ന്യൂദല്‍ഹി: ഇന്ത്യന്‍ ഭാഷകളെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുജിസി പദ്ധതി. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസത്തെ സമ്പന്നമാക്കാന്‍ ഇന്ത്യന്‍ ഭാഷകളില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും ചേര്‍ന്ന് 22000 പുസ്തകങ്ങള്‍ തയ്യാറാക്കുന്നു. 13 നോഡല്‍ സര്‍വ്വകലാശാലകളെയാണ് യുജിസി ഈ ദൗത്യം ഏല്പിച്ചിരിക്കുന്നത്.
എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉപയോഗിക്കാവുന്ന ഒരു ബഹുഭാഷ ഡിക്ഷണറിയും ഇതിന്റെ ഭാഗമായി വികസിപ്പിക്കും. അസ്മിത എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അസ്മിത എന്നാല്‍ വിവര്‍ത്തനത്തിലൂടെയും അക്കാദമികപ്രബന്ധങ്ങളിലൂടെയും ഇന്ത്യന്‍ ഭാഷകളില്‍ പഠനവിഷയങ്ങള്‍ തയ്യാറാക്കുക എന്നതാണ്. 22 ഭാഷകളില്‍ പുസ്തകങ്ങള്‍ തയ്യാറാക്കുകയാണ് പദ്ധതി.
യുജിസിയും ഭാരതീയ ഭാഷാ സമിതിയും ചേര്‍ന്നാണ് ഇക്കാര്യം നിര്‍വ്വഹിക്കുക. “അഞ്ച് വര്‍ഷത്തിനുള്ളില്‍ 22 ഭാഷകളില്‍ 1000 പുസ്തകങ്ങള്‍ വീതം തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. ഇതുവഴി 22000 പുസ്തകങ്ങള്‍ ഭാരതീയ ഭാഷകളില്‍ ലഭിക്കും. “-യുജിസി ചെയര്മാന് ജഗദേഷ് കുമാര്‍ പറയുന്നു.
ഈ പദ്ധതിയുടെ ഭാഗമായി യുജിസി വലിയൊരു സംവിധാനവും സൃഷ്ടിച്ചിട്ടുണ്ട്. ഇത് പ്രകാരം നോഡല്‍ ഉദ്യോഗസ്ഥരെ കണ്ടെത്തുക, വിവിധ വിഷയങ്ങള്‍ നല്‍കുക, അതിനുള്ള ഉള്ളടക്കം സൃഷ്ടിക്കുക, കയ്യെഴുത്തുപ്രതികള്‍ സമര്‍പ്പിക്കുക, മോഷണം കണ്ടെത്തുക, പ്രൂഫ് റീഡ് ചെയ്യുക, ഇ-പബ്ലിക്കേഷന്‍ നടത്തുക എന്നിവ ചെയ്യും.
ബഹുഭാഷാ ഡിക്ഷ്ണറിയും ഇറക്കും
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യുജിസി ഒരു ബഹുഭാഷ ഡിക്ഷ്ണറിയും ഇറക്കും. സാങ്കേതിക പദങ്ങള്‍ അതാത് ഭാഷകളില്‍ അര്‍ത്ഥമുള്‍പ്പെടെ ലഭ്യമാക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് (സിഐഐഎല്‍) ആണ് ഭാരതീയ ഭാഷാ സമിതിയുമായി ചേര്‍ന്നാണ് ബഹുഭാഷ ഡിക്ഷ്ണറി തയ്യാറാക്കുക.
ഐടി, വ്യവസായം, ഗവേഷണം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലെ പദങ്ങളും പ്രയോഗങ്ങളും വാചകങ്ങളും ഈ ഡിക്ഷ്ണറിയില് ഉള്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: