ഡോ. എംഎസ് വല്യത്താൻ എന്നറിയപ്പെടുന്ന മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ വിടവാങ്ങിയതോടെ അവസാനിച്ചത് ഹ്ര്യദയ ശസ്ത്രക്രിയയുടെ വിജയഗാഥയുടെ ഒരു യുഗമാണ്. മാവേലിക്കര രാജകുടുംബത്തിലെ മാർത്താണ്ഡവർമയുടെയും ജാനകിയമ്മയുടെയും മകനായി 1934 മേയ് 24നാണ് എം എസ് വല്യത്താൻ ജനിച്ചത്. മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ എന്നാണ് മുഴുവൻ പേര്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യബാച്ചുകാരനായി ഒന്നാം ക്ലാസോടെ മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി.
എംഎസ് പഠനം യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലായിരുന്നു. എഫ്ആർസിഎസ് കൂടി എടുത്തശേഷമാണ് നാട്ടിൽ തിരികെ എത്തുന്നത്. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും മദ്രാസ് ഐഐടിയിലും ജോലിചെയ്തു. 1974ൽ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ അഭ്യർത്ഥന പ്രകാരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിപ്പടുക്കുന്നതിനുള്ള ചുമതലയേറ്റു. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹത്തെ മലയാളികൾക്കു കൂടുതൽ പരിചയം.
മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാട് തന്നെ അദ്ദേഹം മാറ്റിയെടുത്തു. മെഡിക്കൽ സാങ്കേതികവിദ്യയ്‌ക്ക് കൂടുതൽ ഊന്നൽ നൽകി. വിദേശത്തുനിന്നു വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്‌ക്കു വാൽവ് ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളുടെ മാറ്റ് വളരെക്കൂടുതലാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രീചിത്രയിലെ ബയോമെഡിക്കൽ വിഭാഗത്തിലാണ് രാജ്യത്ത് ആദ്യമായി കൃത്രിമ ഹൃദയവാൽവ്, ബ്ലഡ് ബാഗ്, ഓക്സിജനേറ്റർ തുടങ്ങിയവ നിർമിച്ചത്.
നൂറിലേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് ഇന്ത്യൻ സയൻസ് അക്കാദമിയുടെ ധന്വന്തരി പ്രൈസ്, ഓംപ്രകാശ് ഭാസിൻ ദേശീയ അവാർഡ്, ആർ.ഡി. ബിർല അവാർഡ്, ജവാഹർലാൽ നെഹ്റു പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും തൊറാസിക് സർജൻമാരുടെ സൊസൈറ്റിയിലെ മുതിർന്ന അംഗമായിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പദവിയും ലഭിച്ചിട്ടുണ്ട്.
ദേശീയ ശാസ്ത്ര അക്കാദമി അധ്യക്ഷനും, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ ഉപാധ്യക്ഷനുമായിരുന്ന ഡോ. വല്യത്താൻ മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ വിസിറ്റിങ് പ്രഫസർ, കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ നാഷനൽ റിസർച്ച് പ്രഫസർ, യുജിസി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
ഇന്ത്യൻ സയൻസ് അക്കാദമിയുടെ ധന്വന്തരി പ്രൈസ്, ഓംപ്രകാശ് ഭാസിൻ ദേശിയ അവാർഡ്.ആർ.ഡി ബിർല അവാർഡ്, ജവഹർലാൽ നെഹ്റു പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ ശാസ്ത്രസാങ്കേതി ക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി. ഭാരതം 1984ൽ പത്മശ്രീയും 2005ൽ രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷനും നൽകി അദ്ദേഹത്തെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: