ ഭദ്രമായി. സര്‍വര്‍ക്കും സര്‍ക്കാര്‍ ചികിത്സയും ആരോഗ്യ സംരക്ഷണ സഹായവും നല്‍കുന്ന ഒരു പദ്ധതി ഭാരതം പോലെ 140 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് എന്ന് എങ്ങനെ കുറ്റമറ്റതായി നടപ്പാക്കാനാകുമെന്ന് ചോദിച്ചാല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമായ 2047 ല്‍ എന്നൊക്കെ വിഭാവനം ചെയ്യാമെന്ന് മാത്രം. അത് സര്‍ക്കാരിന്റെ മാത്രം ചുമതലയല്ലാതാക്കിമാറ്റി അതത് പ്രദേശത്തെ ചെറുസമൂഹങ്ങള്‍ ഏറ്റെടുത്താല്‍ ഒരുപക്ഷേ കൈയെത്തും ദൂരത്ത് സാദ്ധ്യമാവുന്നതുമാണ്. ഇത് ചികിത്സാ ആരോഗ്യ സംരക്ഷണ രംഗത്തു മാത്രമല്ല, സര്‍വ്വരും അന്തസ്സോടെ ജീവിക്കുന്ന ഒരു സാമൂഹ്യക്രമം നടപ്പാക്കാന്‍ ഏതൊക്കെ മേഖലയില്‍ ആവശ്യമാണോ അവിടെയെല്ലാം പ്രാവര്‍ത്തികമാക്കാവുന്നതേയുള്ളൂ. അര്‍ബുദങ്ങള്‍ ബാധിച്ച് അവയവം അറുത്തുമാറ്റേണ്ടിവരുന്നതിനു മുമ്പ്, രോഗിയേയും രോഗം ബാധിക്കാനിടയുള്ളവരേയും കണ്ടെത്തുന്ന കാലത്തേ അത്തരം ചിന്തകള്‍ കര്‍മ്മപഥത്തിലെത്തിക്കാനാവൂ.
ഇവിടെ, മുമ്പൊരിക്കല്‍ പറഞ്ഞത് ആവര്‍ത്തിക്കട്ടെ; ആര്‍ഭാടവും ആഡംബരവും ആവശ്യവും തമ്മില്‍ വേര്‍തിരിച്ചറിയേണ്ടതുണ്ട്, അത് അടിസ്ഥാന പ്രമാണമാണ്. അത്തരമൊരു ബോധത്തില്‍ നിന്നാണ്, വാതരോഗബാധിതനായിരുന്നുവെന്ന് കരുതപ്പെടുന്ന സംസ്‌കൃത പണ്ഡിതന്‍ കവി മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ ഇരുന്നെഴുതിയ ‘നാരായണീയ’ത്തിന്റെ അവസാന ശ്ലോകത്തില്‍ അവസാന വരിയില്‍ അവസാന സമസ്തപദമായി ‘ആയുരാരോഗ്യ സൗഖ്യം’ എന്ന് ചേര്‍ത്തത്. ലൗകിക ജീവിത രോഗത്തിന്റെ ചികിത്സയായിരുന്നു മേല്‍പ്പുത്തൂരിന്റെ ‘നാരായണീയം.’ അതില്‍ ആയുസ്സ് മാത്രമല്ല, ആരോഗ്യവും, സുഖാവസ്ഥയും പ്രാപിക്കാന്‍ പ്രാര്‍ത്ഥനയുണ്ട്. അത് സമൂഹത്തിനുള്ള പാഠംകൂടിയാകുന്നത് അങ്ങനെയാണ്; അതില്‍ ഭക്തിയും വിശ്വാസവും ആശ്വാസത്തിന്റെ മേമ്പൊടിയായി വേദാന്ത രൂപത്തില്‍ ചേര്‍ത്തിരിക്കുന്നുവെന്നുമാത്രം.
വേദാന്തത്തിനൊപ്പം ഏറ്റവും പുതിയ നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രയോഗത്തെക്കുറിച്ചുകൂടി ചേര്‍ത്തുവെക്കുക. 65 വയസ്സു കഴിഞ്ഞാല്‍ ഞാന്‍ എങ്ങനെയായിരിക്കും, എന്റെ ജീവിത സാഹചര്യമെങ്ങനെയായിരിക്കും എന്ന് നാം ഈ നിര്‍മിത ബുദ്ധിയോടു ചോദിച്ചുനോക്കുക. അതിലെ നേട്ടവും കോട്ടവും നിരത്തുന്ന പട്ടിക നോക്കുക. (അവയൊക്കെ സാധ്യതകള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ പ്രത്യേകം ശ്രദ്ധിക്കണം) പക്ഷേ ആ സാധ്യത സംഭവ്യമാകാനും ആകാതിരിക്കാനും മുന്‍കരുതല്‍ വേണമെന്ന തോന്നല്‍ ഉണ്ടായാല്‍ തീര്‍ച്ചയാണ് നമ്മുടെ സേവന- ദാന- ധര്‍മ്മബോധത്തില്‍ മാറ്റമുണ്ടാകും. ആദിശങ്കരന്‍ സഞ്ചാരത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് മനസ്സിലാക്കിയത് അതായിരുന്നു. ബുദ്ധന്‍ ജനപദങ്ങള്‍ തോറും ചുറ്റിത്തിരിഞ്ഞ് തിരിച്ചറിഞ്ഞത് അതായിരുന്നു. ദന്തഗോപുരങ്ങളിലിരിക്കുന്നവരും ഞാന്‍ സുരക്ഷിതനാണെന്ന് കരുതുന്നവരും കണ്‍തുറന്ന് മനസ്സുതുറന്ന് സമൂഹത്തിലേക്ക് ഇറങ്ങുമ്പോള്‍ ഓരോ വ്യക്തിക്കും ഓരോ ചെറുസമൂഹത്തിന്റെയും ആവശ്യകതയും സാധ്യതയും കണ്ടെത്താനാവും, ആവണം. അവിടെ ആരംഭിക്കും സഹകരണത്തിന്റെയും സഹജീവനത്തിന്റെയും വിത്തുപാകല്‍. അത് വഴിയേ ‘നന്മവന’മാകുകതന്നെ ചെയ്യും.
പിന്‍കുറിപ്പ്:
കര്‍ണ്ണാടകത്തിലെ ‘കന്നഡ സംവരണ ബില്‍’ കണ്ണടച്ചു തുറന്നപ്പോള്‍ കാണാതായി. കണ്ണ് വോട്ടില്‍ മാത്രമായാല്‍ കാഴ്ചയെല്ലാം ഹ്രസ്വമാകുമെന്നത് സ്വാഭാവികം
പ്രതികരിക്കാൻ ഇവിടെ എഴുതുക: