തിരുവനന്തപുരം: കേരളത്തിനുള്ള വായ്പാ പരിധിയില്‍ കുറവുവരാന്‍ ഒരു കാരണം കിഫ്ബിയും പെന്ഷന് കമ്പനിയും മുന്‍വര്‍ഷങ്ങളില്‍ എടുത്ത വായ്പ മൂലമാണെന്ന് സമ്മതിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി, പെന്ഷന് കമ്പനി എന്നിവ മുന്‍വര്‍ഷങ്ങള്‍ എടുത്ത വായ്പയുടെ പേരില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും 5710 കോടി രൂപ വീതമാണ് വായ്പയില്‍ കുറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയപാതാ വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട് 6000 കോടി രൂപ നല്‍കേണ്ടി വരുന്ന ഏക സംസ്ഥാനവും കേരളമാണ്. ഇതും കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കുറച്ചിരിക്കുകയാണ്. ഇതിന് തുല്യമായ തുക ഈ വര്‍ഷം ഉപാധിരഹിതമായി കടമെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആകെ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം കേന്ദ്ര ബജറ്റില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേര്‍ത്ത പ്രീ ബജറ്റ് ചര്‍ച്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പിന്നീട് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് കേരളത്തിന്റെ സവിശേഷമായ ചില ആവശ്യങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
2022-23ലെയും 2023-24 ലെയുംകടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള പാക്കേജാണ് ആവശ്യപ്പെട്ടത്. ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനമാണ് നിലവിലെ കടമെടുപ്പ് പരിധി. ഒപ്പം ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട ½ ശതമാനവും ചേര്‍ത്ത് മൂന്നര ശതമാനം കടമെടുപ്പ് അവകാശമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2022-23ല്‍ 2.44 ശതമാനം മാത്രമാണ് എടുക്കാന്‍ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാകട്ടെ 2.88 ശതമാനവും. 14-ാം ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് നിലവിലെ 15-ാം ധനകമ്മീഷന് കാലയളവില്‍ കേന്ദ്ര നികുതി വിഹിതത്തില്‍ പ്രതിവര്‍ഷം 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നു. റവന്യു കമ്മി ഗ്രാന്റ്, ജി.എസ്.ടി നഷ്ടപരിഹാരം എന്നിവ അവസാനിപ്പിച്ചതുവഴിയടക്കം വലിയ തോതിലുള്ള വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായിട്ടുള്ളത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 5000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: