മലയാളിയുടെ നിത്യനൈമിത്തിക ശീലങ്ങളില്‍ രാമായണ ശീലുകള്‍ മംഗളാനുഭവത്തിന്റെ ശംഖൊലി മുഴക്കുന്നു. ശ്രീരാമചന്ദ്രന്റെ അവതാരഘോഷങ്ങള് ബാലകാണ്ഡത്തില്‍ ആദിപാഠമാവുന്നു. മഹേശ്വരന്റെ ശ്രീരാമകഥാ കഥനം ഉമാമഹേശ്വരിയില് രാമതത്ത്വത്തിന്റെ ഭക്തിജ്ഞാന കര്‍മ്മയോഗ ശക്തിയായി ഉദിച്ചുനിന്നു. ഈ നിത്യപ്രകാശ രേണുക്കളാണ് സീത ഹനുമാന് ഉപദേശിക്കുന്ന രാമതത്ത്വ ദര്‍ശന മഹിമകള്‍. ‘മോക്ഷദവും പാപഹരവും ഹൃദ്യവും ആനന്ദോദയയും സര്‍വ്വവേദാന്ത സാരസംഗ്രഹവുമാണത്. രാമന് ആഞ്ജനേയന് സമ്മാനിക്കുന്നത് ‘സത്യജ്ഞാനാന്താന്താനന്ദാമൃതാദ്വമേക’മായ ‘രാമഹൃദയം’ തന്നെ. രാമദാസന് നേടുന്ന വിശിഷ്ടമായ ദര്‍ശന സാമഗ്രിയുടെ വിഭൂതി സ്പര്‍ശമാണ് അദ്ധ്യാത്മ രാമായണത്തിന്റെ അനുഭവമാനവും അതീതമഹത്വവും.
രാമന്റെ സ്വത്വവും ജീവനപ്രകൃതിയും ധര്മ്മശാസ്ത്രമാനത്തിലൂടെ നിര്‍വ്വചിക്കപ്പെടുകയാണ്. അയോദ്ധ്യാരാമനും ആത്മാരാമനും ഒന്നുതന്നെ എന്നറിഞ്ഞനുഭവിക്കുമ്പോല് ചരിത്രപുരുഷനും ഇതിഹാസപുരുഷനും അദൈ്വതം പ്രാപിക്കുന്നു. പ്രകൃതിസ്വരൂപവും ആത്മസ്വരൂപവും ധര്‍മ്മസ്വരൂപമായി ലയനം നേടുകയാണ്. ‘ബ്രഹ്മാനന്ദവും’ ‘ബ്രഹ്മാനന്ദ സോദരാനന്ദവും’ ഏകമാകുന്ന ഓങ്കാരഗ്രന്ഥം ഓതുന്ന വേദാന്തം ‘ഏകമേവം ദ്വിതീയം ബ്രഹ്മഃ’ എന്ന മഹാവാക്യപ്പൊരുളില് വിലയം പ്രാപിക്കുന്നു. രാമന്റെ സ്വത്വത്തിന്റെയും വ്യക്തിസത്തയുടെയും നിര്‍ദ്ധാരണത്തിന് ഉപയോഗിക്കുന്നത് പലപ്പോഴും സാധാരണമായ മാന ഘടകങ്ങളാണ്. വാല്മീകിയുടെ രാമനു നേരെ ഉയര്‍ത്തിപ്പിടിച്ച വാള് കുട്ടികൃഷ്ണമാരാരെപ്പോലുള്ള വിമര്ശപ്രതിഭകള്ക്ക് കാലാന്തരത്തില്‍ വലിച്ചെറിയേണ്ടി വന്ന കാരണമിതത്രേ. കാലദേശാതീത മാനകപ്രത്യയ സാമഗ്രികളിലൂടെ മാത്രമേ ഇതിഹാസ നായകന്മാരുടെ ദര്ശനസത്തയും കര്‍മ്മരഹസ്യവും മൂല്യനിര്‍ണ്ണയത്തിന് വിധേയമാവൂ. ധന്യധന്യമായ അനുശീലനപഥങ്ങളിലൂടെ വായനയുടെ രീതിശാസ്ത്രം നവകരീക്കുമ്പോഴാണ് സത്യാത്മകമായ പുനര്‍വായനകള്‍ പ്രത്യക്ഷമാകുക. രാമായണത്തിന്റെ മറിച്ചെഴുത്തുകളും നവപാഠങ്ങള്‍ എന്ന് അവകാശപ്പെടുന്ന വിവിധ നിരീക്ഷണങ്ങളും പലപ്പോഴും ഖണ്ഡനവിമര്‍ശനത്തിന്റെ ലക്ഷ്യത്തില്‍നിന്ന് തെന്നിമാറുകയാണ്. രാമായണത്തിന്റെ പുനര്‍വായനയും പഠനമനനങ്ങളും കാവ്യകലയുടെ അന്തര്‍നാദത്തിലേക്കും മായികമായ വിഭൂതിയിലേക്കും സഹൃദയനെ നയിക്കണം. സ്രഷ്ടാവിനെപ്പോലെ സഹൃദയനും സംസ്കാര പ്രതിഷ്ഠാപകനാവുന്ന മുഹൂര്‍ത്തത്തിലാണ് ആദികാവ്യത്തിന്റെ അകത്തളങ്ങള്‍ ദര്‍ശനീയമാവുക. കുട്ടിക്കൃഷ്ണമാരാര് ‘വാല്മീകിയുടെ രാമന്’ എന്ന പ്രൗഢോജ്വല നിബന്ധം വര്‍ഷങ്ങള്‍ക്കപ്പുറം മാറ്റിയെഴുതുന്നു. സര്ഗ്ഗകലയായി ഖണ്ഡന വിമര്‍ശത്തെ സ്വീകരിച്ച മാരാര്‍ സര്ഗ്ഗവായനയുടെ പുനര്നിമ്മിതിയിലൂടെയാണ് സ്വന്തം ആശയപ്രത്യക്ഷങ്ങളെ നവീകരിക്കുന്നത്. കേവലയുക്തിയില്നിന്ന് യോഗാത്മക ഭാവുകത്വത്തിലേക്ക് മാരാരുടെ മാര്‍ഗ്ഗം പരിവര്‍ത്തനം ചെയ്യുകയായിരുന്നു. ആധുനിക മറിച്ചെഴുത്തുകാര് ഇക്കാര്യം ഗ്രഹിക്കേണ്ടതുണ്ട്.
രാമന്റെ കര്‍മ്മരംഗങ്ങള്‍ ധര്‍മ്മസംരക്ഷണ യാനങ്ങളാണ്. എഴുത്തച്ഛന്റെ സാരസ്വത ദീപം കാഴ്ചവെയ്ക്കുന്ന നാമസങ്കീര്‍ത്തനത്തിന്റെ കിളിമൊഴികളില്‍ ഭക്തനും ഗ്രന്ഥവും രാമനും ഒന്നാകുന്നു. പൈങ്കിളിച്ചിറകുകളിലൂടെ പരമാത്മ വ്യോമയാനമാണ് എഴുത്തച്ഛന്റെ ലക്ഷ്യം. രാമായണം സ്വയം രാമബാണമാകുന്നു. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, പതിക്കുമ്പോള്‍ പതിനായിരം. കാലത്തിന്റെ അധര്‍മ്മ സങ്കടപ്രേരണകളില് രാമനൈതികതയുടെ മന്ത്രനിസ്വനം മുഴക്കുകയാണ് രാമായണ കാണ്ഡങ്ങള്‍. ആത്മാവിന്റെ സാംസ്കാരിക പ്രതിഷ്ഠയാണ് അദ്ധ്യാത്മ രാമായണം ലക്ഷ്യാര്ത്ഥമാക്കുന്നത് രാമന് ഇതിനായി വലിച്ചുകെട്ടിയ ധനുസ്സും സീതാദേവി സ്നേഹശസ്ത്രവുമാകുന്നു. ഭൗതികാതീതമായ വ്യാഖ്യാന സരണികള്‍ക്ക് ആദര്‍ശബിംബമായ രാമന് വിഷയമാകേണ്ടതുണ്ട്. പകരം വര്‍ത്തമാനകാല പരിപ്രേക്ഷ്യത്തില്‍ താരതമ്യരീതിയും ഉപരിപ്ലവമായവാദഗതികളുമായി രാമായണപഠനം ഒരു പോര്‍വിളിയായി മാറുന്നു. പ്രായേണ രാമഖണ്ഡന പ്രതലത്തില്‍ പ്രത്യക്ഷപ്പെടുന്ന ‘സീതാപരിത്യാഗവും’ ‘ബാലിവധവും’ ‘ശംബൂകവധവും’ രാമന്റെ സ്വത്വത്തിനോ അമാനുഷ പരിവേഷത്തിനോ ഇതിഹാസാന്തരംഗത്തിനോ പോറലേല്‍പ്പിക്കുന്നില്ല.
അഭിഷേക വിഘ്നം, വനവാസം, ഭരത രാമ സംവാദം, ജടായു സംഗമം, സീതാന്വേഷണം എന്നീ സന്ദര്‍ഭങ്ങളില്‍ രാമന്റെ ജീവനരഹസ്യങ്ങളുടെ പ്രോജ്ജ്വല കാന്തി ഉയിരേല്ക്കുന്നതോ, ശബരിമുക്തി, അഹല്യാമോക്ഷം, ഹനുമദ് സമാഗമം, സുഗ്രീവ സഖ്യം, താരോപദേശം, വിഭീഷണ ശരണാഗതി, ആദിത്യഹൃദയം എന്നീ രംഗവിശേഷങ്ങളില് രാമന്റെ സര്‍വ്വഗുണ ചൈതന്യങ്ങള്‍ മിന്നിമറയുന്നതോ ഇത്തരം നവപഠിതാക്കള്ക്ക് ദര്‍ശനീയമാവുന്നില്ല. രാവണ വധം, സീതാസ്വീകാരം, രാമരാജ്യ സാക്ഷാത്കാരം, അശ്വമേധം, മഹാപ്രസ്ഥാനം തുടങ്ങിയ സങ്കീര്‍ണ്ണമായ സംഭവപരമ്പരകളുടെ പൊലിമയോ അവര്‍ക്കു മുന്നില്‍ അടഞ്ഞ അദ്ധ്യായം മാത്രം. നവാനുശീലന വായനകള്‍ സര്ഗ്ഗാത്മകമാവണം.
ജ്ഞാന സ്നേഹങ്ങളുടെ സേതു ബന്ധനമാണ് രാമായണം നിര്‍വ്വഹിക്കുക.
‘മനുര്ഭവ’-മനുഷ്യനാവുക എന്ന ആമന്ത്രണമാണ് ഇതിഹാസമുരുവിടുന്നത്. കാലങ്ങളുടെ ധര്‍മ്മ സത്യജ്ഞാന മോക്ഷ സംരക്ഷണമാണ് യഥാര്‍ത്ഥ ക്ലാസിക്കുകളുടെ ദൗത്യമെന്ന് രാമായണം അടിവരയിടുന്നു. ധര്‍മ്മബോധം കെട്ടുപോകുമ്പോള്‍ ഉജ്വലിപ്പിക്കുന്ന അരണിയാണ് രാമനെന്ന് അനുഭവിച്ചറിയുമ്പോള്‍ രാമായണജ്ഞാനം പൂര്‍ണ്ണതയിലേക്ക് സഞ്ചരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: