ആലപ്പുഴ:പുറക്കാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തതല്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ നിഗമനം.
പരിശോധനയില്‍ ആരും കല്ലെറിയുന്നതായി കാണുന്നില്ല. മറ്റ് വാഹനങ്ങളില്‍ നിന്ന് കല്ല് തെറിച്ചു വന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കല്ല് പതിച്ച് ബസിന്റെ മുന്‍ വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഡ്രൈവറെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബൈക്കില്‍ ഹെല്‍മറ്റ് വച്ച് എത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് ആരോപണം ഉണ്ടായത്. എറണാകുളത്ത് നിന്ന് കരുനാഗപ്പള്ളിക്ക് പോവുകയായിരുന്നു ബസ്. എതിര്‍ ദിശയില്‍ വന്ന ബൈക്കില്‍ നിന്നാണ് കല്ലേറ് ഉണ്ടായതെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്.
60 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നെങ്കലും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. ബൈക്ക് യാത്രികരെ കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ ഇവര്‍ കല്ല് എറിയുന്നതായി കണ്ടെത്താനായില്ല. ഇതോടെയാണ് കല്ല് ഏതോ വാഹനം കടന്നുപോയപ്പോള്‍ തെറിച്ചുവന്നതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: