ഡോ. രഞ്ജിത് വിജയഹരി
സംസ്ഥാന അധ്യക്ഷന്‍ ദേശീയ സേവാഭാരതി
ഈ ഭൂമി എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നാണ് സങ്കല്പം. എന്നാല്‍ തലചായ്ക്കാന്‍ ഒരിടം സ്വന്തമായില്ലാത്ത നിരവധി കുടുംബങ്ങളാണ് ഈ കൊച്ചു കേരളത്തില്‍ തന്നെയുള്ളത്. ഒരടി മണ്ണുപോലും വിട്ടുകൊടുക്കാന്‍ മനസ്സില്ലാതെ, എല്ലാം സ്വന്തമാക്കണമെന്ന സ്വാര്‍ത്ഥമോഹത്തിന്റെ പിടിയിലമര്‍ന്നവരുടെ എണ്ണം പെരുകുമ്പോള്‍ അത്ഭുതമാകുന്ന ചിലരുണ്ട്, നമുക്കിടയില്‍. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി ജീവിതത്തില്‍ യാതൊരു ബന്ധവുമില്ലാത്ത, ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ഒരു രൂപ പോലും കൈപ്പറ്റാതെ വിട്ടുകൊടുക്കുന്നവര്‍. യഥാര്‍ത്ഥ സഹജീവി സ്നേഹികള്‍. ത്യാഗം എന്ന വാക്കിന്റെ അര്‍ത്ഥത്തെ പൂര്ണ്ണമാക്കുന്നവര്. അന്നദാനം പോലെ, ഗ്രന്ഥദാനം പോലെ ശ്രേഷ്ഠമാണ് ഭൂദാനവും. നിര്‍ധനര്‍ക്ക് വേണ്ടി ഈ ശ്രേഷ്ഠ കര്‍മ്മം അവര്‍ നിര്‍വഹിക്കുന്നതാകട്ടെ, സേവാഭാരതി എന്ന മഹത്തായ പ്രസ്ഥാനത്തിലൂടെയും.
പതിനായിരങ്ങള്‍ സഹായങ്ങള്‍ക്കായി കൈ നീട്ടുമ്പോള്‍ ആയിരം പേര്‍ക്കെങ്കിലും കൈകൊടുത്ത് താങ്ങായി മാറിയാല്‍ അത് മഹത്തരമാണെന്ന് സുഗതകുമാരി ടീച്ചര്‍ പറയുമായിരുന്നു. സമാജത്തിന്റെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണുന്നതിന്റെ ഭാഗമായി പദ്ധതികള്‍ തയ്യാറാക്കി ജനമധ്യത്തിലെത്തുമ്പോഴാണ് അര്‍ഹതപ്പെട്ട പലരും കേഴുന്നത് കാണുക. ജനപഥത്തിന്റെ പ്രയാണം ശക്തമാകുമ്പോള്‍ സമൂഹത്തിലെ പല വിഭാഗങ്ങളും പാര്ശ്വവല്ക്കരിപ്പെടും എന്നത് ചരിത്രസത്യമാണ്.
തലചായ്ക്കാനൊരിടം എന്ന ഭവനനിര്‍മാണ പദ്ധതി 2018ലെ പ്രളയത്തിനുമുമ്പ് സേവാഭാരതി ഏറ്റെടുത്തതാണ്. ഇതിനകം 826 ഭവനങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിര്‍മിച്ചു നല്കാന് സേവാഭാരതിക്കു സാധിച്ചു. പലര്‍ക്കും ഭവനനിര്‍മാണത്തിന് അവശ്യം വേണ്ടുന്നതായ ഭൂമി സ്വന്തമായി ഇല്ല. ഇതു കാരണം നിര്‍മാണം വൈകുന്നു എന്നതാണ് യഥാര്‍ത്ഥ്യം. ഇതിനാല്‍ സേവാഭാരതി തന്നെ ഭൂമി വിലയ്ക്കുവാങ്ങി ഭവന നിര്‍മാണം നടത്തേണ്ട സഹാചര്യം സംജാതമായി. തൃശൂര്‍ ജില്ലയിലെ കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും ഒലിച്ചുപോയപ്പോള്‍ അവര്‍ക്ക് പുനരധിവാസം നല്കുന്നതിലേക്ക് ഭൂമി വിലയ്ക്കു വാങ്ങിയാണ് 20 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഈ അവസ്ഥയിലാണ് ഏഴ് വര്‍ഷം മുമ്പ് തൃശ്ശൂര്‍ ഇരിങ്ങാലക്കുടക്കു സമീപം പൊറത്തിശ്ശേരി നിവാസികളായ രണ്ട് കുടുംബങ്ങള്‍ ഭൂദാനം എന്ന ആശയത്തിന് നിമിത്തമായത്. ഭൂമി ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് അവര്‍ സേവാഭാരതിയെ സമീപിച്ചത് നിറഞ്ഞ മനസ്സോടെയാണ്. ധനത്തേക്കാള്‍ ധര്‍മ്മത്തിനും, ഭോഗത്തേക്കാള്‍ യോഗത്തിനും സ്വാര്‍ത്ഥതയേക്കാള്‍ നിസ്വാര്‍ത്ഥതയ്ക്കും പുകഴ്പെറ്റ സനാതനധര്‍മ്മത്തിലൂടെ മനുഷ്യജീവിതം സഫലീകരിക്കാം എന്നതിന് മാതൃകയാണ് ഈ രണ്ടു മനുഷ്യര്‍. മാങ്ങ പറിച്ചുവിറ്റ് ജീവിക്കുന്ന സുന്ദരന്‍ പേടിക്കാട്ടുപറമ്പില്‍ 50 സെന്റ് ഭൂമി സേവാഭാരതിക്കു ദാനം ചെയ്തപ്പോള്‍ വനജാ ആണ്ടവന് 47 സെന്റ് ഭൂമിയാണ് ദാനം ചെയ്തത്. വനജയുടെ ഭര്‍ത്താവ് അപകടത്തില്‍പ്പെട്ട് മരിച്ചപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം നിത്യജീവിതം കഴിച്ചുപോകാന്‍ കഷ്ടപ്പെടുന്നതിനിടയിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി ദാനം ചെയ്തത്.
ഈ രണ്ട് സംഭവങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടിയപ്പോള്‍ ക്രമേണ കേരളത്തിലെ മറ്റു ജില്ലകളിലും ഭൂദാനം എന്ന ആശയത്തിനും പ്രചാരം കൈവന്നു. ഭൂദാനം എന്നത് ഏറ്റവും ശ്രേഷ്ഠമാണെന്നതും അത് സേവാഭാരതിക്കുതന്നെ നല്‍കണമെന്നതും എല്ലാ ജില്ലകളിലും തീരുമാനമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. കോട്ടയം ജില്ലയിലാണ് നിലവില്‍ ഭൂദാനം ചെയ്യുന്നവരുടെ എണ്ണം കൂടുതലുള്ളത്. ഇത്തരത്തില്‍ ദാനമായി സമാഹരിച്ച ഭൂമി സേവാഭാരതിയുടെ ആസ്തി വര്‍ദ്ധിപ്പിക്കുക എന്നതില്‍ നിന്നും വഴിമാറി സമാജത്തിനു തന്നെ നല്‍കുമ്പോഴാണ് ശ്രേഷ്ഠമാകുന്നത്. മറ്റ് സംഘടനകളില്‍ നിന്ന് സേവാഭാരതി വേറിട്ടുനില്ക്കുന്നതും ഇതുകൊണ്ടാണ്. സേവാഭാരതി സേവകരെയും സേവിതരെയും ഒരുപോലെ ആദരിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 47 പേര്‍ക്കു ഭൂമി ദാനം ചെയ്യുന്ന സംസ്ഥാന തല ഉദ്ഘാടനത്തിനാണ് ഇന്ന് കോട്ടയത്ത് സമാരംഭം കുറിക്കുന്നത്. തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള ഭൂദാന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
ഭൂദാനവും, തലചായ്ക്കാനൊരിടം ഭവനനിര്‍മാണ പദ്ധതിയും കോര്‍ത്തിണക്കി 2025ല്‍ കേരളത്തില്‍ ആയിരം ഭവനങ്ങളാണ് സേവാഭാരതി ലക്ഷ്യം വയ്ക്കുന്നത്. ഭവന നിര്‍മാണത്തിനു സഹായഹസ്തവുമായി പല സംഘടനകളും ഇതിനകം മുന്നോട്ടു വന്നിട്ടുണ്ട്. ദാനശീലം ഭാരതീയര്‍ക്കു സുപരിചിതവും പാശ്ചാത്യര്‍ക്കു അന്യവുമാണ്. കേരളത്തിലെ തന്നെ നല്ലൊരു ശതമാനം വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നത് സജ്ജനങ്ങള്‍ ദാനം നല്കിയ ഭൂമിയിലാണെന്നത് പലരും മറന്നുപോയ പരമാര്‍ത്ഥമാണ്. ആചാര്യ വിനോബാ ഭാവെ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടത്തിയ ഐതിഹാസികമായ കാല്‍നട യാത്ര നമ്മുടെ മുന്നിലുണ്ട്. 1951-ല്‍ ആരംഭിച്ച് പതിനാലു വര്‍ഷം നീണ്ടു നിന്ന പ്രസ്തുത യാത്ര ഭൂദാനം എന്ന ആശയവുമായിട്ടായിരുന്നു. എഴുപതിനായിരത്തില്‍ പരം കിലോമീറ്റര്‍ ദൂരം വിവിധം സംസ്ഥാനങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ച് സമാഹരിച്ചത് 44 ലക്ഷം ഏക്കര്‍ ഭൂമിയായിരുന്നു. അന്ന് ഭൂരഹിതര്‍ക്ക് വിതരണം ചെയ്തത് ഇന്നും അത്ഭുതമായി അവശേഷിക്കുന്നു. ഒരു തുണ്ട് ഭൂമിക്കുവേണ്ടി സിവില്‍ കേസും, ക്രിമിനില്‍ കേസുമായി നടക്കുന്നവരുടെ നല്ല സംഖ്യ സമാജത്തില്‍ ഉണ്ടെങ്കിലും ഇത്തരം ദാനശീലരുടെ പ്രവര്‍ത്തികള്‍ സമൂഹത്തിനു മാതൃകയായി വരുന്നുണ്ട്. ഏതൊരു ആശയവും വിജയപ്രദമാണെങ്കിലും അതിന്റെ പിന്നില്‍ ആദര്‍ശവും വ്യക്തിത്വവുമുള്ള വ്യക്തികളോ അല്ലെങ്കില്‍ സംഘടനകളോ ഉണ്ടാകണം. സേവാഭാരതിയുടെ മൂലധനം ഉറച്ച ആദര്‍ശവും ത്യാഗവും സേവനവും ശീലമാക്കിയ നിസ്വാര്‍ത്ഥരായ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ്. ഈ പ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തിലൂടെയാണ് ഭൂദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: