Kerala

പാലസ്തീന്‍കാര്‍ക്ക് ജയ് വിളിക്കാന്‍ പോയത് ഇടതിന് തിരിച്ചടിയായി: വെള്ളാപ്പള്ളി

Published by

ചേര്‍ത്തല: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായത്തിന്റെ വോട്ട് കിട്ടിയില്ലെന്ന് എല്‍ഡിഎഫ് നേതാക്കളെക്കൊണ്ട് പറയിപ്പിക്കാനായത് അഭിമാനകരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാതിരുന്നതാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. ജനങ്ങളെ മറന്ന് പാലസ്തീന്‍കാര്‍ക്ക് ജയ് വിളിക്കാന്‍ പോയതും കുഴപ്പമായി. എസ്എന്‍ഡിപി യോഗം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷമാണ് നാട്ടിലെ സമ്പത്ത് കൈയടക്കുന്നത്. ഈ സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു വിഭാഗം എന്നെ ക്രൂശിക്കാന്‍ ശ്രമിച്ചു.

മുസ്ലീം സമുദായം കൂടുമ്പോള്‍ ഒന്നാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോദിയെ എതിര്‍ക്കാന്‍ രാജ്യത്തെ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി നിന്നു. ഇടതു പക്ഷത്തിന്റെ സ്വന്തക്കാരനായ കാന്തപുരത്തിന്റെ അനുയായികള്‍ വരെ ലീഗ് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. പുറത്തു നിന്നുള്ള ശക്തികള്‍ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നിച്ചു നേരിടാന്‍ കഴിയണം. സൗകര്യങ്ങള്‍ കൂടിയപ്പോള്‍ യോഗത്തിന്റെ താഴെത്തട്ടിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. ഈ അവസ്ഥ മാറണം. ഭാരവാഹികള്‍ക്കിടയില്‍ ഐക്യമുണ്ടാകണം. പരസ്പരം യോജിച്ച് ഒന്നായി നിന്ന് ഒന്നാകാന്‍ എല്ലാവരും തയാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യോഗം കൗണ്‍സിലര്‍മാരായ പി.സുന്ദരന്‍, പി.ടി. മന്‍മഥന്‍, ബേബി റാം, പച്ചയില്‍ സന്ദീപ്, എബിന്‍ അമ്പാടി, പി.കെ. പ്രസന്നന്‍, സി.എം. ബാബു, ഇ.എസ്. ഷീബ എന്നിവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by