ലണ്ടന്‍: ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ താരം കൂടിയായ ഗാരെത്ത് സൗത്ത്‌ഗേറ്റ്. യൂറോ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും പരാജയപ്പെട്ട് രണ്ട് ദിവസത്തിനകമാണ് ടീം മാനേജര്‍ പദവിയില്‍ നിന്നും ഒഴിയാന്‍ തീരുമാനിച്ചത്. ഞായറാഴ്ച ജര്‍മന്‍ തലസ്ഥാന നഗരം ബെര്‍ലിനില്‍ നടന്ന യൂറോ 2024 ഫൈനലില്‍ സ്‌പെയിനോട് 2-1ന് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് വെംബ്ലി സ്റ്റേഡിയത്തില്‍ ഇറ്റലിയോട് സൗത്ത്‌ഗേറ്റിന്റെ ടീം ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് യൂറോ ഫൈനലില്‍ കപ്പ് നഷ്ടപ്പെടുത്തിയിരുന്നു. പക്ഷെ അരനൂറ്റാണ്ടിനിടെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ലോക ഫുട്‌ബോളില്‍ ഇതുവരെയില്ലാത്ത തരത്തില്‍ സ്ഥിരതയും മികവും പുലര്‍ത്തിയ കാലമാണ് കടന്നുപോയത്. 2016ലാണ് സൗത്ത്‌ഗേറ്റ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിനെ ഏറ്റെടുക്കുന്നത്. അന്ന് മുതല്‍ ഇന്നുവരെ ടീമിന് മികച്ച വിജയങ്ങള്‍ നേടിക്കൊടുക്കാന്‍ സൗത്ത്‌ഗേറ്റിന് സാധിച്ചു. ഏറെ കാലത്തിന് ശേഷം 2018 ഫിഫ ലോകകപ്പ് ഇംഗ്ലണ്ട് സെമിയിലെത്തിച്ചു. അതിന് പിന്നാലെയാണ് കഴിഞ്ഞ യൂറോ കപ്പില്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇക്കുറി വീണ്ടും ഫൈനലിലെത്തിയാണ് ടീം അടയറ പറഞ്ഞത്.
53കാരനായ സൗത്ത്‌ഗേറ്റിന് കീഴില്‍ ഇംഗ്ലണ്ട് 102 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 61 മത്സരങ്ങളില്‍ വിജയിച്ചു. 17 മത്സരങ്ങളില്‍ തോറ്റു. മറ്റേതൊരു ഇംഗ്ലണ്ട് ഫുട്‌ബോള്‍ മാനേജര്‍മാരെക്കാളും വിജയം നേടിയ കോച്ച് ആണ് സൗത്ത്‌ഗേറ്റ്. നാല് പ്രധാന ടൂര്‍ണമെന്റുകളിലായി 14 വിജയങ്ങളാണ് ദേശീയ ടീമിന് നേടിക്കൊടുത്തത്.
ഇംഗ്ലണ്ടിനായി കളിക്കുകയും ചെയ്തു ടീമിന്റെ മാനേജര്‍ ആകുകയും ചെയ്തു. ഇങ്ങനെ ഒരു ഇംഗ്ലണ്ടുകാരനായതില്‍ അഭിമാനിക്കുന്നുവെന്ന് പരിശീലക പദവിയില്‍ നിന്നും പടിയിറങ്ങിക്കൊണ്ട് സൗത്ത്‌ഗേറ്റ് പറഞ്ഞു. എനിക്കാവുന്നതെല്ലാം ഞാന്‍ നല്‍കി- ഇത് ഒരു മാറ്റത്തിനുള്ള സമയമാണ്, പുതിയൊരു അധ്യായം കടന്നുവരട്ടെ- സൗത്ത്‌ഗേറ്റ് പറഞ്ഞു.
ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം സപ്തംബര്‍ ഏഴിന് അയര്‍ലണ്ടിനെതിരെയാണ്. യുവേഫ നേഷന്‍സ് ലീഗിലാണ് ആ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: