ന്യൂദല്‍ഹി: സുഖോയ് എസ്യു-30 എംകെഐ യുദ്ധവിമാനങ്ങള്‍ ഭാരതത്തില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാന്‍ റഷ്യയുമായി ധാരണ. ഫിലിപ്പീന്‍സിലേക്കുള്ള ബ്രഹ്മോസ് മിസൈല്‍ കയറ്റുമതിക്കു പിന്നാലെയാണ് നിര്‍ണായക തീരുമനം എടുത്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനവേളയിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നത്. റഷ്യന്‍ സഹകരണത്തോടെയാകും നിര്‍മാണം. വിമാനത്തിന്റെ ഭാരതത്തിലെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎല്‍) റഷ്യന്‍ സുഖോയിസും ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തി.
ഭാരത വ്യോമസേനക്കായി നിര്‍മിച്ച 272 എസ്യു-30 എംകെഐ വിമാനങ്ങളുടെ വിതരണം എച്ച്എഎല്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ 50 എണ്ണം റഷ്യയിലും 222 എണ്ണം എച്ച്എഎല്ലിന്റെ നാസിക്കിലെ പ്ലാന്റിലുമാണ് നിര്‍മിച്ചത്. ഇവയില്‍ 40 എണ്ണത്തിന് സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിനെ വഹിക്കാന്‍ ശേഷിയുണ്ട്.
വിവിധ വര്‍ഷങ്ങളില്‍ വ്യോമസേനയുടെ 12 സുഖോയ് വിമാനങ്ങള്‍ തകര്‍ന്നിരുന്നു. ഇതിനു പകരമായി സുഖോയ് വിമാനങ്ങള്‍ വാങ്ങും. നിലവില്‍ 31 സുഖോയ് വിമാനങ്ങളാണ് വ്യോമസേനയുടെ പക്കലുള്ളത്. സുഖോയ് വിമാനത്തിന്റെ വിവിധ പതിപ്പുകള്‍ ചൈന, അല്‍ജീരിയ, ഇന്‍ഡൊനേഷ്യ, മലേഷ്യ, യുഗാണ്ട, വെനസ്വേല, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: