ബെംഗളൂരു: ഉത്തര കര്‍ണ്ണാടകയിലെ അങ്കോലയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ ലോറിഡ്രൈവര്‍ അര്‍ജുനെ രക്ഷിയ്ക്കാന്‍ ഞായറാഴ്ച രാവിലെ സൈന്യമെത്തുന്നു. കേന്ദ്രസര്‍ക്കാരും കര്‍ണ്ണാടകയിലെ ബിജെപിയും ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കുടുംബവും സുരേഷ് ഗോപി എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചിരുന്നു.
കര്‍ണ്ണാടകയില്‍ എല്ലായിടത്തുനിന്നും കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വിമര്‍ശനം കിട്ടിയതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിരോധത്തിലായി. മലയിടിഞ്ഞതായുള്ള വാര്‍ത്തകളും ആശങ്കകളും പുറത്തുവന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കര്‍ണ്ണാടക സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തുനിഞ്ഞില്ല. പിന്നീട് സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് വിമര്‍ശനം ശക്തമായത്.
ഏകദേശം ആറ് മീറ്റര്‍ മുതല്‍ ഒമ്പത് മീറ്റര്‍ വരെയാണ് മണ്‍കൂന. അത് നീക്കം ചെയ്യാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഒരു മുന്കയ്യും ഇതുവരെ എടുത്തിട്ടില്ല. ഇനി ഞായറാഴ്ച സൈന്യമെത്തിയ ശേഷമാണ് ഈ മണ്‍കൂന നീക്കം ചെയ്യുക. മണ്കൂനയ്ക്കുള്ളിലെ ലോറിയുടെ സ്ഥാനം റഡാര്‍ കണ്ടെത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. സുരത്കല്‍ എന്‍ഐടിയിലെ വിദഗ്ധരാണ് റഡാര്‍ ഉപയോഗിച്ച് ലോറിയുടെ സ്ഥാനം കണ്ടെത്തിയതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പിന്നീട് ഇത് ലോറിയല്ലെന്നും മണ്ണിനുണ്ണിലെ ഏതോ പാറക്കഷണമാണെന്നും സ്ഥിരീകരിച്ചതോടെ നിരാശ പരന്നു. എന്നാല്‍ രണ്ടാം ഘട്ട റഡാര്‍ പരിശോധനയില്‍ ഒരു സിഗ്നല്‍ ലഭിച്ചതായാണ് പുതിയ വിവരം. നേരത്തെ മറ്റ് മൂന്ന് സിഗ്നലുകളും ലഭിച്ചിരുന്നു. ഇത് അര്‍ജുനെ കണ്ടെത്താനുള്ള സൈന്യത്തിന്റെ ജോലി എളുപ്പമാക്കും.
സമൂഹമാധ്യമങ്ങളില്‍ സിദ്ധരാമയ്യ സര്‍ക്കാരിന് വലിയ വിമര്‍ശനമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജനം വലിച്ചുകീറുകയാണ്. കലക്ടറുടെ റിപ്പോര്‍ട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ സൈന്യത്തിന് കൈമാറി. കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തുന്ന രക്ഷാദൗത്യം പരാജയമാണെന്നും ഏത് നിമിഷവും മണ്ണ് ഇടിഞ്ഞുവീഴാമെന്നുമാണ് കേരളത്തില്‍ നിന്നും രക്ഷാദൗത്യത്തിന് പോയ രഞ്ജിത് ഇസ്രയേല്‍ പറയുന്നത്. ചെളിയും പുതിയ വെള്ളത്തിന്റെ ഉറവകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നു.
അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തരുതെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു കര്‍ണ്ണാടക സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനയും സിദ്ധരാമയ്യയോ ഡി.കെ. ശിവകുമാറോ കേട്ടില്ലെന്ന് മാത്രമല്ല, കേരളത്തിലെയോ കോഴിക്കോട്ടെയോ കോണ്‍ഗ്രസ് നേതാക്കള്‍ക്കെങ്കിലും കര്‍ണ്ണാടകസര്‍ക്കാരിനെക്കൊണ്ട് അത്തരമൊരു തീരുമാനം എടുപ്പിക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്താനായി കേരളത്തില്‍ നിന്നും എത്തിയ സന്നദ്ധപ്രവര്‍ത്തകരെയും ആ പരിസരത്തേക്ക് കടക്കാന്‍ കൂടി കര്‍ണ്ണാടക സര്‍ക്കാര്‍ അനുവദിച്ചില്ല. അതിനിടെ വിവരങ്ങള്‍ ചോദിക്കാന്‍ ചെന്ന അര്ജുന് ഓടിച്ചിരുന്ന ലോറിയുടെ ഡ്രൈവറെ കര്‍ണ്ണാടക എസ് പി തല്ലുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്തായാലും കര്‍ണ്ണാടകത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസിന്റെ മുഖം നഷ്ടപ്പെടുന്ന സംഭവവികാസങ്ങളാണ് അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: