ബെംഗളൂരു: അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്ന് ബിജെപി.
ആരും സഹായിക്കാനില്ലാതെ നിസാഹായവസ്ഥയിലാണ് അര്‍ജുന്റെ കൈക്കുഞ്ഞടങ്ങുന്ന കുടുംബം. എന്നിട്ടും സര്‍ക്കാര്‍ അനാസ്ഥയാണ് കാട്ടുന്നതെന്ന് ബിജെപി കര്‍ണാടക സംസ്ഥാനാധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു. അര്‍ജുന്‍ ജീവനോടെയുണ്ടെന്ന് കുടുംബം ആവര്‍ത്തിക്കുമ്പോഴും രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. അര്‍ജുന്റെ രണ്ടാമത്തെ നമ്പര്‍ ഇപ്പോള്‍ റിങ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കൃഷ്ണപ്രിയ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫായി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമം അല്ലെന്ന് ഇതിനോടകം കുടുംബവും ആരോപിച്ചിട്ടുണ്ട്.
ഇതുവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ അര്‍ജുന്റെ കുടുംബം സര്‍ക്കാരിനെതിരെ രംഗത്ത് വന്നതോടെ മാത്രമാണ് തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. മനുഷ്യജീവന് മണ്ണിന്റെ വിലപോലും സിദ്ധരാമയ്യ കല്‍പിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ണാടക സര്‍ക്കാര്‍ കേരളത്തോട് വിദ്വേഷപൂര്‍ണമായ നിലപാടാണ് സ്വീകരിക്കുന്നത്. മണ്ണിനടിയില്‍പ്പെട്ടുപോയ വാഹനത്തെയും അതില്‍പ്പെട്ടുപോയവരെ സംരക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവര്‍ത്തിച്ചിട്ടും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് വന്‍ വീഴ്ചയാണ്. അപകടം സംഭവിച്ചിട്ട് നാല് ദിവസം ആയി. എന്നാല്‍ ഇരയുടെ കുടുംബത്തില്‍ നിന്നും പ്രതിപക്ഷത്തില്‍ നിന്നും എതിര്‍പ്പുകള്‍ വന്നതോടെ മാത്രമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.
അതേസമയം ബെംഗളൂര്‍: അങ്കോളയിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയോടെയാണ് പുറത്തെടുക്കാന്‍ സാധിച്ചത്. ലോക്കല്‍ പോലീസ്, ദേശീയ ദുരന്ത നിവാരണ സേന, നാവികസേന, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ്, മറ്റ് രക്ഷപ്രവര്‍ത്തന ഏജന്‍സികള്‍ എന്നിവരെത്തിയാണ് കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. പാതയോരത്ത് ഭക്ഷണശാല നടത്തിയിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരില്‍ നാലുപേര്‍. ലക്ഷ്മണ്‍ നായക്, ഭാര്യ ശാന്തി, മക്കളായ റോഷന്‍, അവന്തിക എന്നിവരാണ് മരിച്ചത്. രണ്ട് ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍മാരെയും മരിച്ച മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് (കാര്‍വാര്‍) നാരായണ പറഞ്ഞു. മണ്ണിടിച്ചിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു എല്‍പിജി ടാങ്കര്‍ സമീപത്തെ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോയി. ഒരു ചായക്കടയും മണ്ണിടിച്ചിലില്‍ തകര്‍ന്നു. കൂടുതലാളുകള്‍ മണ്ണിനടിയില്‍ പെട്ടതായാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: