കണ്ണൂര്‍: ജൂണ്‍ മാസം മുട്ട, പാല് വിതരണത്തിനായി ചെലവ് ചെയ്ത പണം അനുവദിക്കാത്തതിനാല്‍ പ്രധാനാദ്ധ്യാപകരുടെ കടബാധ്യത വീണ്ടും വര്‍ധിച്ചു. പ്രധാനാദ്ധ്യാപകരെ പദ്ധതിച്ചുമതലയില്‍ നിന്ന് ഒഴിവാക്കുക, നിരക്ക് വര്‍ധിപ്പിക്കുക, സംസ്ഥാന പോഷകാഹാര പദ്ധതിക്ക് പ്രത്യേകം തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനാദ്ധ്യാപക സംഘടനയായ കെപിപിഎച്ച്എ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍, കഴിഞ്ഞമാസം നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതുപ്രകാരം പ്രീ-പ്രൈമറി, എല്‍പി വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന ആദ്യസ്ലാബ് ആയ 8 രൂപ, ഈ അദ്ധ്യയന വര്‍ഷം മുതല്‍ 6 രൂപയായി കുറച്ചു. 150 കുട്ടികള്‍ വരെ 8 രൂപ, അതിനുമേല്‍ 500 വരെ 7 രൂപ, 500ന് മേല്‍ 6 രൂപ എന്ന സ്ലാബിലാണ് മുമ്പ് തുക അനുവദിച്ചിരുന്നത്. സംസ്ഥാന പോഷകാഹാര പദ്ധതിയായ മുട്ട, പാല് വിതരണത്തിന് പ്രത്യേകം തുക അനുവദിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയായും ഉത്തരവ് പുറപ്പെടുവിക്കാത്തതില്‍ പ്രധാനാദ്ധ്യാപകര്‍ കടുത്ത പ്രതിഷേധത്തിലാണ്.
സ്ലാബ് സമ്പ്രദായം നിര്‍ത്തലാക്കി, 2022 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 8.17 രൂപയാണ് പുതിയ ഉത്തരവ് പ്രകാരം യുപി ക്ലാസുകള്‍ക്ക് അനുവദിച്ചത്. അധ്യയന വര്‍ഷം ആരംഭിച്ച് രണ്ട് മാസമാകാറായിട്ടും പദ്ധതി നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറും പുറപ്പെടുവിച്ചില്ല. ഇതുമൂലം പദ്ധതി അവതാളത്തിലായി. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതിനാല്‍ എല്‍പി സ്കൂളുകള്‍ക്ക് പുതിയ ഉത്തരവ് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു.
8 രൂപ ലഭിച്ചിരുന്ന ഈ വിഭാഗത്തിന് കുട്ടി ഒന്നിന് രണ്ട് രൂപ കുറഞ്ഞു. പോഷകാഹാര പദ്ധതിക്ക് പ്രത്യേകം തുക അനുവദിക്കും എന്ന പ്രഖ്യാപനം എത്രയും വേഗം നടപ്പിലാക്കണമെന്നും ഉച്ചഭക്ഷണത്തിനുള്ള നിരക്ക് കുട്ടി ഒന്നിന് മുട്ടയും പാലും അടക്കം 15 രൂപ ആയി വര്‍ധിപ്പിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: