ബേണ്‍: യുഎസില്‍ ജീവിക്കുന്ന ഇന്ത്യന്‍ വേരുകളുള്ള 15 കാരന്‍ അഭിമന്യു മിശ്ര സ്വിറ്റ്സര്‍ലന്‍റില്‍ നടക്കുന്ന ബിയല്‍ ചെസില്‍ അട്ടിമറി തുടരുന്നു. ബിയല്‍ ചെസില്‍ നിലവിലെ ചാമ്പ്യനായ വിയറ്റ്നാമില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ ലെ ലിയമിനെ മൂന്നാം റൗണ്ടില്‍ തോല്‍പിച്ചാണ് അഭിമന്യു മിശ്ര വീണ്ടും ഞെട്ടിച്ചത്. ഇതോടെ അഭിമന്യു മിശ്ര 13.5 പോയിന്‍റോടെ മുന്നിലാണ്.
ലോകത്തെ അജയ്യ പ്രതിഭയായ മാഗ്നസ് കാള്‍സനെ ഇടയ്‌ക്കിടെ തോല്‍പിച്ച് ഞെട്ടലുണ്ടാക്കുന്ന പ്രജ്ഞാനന്ദയെയും കഴിഞ്ഞ ദിവസം അഭിമന്യു മിശ്ര വീഴ്‌ത്തിയിരുന്നു. ബിയല്‍ ചെസിലെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ മത്സരിക്കുന്ന ആറ് വമ്പന്‍ താരങ്ങളുടെയിടയിലേക്ക് മത്സരിക്കാന്‍ എത്തിയ ആറാം സ്ഥാനക്കാരനായ ഈ 15കാരന്‍ ഇപ്പോള്‍ ലോകമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.
. പ്രജ്ഞാനന്ദ, ജര്‍മ്മനിയുടെ വിന്‍സന്‍റ് കെയ്മര്‍, വിയറ്റ് നാമിന്റെ ലിയെം ലെ, ആര്‍മീനിയന്‍ താരം ഹെയ്ക് മര്‍തിറോസിയന്‍, അമേരിക്കന്‍ താരം സാം ഷാങ്ക് ലാന്‍റ് എന്നിവരാണ് മാസ്റ്റേഴ്സ് വിഭാഗത്തില്‍ മത്സരിക്കുന്നത്.ഇവരുടെ ഫിഡെ റേറ്റിംഗ് 2700ന് മുകളിലാണെങ്കില്‍ അഭിമന്യു മിശ്രയുടെ റേറ്റിംഗ് 2609 മാത്രമാണ്. ബിയല്‍ മാസ്റ്റേഴ്സിലെ ആറ് താരങ്ങളില്‍ ഒന്നാം റാങ്കുള്ള പ്രജ്ഞാനന്ദയെ ആറാം റാങ്കുള്ള അഭിമന്യു മിശ്ര വീഴ്‌ത്തിയത് വലിയ വാര്‍ത്തയായി.
മൂന്നാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമനിലയേ ലഭിച്ചുള്ളൂ. ആര്‍മീനിയന്‍ താരം ഹെയ്ക് മര്‍തിറോസിയനാണ് പ്രജ്ഞാനന്ദയെ സമനിലയില്‍ കുരുക്കിയത്. നേരത്തെ ഹെയ്ക് മര്‍തിറോസിയന്‍ അഭിമന്യു മിശ്രയെ പരാജയപ്പെടുത്തിയിരുന്നു.
ലിയം ലെ 12 പോയിന്‍റോടെ രണ്ടാം സ്ഥാനത്തും ഹെയ്ക് മര്‍തിറോസിയന്‍ 11.5 പോയിന്‍റോടെ മൂന്നാം സ്ഥാനത്തും നില്‍ക്കുകയാണ്.നാലാം സ്ഥാനത്ത് നിലകൊള്ളുന്ന പ്രജ്ഞാനന്ദയ്‌ക്ക് എട്ട് പോയിന്‍റുകളേയുള്ളൂ. ഇക്കുറി ബിയല്‍ ചെസില്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഒന്നാം റാങ്കുകാരനായിരുന്ന പ്രജ്ഞാനന്ദയുടെ കരിയറില്‍ വലിയ തിരിച്ചടിയായിരിക്കുകയാണ് ബിയല്‍ ചെസ്. ഇനി രണ്ടു റൗണ്ടുകള്‍ കൂടി ക്ലാസിക്കല്‍ വിഭാഗത്തില്‍ ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ഒരു ദിവസത്തെ പത്ത് റൗണ്ടുള്ള ബ്ലിറ്റ്സ് ചെസ്സാണ്. അതുകൂടി കഴിഞ്ഞാണ് ചാമ്പ്യനെ തീരുമാനിക്കുക. നേരത്തെ റാപിഡ് വിഭാഗം മത്സരങ്ങള്‍ അവസാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: