തിരുവനന്തപുരം തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ കരാര്‍ തൊഴിലാളി ജോയിയുടെ മരണം അക്ഷരാര്‍ത്ഥത്തില്‍ മലയാളിയെ ഞെട്ടിച്ചിരിക്കുകയാണ്.
കേരളത്തിന്റെ തലസ്ഥാനവും ഭരണസിരാകേന്ദ്രവുമായ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും 20 മന്ത്രിമാരുടെയും കോര്പ്പറേഷന് മേയറുടേയും മൂക്കിന് താഴെയാണ് ഈ സംഭവം എന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഒരു ചാണ് വയറിന്റെ വിശപ്പടക്കാനായാണ് 1500 രൂപ കൂലിക്കു വേണ്ടി ജോയി, ആ ജോലി ഏറ്റെടുത്തത്. മലീമസമായ ആമയിഴഞ്ചാന്‍ തോട് (പഴവങ്ങാടി തോട്) വൃത്തിയാക്കാന്‍ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കാതെ ആ കരാര്‍ തൊഴിലാളിയെ ഇറക്കിവിട്ടത് ആരാണ്? ആര്‍ക്കുവേണ്ടിയാണ്? അവരെയൊക്കെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നേ മതിയാവൂ. ജോയിയുടെ മരണത്തിന് അവര്‍ മറുപടി പറഞ്ഞേ മതിയാവൂ. ലോക ബാങ്കില്‍ നിന്നും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് ഓരോ കൊല്ലവും സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കായി നഗരസഭകള്‍ കൈപ്പറ്റി ക്കൊണ്ടിരിക്കുന്നത്. അവയൊക്കെ എങ്ങോട്ട് ഒഴുകിപ്പോകുന്നു എന്ന് ചോദിച്ചാല്‍, തിരുവനന്തപുരത്തെ ആമയിഴഞ്ചന്‍ തോടുകളിലൂടെ ഒഴുകി ആക്കുളം കായലില്‍ എത്തുന്നു എന്ന് പറയാം. എല്ലാ കൊല്ലവും ഉള്ള തോട് വൃത്തിയാക്കല്‍ മാമാങ്കം അഴിമതി നടത്താനുള്ള സുവര്‍ണാവസരമായിട്ടാണ് അധികാരികള്‍ കാണുന്നത്. ഒരു വലിയ മാലിന്യ കൂമ്പാരത്തിന് മുകളിലാണ് തിരുവനന്തപുരം നിവാസികള്‍ ഇപ്പോള്‍ ജീവിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
തിരുവനന്തപുരം നഗരത്തിലെ മഴവെള്ളം നഗരത്തില്‍ കെട്ടിനില്‍ക്കാതെ കടലിലേക്ക് കൊണ്ടെത്തിക്കാന്‍ വേണ്ടി തിരുവിതാംകൂര്‍ ഭരിച്ച മഹാരാജാക്കന്മാരുടെ കാലത്ത് പണിതീര്‍ത്തതാണ് പട്ടം, ഉള്ളൂര്‍, കുന്നുകുഴി, പഴവങ്ങാടി തോടുകള്‍. ഇതെല്ലാം ആമയിഴഞ്ചാന്‍ തോടുകള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നു. ഇതിലൂടെ വെള്ളം സാവധാനത്തില്‍ ഒഴുകുന്നതിനാലാണ് ആമയിഴഞ്ചാന്‍ തോടെന്ന വിളിപ്പേര് വന്നത്. 40 വര്‍ഷം മുന്‍പ് വരെ നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന ഈ തോടുകളിലെ ജലം മലിനമായിരുന്നില്ല. ഉള്ളൂര്‍ തോട്ടിലും പട്ടം തോട്ടിലും ഒക്കെ ആളുകള്‍ കുളിച്ചിരുന്നു. പക്ഷേ ഇന്നത്തെ അവസ്ഥയെന്താണ്? കുളിക്കാന്‍ പോയിട്ട് ആ വെള്ളത്തിലൊന്ന് സ്പര്‍ശിക്കാന്‍ പോലും ആരും തയ്യാറാവില്ല. നഗരത്തില്‍ പെയ്തിറങ്ങുന്ന മഴവെള്ളവും പാടശേഖരങ്ങള്‍, കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും പേറി ശുദ്ധജലവാഹിനികളായി ഒഴുകിക്കൊണ്ടിരുന്ന ഈ തോടുകളെല്ലാം ഇന്ന് ആശുപത്രി മാലിന്യങ്ങളും സ്വീവേജ് മാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും അറവുശാലകളില്‍ നിന്നുള്ള അറവ് മാലിന്യങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് മലീമസം ആയിരിക്കുന്നു.
തമ്പാനൂരില്‍ കൂടി കടന്നു പോകുന്ന ആമയിഴഞ്ചാന്‍ തോട്ടിലാണ് (പഴവങ്ങാടി തോട്) നഗരമാലിന്യങ്ങള്‍ ഏറെയും. അതിലൂടെ ഒഴുകുന്ന മാലിന്യങ്ങളില്‍ ഏറിയ പങ്കും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ അടിയിലൂടെയുള്ള ടണലില്‍ കുന്നുകൂടി കിടക്കുകയാണ്.
2015 കാലഘട്ടത്തില്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണും തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകറും ദീര്‍ഘവീക്ഷണത്തോടെ നിശ്ചയദാര്‍ഢ്യത്തോടെ സമര്‍ത്ഥരായ ഒരു കൂട്ടം ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷന് അനന്ത എന്ന പേരില്‍ തിരുവനന്തപുരം നഗരം വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചു (Urban flood mitigation of Thiruvananthapuram Operation Anantha). അന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ അടിയിലുള്ള ടണലില്‍ നിന്ന് 700 ലോഡ് മണ്ണും ചെളിയും ചപ്പും ചവറും നീക്കം ചെയ്തിരുന്നു.
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷന് അനന്ത. തമ്പാനൂര്‍ -ചാല – പഴവങ്ങാടി മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടാക്കുന്ന അനധികൃത കൈയ്യേറ്റങ്ങള്‍ അന്ന് ഒഴിപ്പിച്ചു. ഓടകള്‍ക്ക് മുകളില്‍ പണിത അനധികൃത നിര്‍മിതികളെല്ലാം ഇടിച്ചു മാറ്റി, ഓടകള്‍ പുനര്‍ നിര്‍മിച്ചു. വെള്ളമൊഴുകി പോകാനുള്ള ഓടകളും തോടുകളും നവീകരിച്ചു. 2016 ല്‍ പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഓപ്പറേഷന് അനന്ത പദ്ധതിയും പാതിവഴിയില്‍ നിലച്ചു.
കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് നടക്കാത്തതു മൂലം ആമയിഴഞ്ചാന്‍ തോടുകളില്‍ മണ്ണും ചെളിയും മാലിന്യവും വീണ്ടും നിറഞ്ഞു. കഴിഞ്ഞ (2023) ഒക്ടോബറിലും നവംബറിലും നഗരം മഴയില്‍ മുങ്ങിയതോടെ ആമയിഴഞ്ചാന്‍ തോടുകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി, വന്‍ ചര്‍ച്ചകള്‍ നടന്നു. അതോടെ ആമയിഴഞ്ചാന്‍ തോട് നവീകരണത്തിന് സര്‍ക്കാര്‍ 25 കോടി രൂപ അനുവദിച്ചു. കോടികള്‍ തോട്ടിലൂടെ ഒഴുകി പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. ആമയിഴഞ്ചാന്‍ തോട്ടിലെ കാഴ്ചകള്‍ കേരളത്തിലെ ജനം വിവിധ ദൃശ്യമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് അടിയിലുള്ള ഭാഗത്ത് ഇപ്പോഴും 700 ലോഡിലധികം ചപ്പും ചവറും ചെളിയും മണ്ണും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അറവു മാലിന്യങ്ങളും അടിഞ്ഞുകൂടി കിടപ്പുണ്ട്. ഇതാണ് ഒരു ചെറു മഴയത്ത് പോലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരം മുങ്ങിപ്പോകാന്‍ കാരണം. ശരിയായ രീതിയില്‍ ആ ഭാഗങ്ങളിലെ ചപ്പുചവറുകള്‍ സമയാ സമയം നീക്കം ചെയ്തില്ലെങ്കില്‍ രണ്ടു വര്‍ഷത്തിനകം ആ ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമെന്നും വീണ്ടും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെള്ളപ്പൊക്കം ഉണ്ടാകുമെന്നും ബിജു പ്രഭാകര്‍ 2016 ല്‍ പറഞ്ഞിരുന്നു.
1956ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് 1984ല്‍ കേരള വാട്ടര്‍ അതോറിറ്റി ആയിത്തീരുന്നതുവരെ പഴവങ്ങാടി തോടിന്റെ ഉത്ഭവസ്ഥാനമായ ഒബ്സര്‍വേറ്ററി ഹില്‍ മുതല്‍ പഴവങ്ങാടി- കണ്ണമൂല വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയിരുന്നു. 1984 ല്‍ വാട്ടര്‍ അതോറിറ്റി രൂപീകരിച്ചതിനു ശേഷം പത്തുവര്‍ഷത്തോളം കേരള വാട്ടര്‍ അതോറിറ്റി തന്നെയാണ് ഈ തോട്ടിലെ അറ്റകുറ്റപ്പണികളൊക്കെ നടത്തിയത്. അതിനുശേഷമാണ് പഴവങ്ങാടി തോടിന്റെ പരിപാലനം മൈനര്‍ ഇറിഗേഷന്‍ വകുപ്പിനെ ഏല്‍പ്പിച്ചത്. അതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഇന്ന് നഗരത്തിലെ മാലിന്യങ്ങള്‍ പേറി ഒഴുകുന്ന ആമയിഴഞ്ചാന്‍ തോടുകള്‍, രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും ഒരു കറവപ്പശുവാണ്.
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള സ്രോതസായ അരുവിക്കരയില്‍ നിന്നാണ് വെള്ളയമ്പലത്തെ ഒബ്സര്‍വേറ്ററി ഹില്ലിലേക്ക് നഗരത്തിന് ആവശ്യമായ വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നത്. അവിടെവച്ച് വെള്ളം ശുദ്ധീകരിച്ച് നഗരത്തിലെ എല്ലാ സ്ഥലത്തും വിതരണം ചെയ്തുവരുന്നു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ നിര്‍ദേശപ്രകാരമാണ് ബ്രിട്ടീഷുകാരനായ വെല്ലിങ്ടണ്‍ സായിപ്പ് പ്രസ്തുത വാട്ടര്‍ സപ്ലൈ സിസ്റ്റം നിര്‍മിച്ച് നടപ്പില്‍ വരുത്തിയത്. അന്ന് വാട്ടര്‍ ടാങ്കുകള്‍ ഓവര്‍ ഫ്ളോ ചെയ്യുന്ന വെള്ളം ഒഴുക്കിക്കളയാനും, വെള്ളം ശുദ്ധീകരിക്കുന്ന ഫില്‍ട്ടറുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ഒഴുക്കി കളയാനുമാണ് പഴവങ്ങാടി തോട് പണിതത്. ഒബ്സര്‍വേറ്ററി ഹില്ലിലൂടെ – ബേക്കറി ജംഗ്ഷനിലൂടെ – തമ്പാനൂരിലൂടെ – പഴവങ്ങാടി വഴി ഒഴുകി കണ്ണമ്മൂലയില്‍ എത്തി ഉള്ളൂര്‍, പട്ടം തോടുകളുമായി ചേര്‍ന്ന് ആക്കുളം കായലില്‍ പോയി പതിക്കുന്ന രീതിയിലാണ് പഴവങ്ങാടി തോട് വിഭാവനം ചെയ്ത് നടപ്പിലാക്കിയത്.
50 വര്‍ഷത്തിന് മുന്‍പുള്ള ഉള്ളൂര്‍, പട്ടം, പഴവങ്ങാടി ആമയിഴഞ്ചാന്‍ തോടുകളുടെ പല ഭാഗത്തുമുള്ള ക്രോസ് സെക്ഷന്‍ ഏരിയയുടെ ചിത്രങ്ങള്‍ മേജര്‍ മൈനര്‍ ഇറിഗേഷന്‍ ഓഫീസുകളിലെ ഫയലുകളില്‍ ഉറങ്ങുന്നുണ്ട്. അന്നത്തെ ചിത്രങ്ങള്‍ പരിശോധിച്ച ശേഷം, ഇന്ന് ആ ഭാഗങ്ങളിലെ ക്രോസ് സെക്ഷന്‍ ഏരിയ പരിശോധിച്ചാല്‍ തോടിലെ മിക്കവാറും സ്ഥലങ്ങളിലും 10 അടിയില്‍ കൂടുതല്‍ ചപ്പും ചവറും മണ്ണും ചെളിയും അടിഞ്ഞു കിടപ്പുണ്ട് എന്ന് മനസ്സിലാകും. എന്നാല്‍ ആ മാലിന്യങ്ങള്‍ കോരി മാറ്റാനോ, തോടു വൃത്തിയാക്കാനോ ബന്ധപ്പെട്ട അധികൃതര്‍ക്ക് താല്പര്യമില്ല. അതേസമയം കോണ്‍ക്രീറ്റ് സൈഡ് ഭിത്തി കെട്ടാനും, തോടിന്റെ ഇരുവശങ്ങളിലും സ്റ്റീല്‍ ഫെന്‍സിങ് കൊടുക്കാനും പേരിന് തോടിന്റെ സൈഡില്‍ അടിഞ്ഞുകൂടിയ മണ്ണ് ജെസിബി കൊണ്ട് എടുത്ത് വില്‍ക്കാനുമാണ് അവര്‍ക്ക് താല്പര്യം.
കഴിഞ്ഞ ഒക്ടോബറിലെയും നവംബറിലെയും കനത്ത മഴയില്‍ തോടുകള്‍ കരകവിഞ്ഞ് തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിലെ അഞ്ഞൂറിലേറെ വീടുകളില്‍ വെള്ളം കയറിയപ്പോള്‍ ആ വീടുകളിലെ താമസക്കാര്‍ക്ക് ഉണ്ടായ നഷ്ടം 20 കോടിയോളം രൂപയാണ്.
സമയാസമയങ്ങളില്‍ തോടുകള്‍ വൃത്തിയാക്കിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടി വരുമായിരുന്നോ?
ജോയിയെ പോലെ ഏതെങ്കിലും ഒരു പാവപ്പെട്ട ഒരാളുടെ ജീവന് ബലിദാനം നടത്തിയാല്‍ മാത്രമേ അധികൃതര്‍ തിരിഞ്ഞു നോക്കുകയുള്ളൂ എന്നുള്ള ദയനീയ സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതില്‍ നിന്നൊരു മോചനം എന്ന് സാധ്യമാകും.
(കേരള പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിലെ റിട്ട ഹൈഡ്രോഗ്രാഫറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: