ബേണ്‍: പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി സ്വിറ്റ്സര്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസില്‍ ചലഞ്ചേഴ്സ് വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ കുതിപ്പ് തുടരുന്നു. മൂന്ന് റൗണ്ടുകള്‍ പിന്നിട്ടതോടെ വൈശാലി 17 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്താണ്.
ഇതോടെ തത്സമയ റാങ്കിംഗ് പ്രകാരം വൈശാലി ലോകപത്താം നമ്പര്‍ താരമായി.മുന്‍ലോകചാമ്പ്യന്‍മാരായ രണ്ട് താരങ്ങളെ മറികടന്നാണ് വൈശാലി പത്താം നമ്പര്‍ താരമായത്. ആഗോള ചെസ് ഫെഡറേഷന്റെ (ഫിഡെ-FIDE) മാസം തോറും പ്രസിദ്ധീകരിക്കുന്ന റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ലോകത്തില്‍ അപ്പപ്പോള്‍ നടക്കുന്ന മത്സരങ്ങളുടെ വിജയപരാജയങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് തത്സമയ റാങ്കിംഗ് നിശ്ചയിക്കുക. ഇത് 2700 ചെസ് ഡോട്ട് കോമാണ് (2700chess.com) പ്രസിദ്ധീകരിക്കുന്നത്. മാസത്തില്‍ ഒരിയ്‌ക്കല്‍ മാത്രമേ ഫിഡെ അവരുടെ റാങ്കിംഗ് പ്രസിദ്ധീകരിക്കുകയുള്ളൂ.
ചലഞ്ചേഴ്സ് വിഭാഗത്തിലെ ടോപ് റാങ്കുകാരനായ ഡെന്മാര്‍ക്ക് ഗ്രാന്‍റ് മാസ്റ്റര്‍ ജോനാസ് ജെറെയെ അട്ടിമറിച്ചുകൊണ്ടാണ് വൈശാലി തന്റെ വിജയക്കുതിപ്പ് ആരംഭിച്ചത്. ഗ്രാന്‍റ് മാസ്റ്റര്‍ ഇഹോര്‍ സാമുനെങ്കോവിനെയാണ് വൈശാലി തോല്‍പിച്ചത്. 20ാം നീക്കത്തില്‍ ഇഹോര്‍ സാമുനെങ്കോവ് നടത്തിയ പിഴവാണ് വൈശാലിയുടെ വിജയത്തില്‍ കലാശിച്ചത്.
വൈശാലി ഇന്ത്യയിലെ മൂന്നാമത്തെ വനിതാ ഗ്രാന്‍റ് മാസ്റ്റര്‍
ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ഇന്ത്യയിലെ മൂന്നാമത്തെ വനിതയാണ് വൈശാലി. ഗ്രാൻഡ്മാസ്റ്റർ പദവി നേടിയതോടെ വൈശാലിയും നേരത്തെ ഈ പദവി നേടിയ സഹോദരൻ പ്രഗ്നാനന്ദയും ചരിത്രത്തിലെ ആദ്യത്തെ ഗ്രാൻഡ്മാസ്റ്റർ സഹോദര-സഹോദരി ജോഡിയായി മാറി.
ചെന്നൈയിലെ ഒരു തമിഴ് കുടുംബത്തിലാണ് വൈശാലി ജനിച്ചത്. അച്ഛൻ രമേഷ്ബാബു തമിഴ്നാട്ടിലെ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു. അമ്മ നാഗലക്ഷ്മി വീട്ടമ്മയാണ്. അച്ഛന്‍ രമേഷ്ബാബു ഒരു ഉത്സാഹിയായ ചെസ്സ് കളിക്കാരനായിരുന്നു, കുട്ടികള്‍ വീട്ടില്‍ ടിവി കണ്ട് പഠനത്തില്‍ നിന്നും വ്യതിചലിക്കേണ്ടെന്ന് കരുതി ചെറുപ്പത്തിൽ തന്നെ അദ്ദേഹം വൈശാലിയെ ചെസ്സ് കോച്ചിങ്ങിനയയ്‌ക്കുകയായിരുന്നു. അത് വഴിത്തിരിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: