ബെംഗളൂരു: മുണ്ടുടുത്ത് ഷോപ്പിംഗ് മാളിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ പ്രായം ചെന്ന കർഷകന് പ്രവേശനം നിഷേധിച്ചു. ബെംഗളൂരുവിലെ ജിടി മാളിലാണ് സംഭവം. കർഷകനെയും മകനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. മാളിലെ സിനിമാ തിയേറ്ററിൽ കർഷകനും മകനും സിനിമയ്‌ക്ക് ടിക്കറ്റ് ബുക്കുചെയ്തിരുന്നു. സിനിമ കാണുന്നതിനുവേണ്ടി ടിക്കറ്റുമായി എത്തിയപ്പോഴാണ് ഇരുവരെയും തടഞ്ഞത്. മുണ്ട് ധരിച്ചവർക്ക് മാളിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞത്. തങ്ങൾ ഏറെ ദൂരെനിന്ന് വരുന്നവരാണെന്നും മറ്റുവസ്ത്രങ്ങൾ കൈയിലില്ലെന്നും അറിയിച്ചെങ്കിലും മാനേജ്മെന്റ് നിർദ്ദേശങ്ങൾ പാലിക്കാൻ മാത്രമേ തങ്ങൾക്ക് കഴിയൂ എന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇരുവരോടും പറഞ്ഞത്. പാന്റ് ധരിച്ചാൽ ആ നിമിഷം അകത്തേക്ക് വിടാമെന്നും സെക്യൂരിറ്റി കർഷകനോട് പറയുന്നുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മാളിനെതിരെ പ്രതിഷേധം കടുത്തു. ഇന്ത്യൻ സംസ്കാരത്തെത്തന്നെ അപമാനിക്കുന്ന പ്രവൃത്തിയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും മാൾ അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായതെന്നാണ് ചിലർ പറയുന്നത്. മാൾ തെറ്റ് തിരുത്തുകയും വൃദ്ധനും മകനും ഒരുവർഷം സൗജന്യമായി സിനിമ കാണുന്നതിനുള്ള പാസ് നൽകണമെന്നാണ് മറ്റുചിലരുടെ ആവശ്യം.
സ്വന്തം നാട്ടിൽ സ്വന്തം വസ്ത്രം ധരിക്കുന്നത് വിലക്കാൻ ആർക്കും അവകാശമില്ലെന്നും ആത്മാഭിമാനമുള്ളവർ മാളിൽ പോകുന്നത് അവസാനിപ്പിക്കണമെന്നുമാണ് വേറെ ചിലരുടെ പ്രതികരണം. നിയന്ത്രണം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കിൽ ഇതിലും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. അതേസമയം, വിഷയത്തിൽ ഇതുവരെ മാൾ അധികൃതർ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക