കൊച്ചി: മൂന്നു ദിവസമായി തോരാത്ത തീവ്ര മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. കനത്ത മഴയില്‍ വീടുകളിലും റോഡുകളിലും വെള്ളം കയറിയും മരങ്ങള്‍ വീണും മണ്ണിടിഞ്ഞും ഗതാഗതം സ്തംഭിച്ചും വൈദ്യുതി മുടങ്ങിയും ജനജീവിതം ദുസ്സഹമായി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കുള്ളതിനാല്‍ അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്.
ഇന്നലെ മഴക്കെടുതിയില്‍ നാലു പേര്‍ക്കു കൂടി ജീവന് നഷ്ടപ്പെട്ടു. ഇടുക്കി മാങ്കുളം താളുങ്കണ്ടം കുടിയില്‍ കൈത്തോട്ടില്‍ കാല് വഴുതി വീണ് യുവാവ് മരിച്ചു. സുനീഷ് സുരേഷ് (21) ആണ് മരിച്ചത്. ആലപ്പുഴ നഗരത്തില്‍ മട്ടാഞ്ചേരി പാലത്തിനു സമീപം മരം ഒടിഞ്ഞുവീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരന് ഉനൈസ് (30) മരണമടഞ്ഞു. പൂച്ചാക്കലില്‍ വീടുതകര്‍ന്ന് മൂന്നു പേര്‍ക്കു പരിക്കേറ്റു. തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് മര്യനാട്ട് വഞ്ചി മറിഞ്ഞ് മല്‍സ്യത്തൊഴിലാളി അലോഷ്യസ് മരണമടഞ്ഞു. പാലക്കാട് മുതുകുന്നില്‍ കഴിഞ്ഞ ദിവസം പുഴയില്‍ തേങ്ങ പെറുക്കാനിറങ്ങി കാണാതായ രാജേഷിന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. ഇതോടെ രണ്ടു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരണമടഞ്ഞവര്‍ 13 ആയി.
മിക്ക നദികളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. ചില നദികള്‍ കര കവിഞ്ഞു. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് 11 അണക്കെട്ടുകളാണ് ഇതിനകം തുറന്നത്.
അതിനിടെ, ബോട്ട് തിരയില്‍പ്പെട്ട് കേടായതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ തീരരക്ഷാസേനാ രക്ഷപ്പെടുത്തി. കൊച്ചി തീരത്തു നിന്ന് 80 നോട്ടിക്കല്‍ മൈല്‍ അകലെയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് ബോട്ട് കുടുങ്ങിയത.് നിരീക്ഷണത്തിനിടെയാണ് ഇത് കോസ്റ്റ് ഗാര്‍ഡ് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംഘം ബോട്ടിനടുത്തെത്തി അവരെ ബോട്ടില്‍ നിന്നു കപ്പലിലേക്കു നീക്കി. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ അവരെ കൊച്ചിയിലെത്തിച്ചു. മഴയിലും കാറ്റിലും കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി. കേരള തീരത്ത് 55 കി.മീ. വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
കെഎസ്ഇബിയുടെ നാലു ഡാമുകളും ജലസേചന വകുപ്പിന്റെ ഏഴു ഡാമുകളുമാണ് തുറന്നിരിക്കുന്നത്. പേപ്പാറ, കാഞ്ഞിരപ്പുഴ, പഴശ്ശി, മലങ്കര, ഭൂതത്താന്‍, അരുവിക്കര, മംഗലം, പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍ക്കുട്ടി, പാംബ്ല, കക്കാട് എന്നീ സംഭരണികളാണ് തുറന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: