തിരുവനന്തപുരം: രമേഷ് നാരായണനെ രോമേഷ് നാരായണനെന്ന് വിളിച്ചും ആസിഫ് അലിയോട് കാണിച്ച പുച്ഛഭാവം സംഘിശരീരഭാഷയാണെന്നും വരെ ആക്ഷേപിച്ച് മുസ്ലിം സമൂഹമാധ്യമ സൈറ്റുകള്‍. ചില വേദികളില്‍ മോദി കാണിക്കുന്നതുപോലുള്ള ശരീരഭാഷയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പറഞ്ഞുതീര്‍ക്കാവുന്ന ഒരു ചെറിയ പ്രശ്നത്തോട് ഇത്രയും വലിയ പ്രതികരണം കാണുമ്പോള്‍ ഇതില്‍ വര്‍ഗ്ഗീയതയുടെ വിഷം പുരണ്ടിട്ടില്ലേ എന്ന് സംശയിക്കുന്നതും സ്വാഭാവികം. സംഗീതസംവിധായകന്‍ ശരത് പറഞ്ഞതാണ് ശരി:”മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല രമേശ് അണ്ണാച്ചി, ആസിഫേ.. പോട്ടെടാ ചെക്കാ, വിട്ടുകള” എന്നാണ് ശരത് പറഞ്ഞത്.
എന്തിന് നടന്‍ ആസിഫ് അലി പോലും കാര്യങ്ങള്‍ വ്യക്തിമാക്കിയതാണ്. തനിക്ക് യാതൊരു പ്രശ്നവും തോന്നിയില്ലെന്നും രമേഷ് നാരായണന്റെ പേര് തെറ്റിവിളിച്ചതിനാലും അദ്ദേഹത്തിന് കാലിന് അസുഖമുള്ളതിനാലും ഉണ്ടായ മാനസിക സമ്മര്‍ദ്ദത്തിനിടയിലാണ് അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചതെന്നും ആസിഫ് അലി പറഞ്ഞു. എന്നിട്ടും രമേഷ് നാരായണനെതിരായ ചെണ്ടകൊട്ട് കേരളത്തില്‍ തീരുന്നില്ലെന്നതിനര്‍ത്ഥം ഇതിന് പിന്നില്‍ ചില അജണ്ടയുണ്ടെന്നാണ്. സുരേഷ് ഗോപിയെ സ്ത്രീപീഡകനാക്കിയ അതേ ഒളി അജണ്ട തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. സുരേഷ് ഗോപിയെ സ്ത്രീപീഡകനാക്കാന്‍ വനിതാമാധ്യമപ്രവര്‍ത്തകയെ ഗൂഢാലോചനയിലൂടെ വിഡ്ഡിവേഷം കെട്ടിച്ച അതേ മാധ്യമം തന്നെയാണ് വാര്‍ത്തകള്‍ പൊലിപ്പിച്ചെടുത്തും പ്രതികരണങ്ങള്‍ സംഘടിപ്പിച്ചും വിവാദം ആളിക്കത്തിച്ച് നിര്‍ത്തുന്നത്.
ആ വീഡിയോയില്‍ ആസിഫ് അലിയുടെ ഉരുകിയ പുഞ്ചിരി ശരിക്കും വേദനിപ്പിക്കുന്നു എന്നാണ് മറ്റ് ചിലര്‍ വിമര്‍ശിക്കുന്നത്. രമേഷ് നാരായണനെ സംഘിയാക്കിയാണ് പല വിമര്‍ശനങ്ങള്‍. എന്തിന്, ശാരദക്കുട്ടി എന്ന സിപിഐ നിരൂപക കൂടി രമേഷ് നാരായണന്‍ ജയരാജിനെ വിളിച്ചതിനെ ഹൈന്ദവ രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്തിയാണ് വിമര്‍ശിച്ചത്. ഒരിയ്‌ക്കല്‍ ആരാധകരുടെ തിരക്കിനിടയിലൂടെ നീങ്ങുന്ന നടന്‍ മമ്മൂട്ടി തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയതുപോലും വാര്‍ത്തായാകാത്ത നാടാണിത്.
വൃത്തിഹീനമായ പൊതുബോധങ്ങളുടെ പൊളിച്ചെഴുത്തിൽ ഇനിയെത്ര വിഗ്രഹങ്ങൾ വീണുടയും? എന്നാണ് കൈരളി ചാനല്‍ ചോദിക്കുന്നത്. മ്യൂസിക് സെന്‍സ് മാത്രം പോരാ, ചില കോമണ്‍ സെന്‍സും വേണം എന്നാണ് സംവിധായകന്‍ നാദിര്‍ഷയുടെ കമന്‍റ്. പിണറായി വിജയന്‍ കോവിഡ് കാലത്ത് സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ കൈകൊണ്ട് കൊടുക്കാതെ മേശപ്പുറത്ത് വെച്ചതുപോലും ഇവിടെ ആരും വിമര്‍ശനമാക്കിയില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ വന്നതിന് ചെറിയൊരു തുക മാത്രം നല്‍കുകയും മറ്റു ചിലരെ ഫ്ലൈറ്റില്‍ കൊണ്ടുവന്ന് വലിയ ഹോട്ടലുകളില്‍ താമസിപ്പിച്ച സാഹിത്യ അക്കാദമിയുടെ നടപടിയും വലിയ വാര്‍ത്തയായില്ല.
നടന്‍ സിദ്ദിഖ് ആസിഫ് അലിയെ പുകഴ്‌ത്തിക്കൊണ്ടാണ് പോസ്റ്റിട്ടത്. ചിലപ്പോള്‍ ചിലരുടെ അകത്ത് കിടക്കുന്ന ഫ്രോഡ് പുറത്തുചാടും എന്നായിരുന്നു രമേഷ് നാരായണനെതിരായ മറ്റു ചിലരുടെ വിമര്‍ശനം. എന്തായാലും കടന്നല്‍ക്കൂട് ഇളകിയതുപോലെയായിരുന്നു രമേഷ് നാരായണന്‍ എന്ന ‘സംഘി’ക്കെതിരായ ആക്രമണം.,
ഇത് സാധാരണ വിമര്‍ശനങ്ങളല്ല. ഗര്‍ഷോം എന്ന സിനിമയില്‍ ആര്‍ക്കും വിസ്മരിക്കാനാവാത്ത പറയാന്‍ മറന്ന പരിഭവങ്ങള്‍, തട്ടം പിടിച്ചു വലിക്കല്ലേ തുടങ്ങിയ ഗാനങ്ങള്‍ സമ്മാനിച്ച ആളെ ഇത്രയ്‌ക്ക് മോശമാക്കണോ എന്ന് മാത്രമാണ് സമാധാനകാംക്ഷികള്‍ ചോദിക്കുന്നത്.
പണ്ഡിറ്റ് ജസ് രാജിന് കീഴില്‍ മേവതി ഖരാന ശൈലിയില്‍ വര്‍ഷങ്ങളോളം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുള്ള ഗായകനാണ് രമേഷ് നാരായണ്‍. സംഗീതത്തിനോടുള്ള അഭിനിവേശം കാരണം വീട് വിട്ട് ഖരാനകള്‍ തേടി അലഞ്ഞുനടന്നിട്ടുള്ള ഗായകന്‍ കൂടിയാണ് രമേഷ് നാരായണ്‍. കാലിന് ലേശം വൈകല്യമുള്ള അദ്ദേഹം അത് കൂടി കണക്കിലെടുക്കാതെയാണ് സംഗീതം തേടി അലഞ്ഞത്. ഒടുവില്‍ ഒരു ദൈവാനുഗ്രഹം പോലെ അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തു.
സംഭവിച്ചതെന്ത്? രമേഷ് നാരായണന്റെ പ്രതികരണവും മാപ്പും
എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമകളായ ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസിനിടെ നടന്ന വിവാദമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. പുരസ്‌കാരദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ സംഗീതജ്ഞൻ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയിലാണ് പുതിയ വിവാദം. ആന്തോളജി സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന് സംഗീതം നൽകിയത് മലയാള സിനിമയ്‌ക്ക് അടക്കം നിരവധി സംഭാവനകൾ നൽകിയ പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. ‘മനോരഥങ്ങൾ’ എന്ന ചിത്രത്തിന്റെ ലോഞ്ചിംഗിനിടയില്‍ ചിത്രത്തിന്റെ അണിയറക്കാരെയെല്ലാം ആദരിച്ചിരുന്നു എന്നാല്‍ രമേഷ് നാരായണനെ വേദിയിലേക്ക് വിളിച്ചില്ല.ഒടുവിൽ ഇത് സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെ ക്ഷണിച്ചത്.‘ആസിഫ് അലിയെ ഒരിക്കലും അപമാനിച്ചിട്ടില്ല. ജീവിതത്തിൽ ആരോടും യാതൊരു വിവേചനം കാണിക്കാത്ത വ്യക്തിയാണ് ഞാൻ.ആസിഫ് അലിയുടെ കയ്യിൽ നിന്നും അവാർഡ് സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തോളിൽ തട്ടുകയും ചെയ്തിരുന്നു. അതും വീഡിയോയിൽ ഉണ്ട്. കരുതികൂട്ടി ആസിഫ് അലിയെ അപമാനിക്കേണ്ട ആവശ്യമില്ല. യുവ നടന്മാരിൽ ഇഷ്ടപ്പെട്ട ഒരാളാണ് ആസിഫ്.’- ഇതായിരുന്നു രമേഷ് നാരായണന്റെ പ്രതികരണം. അദ്ദേഹം ഫോണിലൂടെ ആസിഫ് അലിയെ വിളിച്ച് മാപ്പ് പറയുകയും ചെയ്തു. എന്നിട്ടും സമൂഹമാധ്യമസൈറ്റുകളില്‍ രമേഷ് നാരായണനെതിരെ സൈബറാക്രമണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: