ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തില്‍ മത്സരിക്കാനില്ലെന്ന് ആപ്പ് നേതൃത്വം പ്രഖ്യാപിച്ചു. ദല്‍ഹി നിയമസഭയിലേക്ക് കോണ്‍ഗ്രസിനെ കൂടെക്കൂട്ടാതെ തനിയെ മത്സരിക്കുമെന്ന് ആപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ദല്‍ഹിയിലും ഹരിയാനയിലും ലഭിച്ചത്. ദല്‍ഹിയില്‍ ഏഴില്‍ ഏഴു സീറ്റിലും ആപ്പ്- കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടു. ഹരിയാനയില്‍ കോണ്‍ഗ്രസിന് സഖ്യം നേട്ടമായെങ്കിലും ആപ്പ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. പഞ്ചാബില്‍ ആപ്പിന്റെ എംപിമാരുടെ എണ്ണം ഒന്നില്‍ നിന്ന് 3 ആക്കി ഉയര്‍ത്താന്‍ മാത്രമാണ് സാധിച്ചത്. പഞ്ചാബില്‍ സഖ്യത്തില്‍ ചേരാതെ തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് ഏഴ് ലോക്സഭാ സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ആപ്പ് മൂന്നിലേക്ക് ഒതുങ്ങി. വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയിട്ടും അതിന്റെ പ്രയോജനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആപ്പിന് ലഭിച്ചില്ല. ഗുജറാത്തിലും ആപ്പ് ദയനീയമായി പിന്നിലായി. ഇതാണ് കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ ആപ്പ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
ഹരിയാനയിലെ 90 സീറ്റിലും ആപ്പ് തനിച്ച് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ ഭഗവന്ത്സിങ് മാന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും ഛണ്ഡീഗഡില്‍ മാധ്യമങ്ങളെ കണ്ട മാന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ഇന്‍ഡി മുന്നണി പ്രതിപക്ഷമായി നില്‍ക്കുമ്പോഴും സംസ്ഥാനങ്ങളില്‍ മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ ഭിന്നതയും മത്സരവുമാണ് നടക്കുന്നത്.
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബംഗാളിലടക്കം ഇന്‍ഡി സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ചിരുന്നു. ഹരിയാന, ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും സമാന സ്ഥിതിയാണ് ഉണ്ടാവുകയെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: