പെരുമ്പാവൂർ: ആരോഗ്യപരിരക്ഷയ്‌ക്ക് അത്യുത്തമമെന്ന വിശ്വാസത്തിലാണ് ആയുർവ്വേദാചാര്യനായ തോട്ടുവയിലെ ധന്വന്തരിമൂർത്തിയുടെ മുക്കുടി നിവേദ്യം വർഷത്തിൽ രണ്ടുതവണ ഭക്തർ സേവിയ്‌ക്കുന്നത്. കർക്കടകത്തിലെ മുക്കുടി വിതരണം തിങ്കളാഴ്ചയാണ്. ഇതിനു മുന്നോടിയായി ധന്വന്തരി ഹോമം നടക്കും. പ്രത്യേക പൂജകൾക്കുശേഷമാണ് മുക്കുടി നൽകുന്നത്.
ഔഷധസമാനമായി കാണുന്ന ഈ ദ്രവരൂപത്തിലുള്ള നിവേദ്യം വർഷത്തിൽ രണ്ടുതവണയാണ് ഭക്തർക്കു ലഭിയ്‌ക്കുന്നത്. പുളിയാറില, പനിക്കൂർക്കയില, മുക്കുറ്റി, മഞ്ഞൾപ്പൊടി, കുരുമുളക്, അയമോദകം, ജീരകം, ചുക്ക്, ഇന്തുപ്പ്, പുളിയില്ലാത്ത മോര് ഇവ ആയൂർവ്വേദവിധിപ്രകാരം ചേർത്ത് മൺകലത്തിൽ തയ്യാറാക്കിയെടുക്കുന്നതാണ് മുക്കുടി. മേൽശാന്തി നേരിട്ടാണ് ഔഷധക്കൂട്ടു തയ്യാറാക്കി ദേവന് നിവേദിയ്‌ക്കുന്നത്. നാടിന്റെ പലഭാഗത്തുനിന്നും കർക്കടകത്തിലെ മുക്കുടിയ്‌ക്കായി ഭക്തരെത്തുക പതിവാണ്. മകരത്തിലും കർക്കടകത്തിലും തിരുവോണം നാളിലാണ് ഈ വഴിപാട്.
ശ്രീകോവിലിനുള്ളിൽ ഔഷധക്കൂട്ട് നിവേദിച്ച് രാവിലെ 7 മുതൽ പ്രസാദമായി ഭക്തജനങ്ങൾക്കു നൽകും. ധന്വന്തരി ഹോമത്തിൽ പങ്കെടുക്കാൻ ആയുർവ്വേദ ഡോക്ടർമാരടക്കം എത്താറുണ്ട്. രോഗശമനത്തിനായി പ്രത്യേക വഴിപാടുകളുള്ള ക്ഷേത്രമാണ് തോട്ടുവയിലേത്. ഔഷധം സേവിച്ച് വിശ്രമിച്ച് ഉച്ചയ്‌ക്ക് വിഭവസമൃദ്ധമായ തിരുവോണമൂട്ടിലും പങ്കെടുത്താണ് ഭക്തർ മടങ്ങുക. വൈകിട്ട് മുഴുക്കാപ്പ്, നിറമാല,ചുറ്റുവിളക്ക് എന്നിവയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: