ന്യൂദല്‍ഹി: ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യം വിലയിരുത്തുന്നതിനായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ജമ്മു കശ്മീരിലെത്തി. ജമ്മുവിലെ സൈനികാസ്ഥാനത്തിലെത്തിയ അദ്ദേഹം മേഖലാ കമാന്‍ഡര്‍മാരുമായും സൈനികരുമായും കൂടിക്കാഴ്ച നടത്തി.
ജമ്മു മേഖലയിലെ സ്ഥിതിഗതികള്‍ കരസേനാ മേധാവി വിലയിരുത്തി. സൈന്യം വധിച്ച ഭീകരരില്‍ നിന്ന് യുഎസ് സൈനിക ആയുധങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ക്കൂടിയാണ് സൈനിക മേധാവിയുടെ സന്ദര്‍ശനം. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ താലിബാന്റെ കൈകളിലെത്തിയ ആയുധങ്ങള്‍ പാക് ഭീകരര്‍ വാങ്ങിയെന്ന സംശയം ശക്തമാണ്.
ജമ്മുവിലെ അതിര്‍ത്തി മേഖലകളിലെ സുരക്ഷാ വിലയിരുത്തല്‍ യോഗത്തില്‍ നടന്നു. അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന സൈനിക വിഭാഗങ്ങളുടെ കമാന്‍ഡര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. ജൂലൈ 16ന് ദോദ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ ക്യാപ്റ്റന്‍ ബ്രിജേഷ് താപ്പ അടക്കം നാല് സൈനികരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ കരസേനാ മേധാവി വിലയിരുത്തി.
ഈ മാസം ആദ്യം നിയന്ത്രണ രേഖയിലെ പൂഞ്ച്-രജൗറി സെക്ടറിലും കരസേനാ മേധാവി സന്ദര്‍ശനം നടത്തിയിരുന്നു. ജൂണ്‍ 30ന് കരസേനാ മേധാവി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള രണ്ടാമത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്.
പരിശീലനം ലഭിച്ച കൂടുതല്‍ ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സൈനിക പുനര്‍വിന്യാസമടക്കം കരസേന നടപ്പാക്കുകയാണ്. അഞ്ഞൂറിലേറെ പാരാ സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡോകളെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഭീകരര്‍ക്കായി വന മേഖലകളില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: