തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട്ടില്‍ മരിച്ച ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ കോര്പ്പറേഷന് ഭരണക്കാരാണെന്ന് ആരോപിച്ചും, കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടും കോര്പറേഷന് ഓഫീസിലേക്ക് ബിജെപി സംഘടിപ്പിച്ച മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. വനിതാ കൗണ്‍സിലര്‍മാരെ നടുറോഡിലൂടെ വലിച്ചിഴച്ചു. സമാധാനപരമായിരുന്ന മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചത് അഞ്ചുതവണ. കൗണ്‍സിലര്‍മാരെ ലാത്തിയും ഷീല്‍ഡും ഉപയോഗിച്ച് പോലീസ് നേരിട്ടു.
രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോര്പറേഷന് ഓഫീസിന് മുന്നില്‍ ബാരിക്കേഡുപയോഗിച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ജലപീരങ്കി പ്രയോഗിച്ചു. കടുത്ത മഴയിലും തുടര്‍ച്ചയായ ജലപീരങ്കി പ്രയോഗത്തിലും ആവേശം ചോരാതെ പ്രവര്‍ത്തകര്‍ ഉപരോധം തുടര്‍ന്നതോടെ പോലീസ് കൂടുതല്‍ അതിക്രമത്തിലേക്ക് നീങ്ങി. ഇതോടെ പ്രവര്‍ത്തകര്‍ കോര്പറേഷന് മതില് ചാടിക്കടക്കാന്‍ ശ്രമിച്ചു. അവരെ പോലീസ് ലാത്തി ഉപയോഗിച്ച് നേരിട്ടു. വനിതാ കൗണ്സിലര്മാരുള്പ്പടെയുള്ളവര്ക്ക് ലാത്തികൊണ്ട് മര്‍ദ്ദനമേറ്റു. ഇതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എല്‍എംഎസ് ജങ്ഷനില്‍ അരമണിക്കൂറോളം വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ റോഡുപരോധിച്ചു.
റോഡുപരോധം തുടര്‍ന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വനിതാ പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. കൗണ്‍സിലര്‍മാരായ തിരുമല അനില്‍, മണക്കാട് സുരേഷ്, സിമി ജ്യോതിഷ്, ആശാനാഥ്, വി.ജി. ഗിരികുമാര്‍, പത്മ, സുമിബാലു, സത്യവതി തുടങ്ങിയവരുള്‍പ്പടെ 24 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ നന്ദാവനം പോലിസ് ക്യാമ്പിലേക്ക് മാറ്റുകയും മൂന്ന് മണിയോടെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യം ലഭിച്ച പ്രവര്‍ത്തകരെ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, കോര്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന്, ഉപനേതാക്കളായ തിരുമല അനില്‍, കരമന അജിത്ത്, മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള, പി. അശോക്കുമാര്, പാലോട് സന്തോഷ്, വിവേക് ഗോപന്, സിമി ജ്യോതിഷ്, വെങ്ങാനൂര്‍ സതീഷ്, മധുസൂദനന് നായര്‍ അഡ്വ. വി.ജി. ഗിരികുമാര്‍, പാപ്പനംകോട് സജി, ആര്.സി. ബീന, ആശാനാഥ് തുടങ്ങിയവര്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: