ജമ്മു കശ്മീരിലെ ദോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചത് ആശങ്കാജനകമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനത്ത് തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ നടത്തി അസ്വസ്ഥത പടര്‍ത്താന്‍ ഭീകരവാദികള്‍ ആസൂത്രിതമായി ശ്രമിക്കുകയാണ്. എന്തുവിലകൊടുത്തും കശ്മീരില്‍ സമാധാനം കെടുത്തുകയെന്നതാണ് അവരുടെ ലക്ഷ്യം. ദോഡയില്‍ കരസേനയും കശ്മീര്‍ പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തുകയും, ഏറ്റുമുട്ടല്‍ നടക്കുകയുമായിരുന്നു. ഈ മാസം തന്നെ ദോഡ-കത്വ ജില്ലകളില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലുകളില്‍ ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചിരുന്നു. രണ്ടര വര്‍ഷത്തിനിടെ നാല്‍പ്പത്തിയെട്ട് സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചു. കശ്മീരിലെ ഇപ്പോഴത്തെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പാകിസ്ഥാന്റെ കൈകളാണെന്ന കാര്യത്തില്‍ സംശയമില്ല. ആക്രമണം നടത്തുന്നത് ഇസ്ലാമിക ഭീകര സംഘടനകളും അവയുടെ ചാവേറുകളുമാണെങ്കിലും പാക് ഭരണകൂടത്തിന്റെ മതപരവും രാഷ്ട്രീയവുമായ താല്‍പ്പര്യമാണ് ഇതിലെ മുഖ്യഘടകം. ആഭ്യന്തര കലാപങ്ങളും സാമ്പത്തികക്കുഴപ്പങ്ങളും രാഷ്ട്രീയ അസ്ഥിരതയും കൊണ്ട് പാക് ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണ്. യുഎന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര വേദികളില്‍ തങ്ങളുടെ ഒറ്റപ്പെടലിനു പിന്നില്‍ ഭാരതത്തിന്റെ ഇടപെടലുകളാണെന്ന് പാകിസ്ഥാന് നന്നായറിയാം. കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചാല്‍ ഭാരതത്തിന്റെ ആത്മവിശ്വാസം കുറയ്ക്കാനും, അന്താരാഷ്ട്ര വേദികളില്‍ കരുത്ത് കാട്ടാനും കഴിയുമെന്നാണ് പാക് ഭരണാധികാരികള്‍ വ്യാമോഹിക്കുന്നത്. പാക്കധീന കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്ന കലാപങ്ങളും, ഭാരത സൈന്യം ഏതുനിമിഷവും ഇവിടേക്ക് മാര്‍ച്ച് ചെയ്തേക്കാമെന്ന ഭീതിയും പാക് ഭരണാധികാരികളുടെ ഉറക്കം കെടുത്തുകയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ കണ്ട പ്രതികരണം പാകിസ്ഥാന്റെയും ഭീകരവാദികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഒരുകാലത്ത് ഭീകരവാദികളുടെ താവളമായിരുന്ന ബാരാമുള്ളയിലും മറ്റും അഭൂതപൂര്‍വമായ പോളിങ്ങാണുണ്ടായത്. മുന്‍കാലങ്ങളില്‍ ഭീകരവാദികളുടെ ഭീഷണിമൂലം ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമായിരുന്നില്ല. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കശ്മീരിലെ തെരഞ്ഞെടുപ്പുകള്‍ പ്രഹസനങ്ങളായിരുന്നു. പല ബൂത്തുകളിലും ഒരൊറ്റ വോട്ടുപോലും പോള്‍ ചെയ്തിരുന്നില്ല. ഈ അവസ്ഥയില്‍നിന്നാണ് മോദി സര്‍ക്കാരിന്റെ കാലത്ത് നാടകീയ മാറ്റങ്ങള്‍ കശ്മീരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനയിലെ കശ്മീരിനു മാത്രം ബാധകമായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാര്‍ വലിയ അടിച്ചമര്‍ത്തലാണ് നടത്തുന്നതെന്ന കോണ്‍ഗ്രസിന്റെയും കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആരോപണം വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ പഴയതുപോലെയാവുന്നതിലാണ് ഇക്കൂട്ടര്‍ക്ക് താല്‍പ്പര്യം. പാകിസ്ഥാന്റെ പിന്തുണയോടെ കശ്മീരില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് നാഷണല്‍ കോണ്‍ഗ്രസ്, പിഡിപി മുതലായ പാര്‍ട്ടികള്‍. ഭീകരവാദികളെ അനുകൂലിക്കുന്ന സമീപനം സ്വീകരിക്കുകയും, കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുകയെന്ന ഇരട്ടത്താപ്പാണ് ഈ പാര്‍ട്ടികളുടെ നേതാക്കള്‍ സ്വീകരിക്കുന്നത്. ഫറൂഖ് അബ്ദുള്ളയും മകന് ഒമര്‍ അബ്ദുള്ളയും പിഡിപിയുടെ മെഹ്ബൂബയും സിപിഎമ്മിന്റെ ഒരേയൊരു കനല്‍ത്തരിയായ തരിഗാമിയും പാകിസ്ഥാന്റെയും ഭീകരവാദികളുടെയും സ്വരത്തിലാണ് സംസാരിക്കുന്നത്.
ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുകയുണ്ടായി. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരുമായി പ്രധാനമന്ത്രി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഭീകരവാദികളെ നേരിടാന്‍ സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നടപടികള്‍ ധരിപ്പിക്കുകയുണ്ടായി. പാകിസ്ഥാന് എന്തൊക്കെ കുതന്ത്രങ്ങള്‍ പയറ്റിയാലും കശ്മീരില്‍ ഭീകരവാദികള്‍ തലപൊക്കാന്‍ അനുവദിക്കരുത്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിരിക്കുന്നത് ഇതിന് സഹായകമാകും. കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇക്കാര്യം ഒന്നിലധികം തവണ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇങ്ങനെയൊന്ന് നടക്കരുതെന്നാണ് പാകിസ്ഥാന്റെയും പ്രതിപക്ഷത്തിന്റെയും ആഗ്രഹം. കാരണം കശ്മീരില്‍ ജനാധിപത്യം തകര്‍ന്നിരിക്കുകയാണെന്ന ഇക്കൂട്ടരുടെ അവകാശവാദം തെറ്റാണെന്ന് തെളിയും. കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുകയും, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്യും. ഇതിന് ഭീകരവാദത്തെ നിഷ്കരുണം അടിച്ചമര്‍ത്തുക തന്നെ വേണം. കശ്മീരിലെ ഭീകരര്‍ക്ക് മാത്രമല്ല, മറ്റിടങ്ങളിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കും ഇതൊരു പാഠമാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: