സ്മാള്‍ ക്യാപ് കമ്പനികളുടെ ഓഹരികള്‍ മാത്രം വാങ്ങി സമ്പന്നനാകുന്ന നിക്ഷേപകര്‍ പൊറിഞ്ചുവെളിയത്തിന് നിക്ഷേപമുള്ള കമ്പനിയാണ് കേരള ആയുര്‍വേദ ലിമിറ്റഡ്. എല്ലാ റിസ്കുകളും അറിഞ്ഞ് ഓഹരികള്‍ വാങ്ങുന്ന പൊറിഞ്ചു വെളിയത്തിന് കണക്കുകൂട്ടല്‍ പിഴച്ചുവോ?
ട്രെന്‍ഡ് ലൈന്‍ ജൂണ്‍ ഡേറ്റ അനുസരിച്ച് പൊറിഞ്ചു വെളിയത്ത് ഇപ്പോള്‍ കേരള ആയുര്‍വേദ ലിമിറ്റഡിന്റെ 6,23,000 ഓഹരികള്‍ കൈവശം വെച്ചിട്ടുണ്ട്. ഡിസംബറിലാണ് പൊറിഞ്ചു വെളിയത്ത് കേരളാ ആയുര്‍വേദ ലിമിറ്റഡിലെ ഓഹരി 3.18 ശതമാനത്തില്‍ നിന്നും 4.82 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. ഇപ്പോള്‍ 17 കോടിയുടെ നിക്ഷേപം പൊറിഞ്ചു വെളിയത്തിനുണ്ട്.
എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരള ആയുര്‍വേദ ലിമിറ്റഡിന്റെ ഓഹരി വില താഴുകയാണ്. ഏറ്റവും ഒടുവിലത്തെ ട്രേഡിംഗ് ദിവസമായ വെള്ളിയാഴ്ച വില 10 രൂപ കുറഞ്ഞ് 307 രൂപയില്‍ എത്തി. ഒരു വര്‍ഷം കൊണ്ട് 111 രൂപയില്‍ നിന്നും 408 രൂപയിലേക്ക് ഉയര്‍ന്ന ഓഹരിയാണ് കേരള ആയുര്‍വേദ ലിമിറ്റഡിന്റേത്. പക്ഷെ ആ 408ല്‍ നിന്നാണ് 307ലേക്ക് കൂപ്പുകുത്തിയത്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 47 രൂപ കുറഞ്ഞു. 354 രൂപയില്‍ നിന്നും 307 രൂപയിലേക്ക് ഓഹരി വില തലകുത്തി വീണു. പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത് കേരള ആയുര്‍വേദ ലിമിറ്റഡിന്റെ പ്രൊമോട്ടര്‍മാരില്‍ പ്രമുഖരായ കട്ര ഹോള്‍ഡിംഗ്സ് എന്ന കമ്പനിയുടെ പ്രശ്നങ്ങളാണ്. കേരള ആയുര്‍വേദയുടെ ഇപ്പോഴത്തെ ചെയര്‍മാനായ രമേഷ് വാങ്കലിന്റെ ഉടമസ്ഥതയിലുള്ള കട്ര ഹോള്‍ഡിംഗ്സും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ മൗറീഷ്യസ് ശാഖയും തമ്മിലുള്ള നിയമയുദ്ധമാണ് കേരള ആയുര്‍വേദ ലിമിറ്റഡിനെ ഇരുളിലാഴ്ത്തുന്നത്.
സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡില്‍ നിന്നും രമേഷ് വാങ്കല്‍ വായ്പയെടുത്ത വന്‍തുക തിരിച്ചടക്കുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതിന്റെ പേരില്‍ മൗറീഷ്യസിലെ സുപ്രീംകോടതി രേഷ് വാങ്കലിന്റെ കട്ര ഹോള്‍ഡിംഗ്സിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആസ്തികള്‍ ലിക്വിഡേറ്റ് ചെയ്ത് പണം തിരികെപ്പിടിക്കാനും തീരുമാനിച്ചു. തമിഴ്നാട് മര്‍ക്കന്റയില്‍ ബാങ്കിന്റെ (ടിഎംബി) ഓഹരി വിറ്റകേസിലും വിവാദത്തിലായ ബിസിനസുകാരനാണ് രമേഷ് വാങ്കല്‍. ഈ കേസും മൗറീഷ്യല്‍ കോടതിയിലുണ്ട്.
ഈ സ്ഥിതിവിശേഷത്തില്‍ എന്താകും കേരള ആയുര്‍വേദ ലിമിറ്റഡിന്റെ ഭാവി എന്നതിനെ സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. കാരണം കേരള ആയുര്‍വേദ ലിമിറ്റഡില്‍ 53 ശതമാനം ഓഹരികള്‍ കട്ര ഹോള്‍ഡിംഗ്സിനാണ്. അപ്പോള്‍ കട്ര ഹോള്‍ഡിംഗ്സ് ലിക്വിഡേറ്റ് ചെയ്യുമ്പോള്‍ (ആസ്തുകള് വില്ക്കുമ്പോള്) കേരള ആയുര്‍വേദ ലിമിറ്റഡിന്റ ഓഹരികളും വില്‍ക്കേണ്ടതായി വരും. ഈ ഓഹരികള്‍ ഏറ്റെടുക്കുന്ന സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ തീരുമാനം കേരള ആയുര്‍വേദ ലിമിറ്റഡിന്റെ ഭാവിയെ സ്വാധീനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: