തിരുവനന്തപുരം: മാലിന്യം നീക്കാനിറങ്ങി മാരായമുട്ടം സ്വദേശി ജോയി മരിച്ചിട്ടും അതൊന്നും വകവയ്ക്കാതെ ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം തുടരുന്നു .ഇന്നലെ രാത്രി മാലിന്യനിക്ഷേപം കണ്ടെത്തി. ഒമ്പത് വാഹനങ്ങള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി 45090 രൂപ പിഴ ഈടാക്കി. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് അറിയിച്ചു.
ഇന്നലെ രാത്രിയില്‍ നഗരത്തില്‍ വനിതകളുടെ ഹെല്‍ത്ത് സ്ക്വാഡാണ് രംഗത്തുണ്ടായിരുന്നത്.മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വിവിധഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം നടത്തിയവരെ പിടികൂടിയത്.
ആദ്യപടിയായാണ് നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത്. കൂടുതല്‍ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നത് ഉള്‍പ്പെടെ സ്വീകരിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് എടുക്കും.
മാലിന്യ സംസ്കരണം നഗരസഭയുടെയോ സര്‍ക്കാരിന്റെയോ ജീവനക്കാരുടെയോ മാത്രം ഉത്തരവാദിത്തമല്ല. ഓരോരുത്തര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. നമ്മുടെ നഗരം മലീമസമായാല്‍ അത് നമ്മുടെ എല്ലാവരുടെയും വീഴ്ചയാണ്. മാലിന്യം വലിച്ചെറിയുന്ന രീതിക്ക് അറുതി വരുത്തണം.എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാന്‍ സംവിധാനം നഗരസഭയ്ക്കുണ്ടെന്നും ആര്യാ രാജേന്ദ്രന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: