തിരുവനന്തപുരം: ‘അച്ഛന്റെ മരണത്തോടെ ഞങ്ങള്‍ അനാഥരായി. അച്ഛന് മരിച്ച ആദ്യ ദിവസങ്ങളില്‍ മന്ത്രി വന്ന് സഹായം വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ചു. പക്ഷെ ഫീസ് കൊടുക്കാന്‍ പണമില്ലാതെ പഠനം മുടങ്ങുന്ന അവസ്ഥയായി. സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
മൂത്ത സഹോദരിക്ക് ജോലി വാഗ്ദാനം ചെയ്തെങ്കിലും അതും നല്‍കിയില്ല’… മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളി ബിജു ആന്റണിയുടെ മകള്‍ ബിനില വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പിക്കരഞ്ഞു.
മുതലപ്പൊഴിയില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് കുടുംബം ആരോപിച്ചു. മുതലപ്പൊഴി ദുരന്തം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നല്കിയ വാക്കുകളൊന്നും പാലിച്ചില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക ധനസഹായം, വീട്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് എന്നിവ സര്‍ക്കാര്‍ വഹിക്കുമെന്നാണ് ഉറപ്പുനല്‍കിയത്.
മരണമടഞ്ഞ മത്സ്യത്തൊഴിലാളികളെല്ലാം കുടുംബത്തിന്റെ ഏക വരുമാനമായിരുന്നവരാണ്. ഇവരുടെ മരണത്തിന് ശേഷം ദൈനംദിന ചെലവുകള്‍ക്ക് പോലും കഷ്ടപ്പെടുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഒരു കുടുംബത്തിലെ നാല് പേര് അപകടത്തില്‍ മരിച്ചത്. ആ സമയത്ത് മന്ത്രി സജി ചെറിയാന് വീട് സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും കുടുംബത്തിന് വീടും, കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അറിയിച്ചതാണ്.
എന്നാല്‍ ഒന്നും നടപ്പിലായില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകലാല സമരത്തിന് തയ്യാറാകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: