തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശം. മഴക്കെടുതിയില്‍ ഇന്ന് മാത്രം ഒമ്പത് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം വഴയിലയ്ക്ക് സമീപം ആറാം കല്ലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് തൊളിക്കോട് സ്വദേശിനി മോളി(42) മരിച്ചു.
പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് പേര് മരിച്ചു. തിരുവല്ലയിലും വയനാട്ടിലും ഷോക്കേറ്റ് രണ്ട് മരണം. മഴയിലും കാറ്റിലും മരം വീണും മറ്റും നിരവധി വീടുകളും തകര്‍ന്നു. മലപ്പുറത്ത് മാത്രം 35 വീടുകള്‍ക്ക് നാശമുണ്ടായി.
ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലംഗ സംഘത്തെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. പാലക്കാട് അലനല്ലൂര്‍ വെള്ളിയാറില്‍ ശനിയാഴ്ച കാണാതായ യൂസഫിന്റെ മൃതദേഹം മലപ്പുറം മേലാറ്റൂരില്‍ ഇന്ന് കണ്ടെത്തി. മലപ്പുറം കാടാമ്പുഴയില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു. മട്ടന്നൂര്‍ കോളാരിയിലെ കുഞ്ഞാമിന വയലിലെ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രശേഖരന്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് അയിലൂര്‍ മുതുകുന്നി പുഴയില്‍ നാളികേരം എടുക്കാന്‍ ഇറങ്ങി കാണാതായ പുത്തന്‍വീട്ടില്‍ രാജേഷിനായുള്ള തിരച്ചില്‍ തുടരുന്നു.
മലപ്പുറം ജില്ലയില്‍ കനത്ത മഴയിലും കാറ്റിലും മരം വീണ് ആറ് പേര്‍ക്ക് പരിക്ക്. താമരക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് പരിക്കേറ്റ ഡ്രൈവര്‍ അബ്ദുള്‍ ഹമീദിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടവണ്ണപ്പാറ പണിക്കരപുറായയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ തളിക്കുളം നമ്പിക്കടവില്‍ വീടിന് മുകളില്‍ തെങ്ങ് പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു.
കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറി കെട്ടിടത്തിന് മുകളില്‍ മരം വീണ് ഒരു ഭാഗം തകര്‍ന്നതോടെ മോര്‍ച്ചറി പ്രവത്തനവും പോസ്റ്റമോര്‍ട്ടവും താത്കാലികമായി നിര്‍ത്തി. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള കാഞ്ഞിരമരം കടപുഴകി വീണ് നടപന്തലും ആനകൊട്ടിലും തകര്‍ന്നു.
കോഴിക്കോട്ട് 16 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കനത്ത മഴ കാരണം ജില്ലയില്‍ ജില്ലാ ടൂറിസം പ്രൊമോഷന് കമ്മിറ്റിയുടെ കീഴിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രവും ബുധനാഴ്ച പ്രവര്‍ത്തിക്കില്ല. കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, വടകര സാന്‍ഡ്ബാങ്ക്സ്, അരീപ്പാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്ക് നാളെ അവധി .
അട്ടപ്പാടിയില്‍ ഭവാനി പുഴ കരകവിഞ്ഞ് താവളം പാലം വെള്ളത്തനടിയിലായി. ശക്തമായ മഴയില്‍ ഒരുവര്‍ഷം മുന്പ്മാത്രം പണിത വെങ്ങന്നിയൂര്‍ പൈപ്പ് ലൈന്‍ പാലം തകര്‍ന്നു. ആളിയാറില്‍ മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ചിറ്റൂര്‍ പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. ഭാരതപ്പുഴയില്‍ നീരൊഴുക്ക് കൂടിയതോടെ വെള്ളിയാങ്കല്ല് തടയണയുടെ കൂടുതല്‍ ഷട്ടറുകളും തുറന്നു. മധ്യകേരളത്തില്‍ മീനച്ചിലാറിലും മണിമലയാറ്റിലും പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. ലോവര്‍പെരിയാര്‍ വൈദ്യുതി നിലയത്തിലെ സ്വിച്ച് യാര്‍ഡിലേക്ക് വീണ്ടും മണ്ണിടിഞ്ഞു വീണു. ഇടുക്കിയില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലുണ്ടായി. ഗതാഗത തടസം നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: