ബെംഗളൂരു: കേരളമൊന്നടങ്കം പ്രാര്‍ഥനയിലാണ്, ഒരു കൈക്കുഞ്ഞിന്റെ അച്ഛന് കൂടിയായ, കര്‍ണാടകയില്‍ മണ്ണിനടിയില്‍ അകപ്പെട്ട, അര്ജുന് എന്ന യുവാവിന്റെ ജീവനു വേണ്ടി.. ലോറി ഡ്രൈവറായ കോഴിക്കോട് സ്വദേശി അര്ജുന് ഉത്തര കന്നഡയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്പ്പെട്ടിട്ട് ദിവസം നാലായി. ഇതുവരെ വിവരമൊന്നുമില്ല. രക്ഷാപ്രവര്ത്തനമാകട്ടെ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. തികച്ചും നിരുത്തരവാദപരമായ രീതിയിലാണ് കര്‍ണാടകയിലെ ഭരണകൂടം വലിയൊരു ദുരന്തം കൈാര്യം ചെയ്തത്.
ഇന്ന് റഡാര്‍ ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ബെംഗളുരുവില്‍ നിന്ന് റഡാര്‍ ഡിവൈസ് എത്തിക്കും. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാറാണ് കൊണ്ടുവരിക. റഡാര്‍ വഴി കൃത്യം ലോറി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നാവികസേനയും എന്‍ഡിആര്‍എഫും തിരച്ചില്‍ നടത്തിയിരുന്നു. പുഴയിലേക്ക് ലോറി ഒഴുകി പോയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. നാവികസേന, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, പൊലീസ്, അഗ്നിശമനസേന ഇത്രയും സംഘങ്ങള്‍ ശനിയാഴ്ചത്തെയും രക്ഷാദൗത്യത്തില്‍ പങ്കാളികളാകും
അതേസമയം അങ്കോളയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമല്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.
അര്‍ജുനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ലെന്ന് അപകടം നടന്ന സ്ഥലത്തെത്തിയ ലോറി ഉടമ മനാഫ് പറഞ്ഞു. ഗതാഗതം പുനഃസ്ഥാപിക്കാനാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്, ലോറിയുടെ മുകളില്‍ വലിയ തരത്തില്‍ മണ്ണില്ല. പരിശ്രമം ശക്തമാക്കിയാല്‍ ജീവന് തിരിച്ചുകിട്ടും, കാലാവസ്ഥ മോശമാണ്. വളരെക്കാലമായി അര്ജുന് കൂടെയുണ്ട്, മികച്ച ഡ്രൈവറാണ്, കര്‍ണാടകയില്‍ നിന്നു കല്ലായിലേക്ക് മരവുമായി വരുമ്പോഴാണ് അപകടം.
അര ടാങ്ക് ഡീസല്‍ ലോറിയിലുണ്ട്. അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്. ലോറിയില്‍ അര്ജുന് മാത്രമായിരുന്നു. മണ്ണുമാറ്റല്‍ ഇപ്പോള്‍ നടക്കുന്നില്ല. മൂന്നു ദിവസമായി മണ്ണിടിയുമെന്നു പറഞ്ഞാണ് ജോലി പതുക്കെയാക്കിയത്. എന്നാല്‍ ഇതുവരെ മണ്ണിടിഞ്ഞിട്ടില്ല. രാത്രി രക്ഷാപ്രവര്‍ത്തനമില്ല. വെളിച്ചക്കുറവുണ്ടെന്നാണ് ന്യായീകരണം. വെളിച്ചമൊരുക്കാമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല. മണ്ണിടിച്ചിലുണ്ടായിടത്ത് ഇപ്പോഴും മഴയുണ്ട്. മൂന്നു ദിവസമായി തന്റെ സഹോദരനും അര്‍ജുന്റെ സഹോദരനും സ്ഥലത്തുണ്ട്. താനിന്നാണ് സ്ഥലത്തെത്തിയത്. അര്‍ജുന്റെ ഫോണ്‍ ഇന്ന് ഓണായി. വ്യാഴാഴ്ച രണ്ടു തവണ ഫോണ്‍ ഓണായിരുന്നു. ലോറിക്കുള്ളില്‍ അര്ജുന് ഫോണ്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. സാങ്കേതികത്വം പറഞ്ഞ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുകയാണ്. ജില്ലാ അധികാരികള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പേടിയാണെങ്കില്‍ സൈന്യത്തിന്റെ സഹായം തേടണം. ഒരു ജീവന് മണ്ണിനടിയിലുണ്ടെന്ന് പറഞ്ഞിട്ടും, ആരും അതിന് വില നല്‍കുന്നില്ലെന്ന് അര്‍ജുന്റെ കുടുംബാംഗമായ ജിതിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: