രാമന് എന്ന ധര്‍മ്മസൂര്യന്റെ വെളിച്ചമാണ് രാമായണ ജ്ഞാനം. ജീവിതത്തിന്റെ വ്യാവഹാരിക യാഥാര്‍ത്ഥ്യത്തെ നേരിടാനുള്ള ഉള്‍പ്രേരണയാണ് ഈ ജ്ഞാനയോഗസിദ്ധി. വേദോപനിഷത്തിന്റെ പ്രായോഗിക പരമജ്ഞാനം വിവിധ സന്ദര്‍ഭങ്ങളിലും നാനാലക്ഷ്യവേധിയായും രാമായണത്തില്‍ ആത്മസൂര്യനായ് ഉദിക്കുന്നു. രാമനും മഹാമുനികളും പരമഗുരുക്കന്മാരും ജ്ഞാനസ്രോതസ്സായി ഭവിക്കുന്നു. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ – സത്യം ഒന്ന് മാത്രം, വിപ്രന്മാര്‍ അതു വിവിധങ്ങളായി ചൊല്ലുന്നു-എന്ന ദര്‍ശനസൂര്യപ്പൊരുള്‍ ഈ അതീത വചന പ്രമാണങ്ങളില്‍ വിളങ്ങുന്നു. അഗസ്ത്യന്‍ രാവണ വധോദ്യുക്തനായ രാമന് നല്‍കുന്ന ‘ആദിത്യഹൃദയമന്ത്രം’ ഇതിഹാസത്തിന്റെ സൂര്യവെളിച്ചമാണ്.
ആരണ്യകാണ്ഡത്തില്‍ ലക്ഷ്മണനോട് വിക്ഷേപാവരണ ശക്തിയാണ് മായയെന്ന് ചൊല്ലി അദൈ്വതത്തിന്റെ അര്‍ത്ഥാന്തരങ്ങളും ജീവാത്മാപരമാത്മാബന്ധവും സരളമായി ഉപദേശിക്കുന്നുണ്ട് രാമന്‍. ശുദ്ധവും അവ്യക്തവും സമ്പൂര്‍ണ്ണ ജ്ഞാനവുമായ മായ പരമാത്മാവ് തന്നെയാണ് ആത്മാവെന്നും ജ്ഞാനത്തിലൂടെ അദൈ്വത മന്ത്രപ്പൊരുള്‍ സ്വാംശീകരിക്കാമെന്നും രാമനരുളുന്നു. അനാസക്തിയും ജ്ഞാനവിജ്ഞാനവും ചേര്‍ന്ന കൈവല്യ സ്വരൂപം ആനന്ദാവസ്ഥ തന്നെയാണെന്ന് സഹോദരന് നിസ്സന്ദേഹം ഉപദേശിക്കുന്നുണ്ട് രാമന്‍. ആത്മപ്രകാശലബ്ധിയാണ് മുക്തി. ഈ മോക്ഷാവസ്ഥയാണ് ജീവാത്മാവിന്റെ പരമലക്ഷ്യമെന്നും ഭക്തിയാണ് അതിന്റെ പര്‍വ്വമെന്നും രാമായണം സമര്‍ത്ഥിക്കുന്നു. കര്‍മ്മ കാണ്ഡത്തില്‍നിന്ന് വിമുക്തമായാലേ മായാമോഹം നീങ്ങുകയുള്ളൂ. ആത്മാവിന് മരണമില്ല; സുഖദുഃഖാതീതമാണ് ആത്മാവ്. മനസ്സാണ് ആത്മാവിന്റെ പ്രതീകം. ഇങ്ങനെ ആത്മാവിനെ ആത്മാവുകൊണ്ടറിയാനുള്ള വിദ്യയാണ് തത്ത്വസാരത്തിലൂടെയും ഉപദേശ സമന്വയത്തിലൂടെയും, സ്തുതിയുടെ പ്രത്യക്ഷങ്ങളിലൂടെയും മന്ത്രസിദ്ധി മഹിമയിലൂടെയും രാമായണം പ്രകാശിപ്പിക്കുന്നത്. അസ്തമനമില്ലാത്ത സൂര്യനായി-നിത്യഭാസ്‌കരനായി-ഇതിഹാസ ശ്രേണിയിലുദിച്ചു നില്‍ക്കാന്‍ രാമായണത്തെ പ്രാപ്തമാക്കുന്നത് ഈ വിദ്യാവിസ്മയമാണ്. ആദിത്യ ഹൃദയ മന്ത്രമാണ് ഇതിന്റെ കേന്ദ്രവര്‍ത്തിയായ ചൈതന്യം. അഗസ്ത്യമുനിയില്‍ നിന്നാണ് രാവണവധത്തിന് മുമ്പായി രാമന്‍ ഈ മഹാമന്ത്രം സ്വീകരിക്കുന്നത്. ആദിത്യമന്ത്രത്താല്‍ ശത്രുക്ഷയം നേടുകയാണ് രാമന്‍. സൂര്യവംശ പ്രഭവനായ രാമന്‍ മന്ത്രത്തിന്റെ സൂര്യവെളിച്ചത്തില്‍ അപ്രതിരോദ്ധ്യമായ ശക്തിചൈതന്യം സംഭരിക്കുന്നു. മന്ത്രത്തിന്റെ ബീജാക്ഷരങ്ങളില്‍ അനന്തകോടി സൂര്യന്മാരുടെ ഊര്‍ജവും വെളിച്ചവും താപവും ചിതറുന്നു. ഈ വെളിച്ചം രാമന്റെ ആത്മസ്ഥൈര്യത്തിന്റെയും കായികപ്രഭാവത്തിന്റെയും നിത്യശക്തി പ്രകാശം തന്നെ. രാവണന്റെ തമോമയ പ്രകൃതിയില്‍ സത്വസൂര്യന്റെ വിജയം നേടുകയാണ് രാമന്‍. അധര്‍മ്മക്കോട്ടയ്‌ക്ക് മേല്‍ ധര്‍മ്മ സംസ്ഥാപനത്തിന്റെ പുണ്യമുഹൂര്‍ത്തമാണിത്. അവതാരോദ്ദേശ്യത്തിന്റെ സഫല സാക്ഷാത്ക്കാര മന്ത്രധ്വനി ഇവിടെ ഉയര്‍ന്നുകേള്‍ക്കാം. ഭാവതലത്തില്‍ ആദിത്യഹൃദയ മന്ത്രമാണ് അദ്ധ്യാത്മ രാമായണാക്ഷരി.
മന്ത്രോച്ചാരണത്തിലൂടെ ജപയജ്ഞം തന്നെയാണ് അഗസ്ത്യമുനി വിവക്ഷിക്കുന്നത്. ആത്മസൂര്യന് കരുത്തും കാന്തിയും പകരുന്ന സാധനാപര്‍വ്വമായി പരിണമിക്കുകയാണ് ആദിത്യഹൃദയ മന്ത്രോപദേശം.
”ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമഃ
സ്ഥാവര ജംഗമാചാര്യയ തേ നമഃ
ദേവായ വിശൈ്വക സാക്ഷിണേ തേ നമഃ
സത്വ പ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
ഇത്ഥമാദിത്യ ഹൃദയം
ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം”
അഗസ്ത്യമുനി അനുഗ്രഹാര്‍ത്ഥം ‘സൂര്യോപനിഷത്താ’യി രാമന് നല്‍കുന്ന ആദിത്യഹൃദയ മന്ത്രം ഇതിഹാസത്തിന്റെ ധര്‍മ്മസ്വര സന്ദേശം തന്നെ. ഭക്തിമുക്തിയുടെ ഭാസ്‌കരാരാധനയാണിത്. സൂര്യകിരണങ്ങളുടെ മായികസ്ഫുരണങ്ങള്‍ ശക്തിചൈതന്യോര്‍ജ്ജം നല്‍കി രാമനെ രാവണ നിഗ്രഹത്തിന് സന്നദ്ധനാക്കുന്നു. സൂര്യനെ ധര്‍മ്മ സൂര്യനാക്കുന്ന അതീതവിദ്യയാണ് ഇവിടെ പ്രയോഗപ്രമാണമായി മാറുന്നത്. ‘സൂര്യഗായത്രി’യുടെ ഭാവസങ്കല്‍പം യാഥാര്‍ത്ഥ്യമാകുന്നു.
അഭിഷേക വിഘ്‌നം, വനവാസം, ഭരത രാമ സംവാദം, ജടായുസംഗമം, സീതാന്വേഷണം എന്നീ സന്ദര്‍ഭങ്ങളില്‍ രാമന്റെ ജീവിത രഹസ്യങ്ങളുടെ പ്രോജ്ജ്വലകാന്തി ഉയിരേല്‍ക്കുന്നതോ, ശബരിമുക്തി, അഹല്ല്യാമോക്ഷം, ഹനുമദ് സമാഗമം, സുഗ്രീവസഖ്യം, താരോപദേശം, വിഭീഷണ ശരണാഗതി, ആദിത്യഹൃദയം എന്നീ രംഗവിശേഷങ്ങളില്‍ രാമന്റെ സര്‍വ്വ ഗുണ ചൈതന്യങ്ങള്‍ മിന്നിമറയുന്നതോ ഇത്തരം നവപഠിതാക്കള്‍ക്ക് ദര്‍ശനീയമാവുന്നില്ല. രാവണവധം, സീതാസ്വീകാരം, രാമരാജ്യസാക്ഷാത്കാരം, അശ്വമേധം, മഹാപ്രസ്ഥാനം തുടങ്ങിയ സങ്കീര്‍ണ്ണമായ സംഭവപരമ്പരകളുടെ പൊലിമയോ അവര്‍ക്കു മുന്നില്‍ അടഞ്ഞ അദ്ധ്യായം മാത്രം. നവാനുശീലന വായനകള്‍ സര്‍ഗ്ഗാത്മകമാവണം.
ജ്ഞാന സ്‌നേഹങ്ങളുടെ സേതുബന്ധനമാണ് രാമായണം നിര്‍വ്വഹിക്കുക.
‘മനുര്‍ഭവ’-മനുഷ്യനാവുക എന്ന ആ മന്ത്രണമാണ് ഇതിഹാസമുരുവിടുന്നത്. കാലങ്ങളുടെ ധര്‍മ്മസത്യജ്ഞാന മോക്ഷ സംരക്ഷണമാണ് യഥാര്‍ത്ഥ ക്ലാസിക്കുകളുടെ ദൗത്യമെന്ന് രാമായണം അടിവരയിടുന്നു. ധര്‍മ്മബോധം കെട്ടുപോകുമ്പോള്‍ ഉജ്ജ്വലിപ്പിക്കുന്ന അരണിയാണ് രാമനെന്ന് അനുഭവിച്ചറിയുമ്പോള്‍ രാമായണ ജ്ഞാനം പൂര്‍ണ്ണതയിലേക്ക് സഞ്ചരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: