കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഡോ സിവി ആനന്ദബോസ് നൽകിയ മാനനഷ്ടക്കേസിൽ മമതാ ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ രൂക്ഷവിമര്ശനവും പ്രസ്താവനാവിലക്കും.
ഗവർണർ ആനന്ദബോസിനെതിരെ അപകീർത്തികരമോ തെറ്റായതോ ആയ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷയുമായ മമത ബാനർജിയെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണറാവുവിലക്കി.
ഒരു വേദിയിലും ഇത്തരം പരാമർശങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ കഴിയാത്ത ഭരണഘടനാപരമായ അധികാരിയാണ് ഗവർണറെന്നും അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് പ്രതികളെ തടഞ്ഞില്ലെങ്കിൽ അത് ഗവർണർക്ക് നികത്താനാവാത്ത നഷ്ടവും പരിക്കും ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ്.
രാജ്ഭവൻ സന്ദർശിക്കാൻ തങ്ങൾക്ക് സുരക്ഷിതത്വമില്ലെന്ന് സ്ത്രീകൾ തന്നോട് പറഞ്ഞുവെന്ന മമത ബാനർജിയുടെ പ്രസ്താവനയ്‌ക്കും അപകീർത്തികരമായ പരാമര്ശങ്ങൾക്കുമെതിരെയാണ് ഗവർണർ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്.
മുഖ്യമന്ത്രിക്ക് പുറമെ രണ്ട് ടിഎംസി എംഎൽഎമാരെയും ടിഎംസി നേതാവ് കുനാൽ ഘോഷിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
“സത്യം വിജയിക്കു”മെന്നു പ്രതികരിച്ച ഗവർണർ ആനന്ദബോസ് “മമതാബാനര്ജിയുടെ പാതയിൽ ദൈവം വെളിച്ചം വിന്യസിക്കാൻ പ്രാര്ഥിക്കുന്ന”തായി കൂട്ടിച്ചേർത്തു. ബംഗാൾ ജനതയെ സേവിക്കുന്നതിനായി താൻ സ്വയം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ സംക്ഷിപ്ത രൂപം:
വാദി (ഗവർണർ) ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രയോജനം ഉപയോഗിച്ച് തനിക്കെതിരെ പ്രതികൾ (മമത ബാനർജിയും മറ്റുള്ളവരും) നടത്തുന്ന വ്യക്തിപരമായ ആക്രമണങ്ങളെ നേരിടാൻ അദ്ദേഹത്തിന് കഴിയില്ല. വാദിക്കെതിരെ ആരംഭിച്ച ക്രിമിനൽ പരാതി കോടതിയുടെ പരിഗണനയിലാണെന്ന് പ്രതികൾക്ക് (മമത ബാനർജിയും മറ്റുള്ളവരും) അറിവുണ്ടായിരുന്നു.
വാദിയുടെ (ഗവർണറുടെ) പ്രശസ്തിക്ക് കോട്ടം വരുത്തുന്നതിന് വേണ്ടി അശ്രദ്ധമായ രീതിയിലാണ് പ്രസ്താവനകൾ നടത്തിയിരിക്കുന്നതെന്ന് ഈ കോടതി അപലപിച്ചു. ഈ ഘട്ടത്തിൽ, ഒരു ഇടക്കാല ഉത്തരവ് അനുവദിച്ചില്ലെങ്കിൽ, പരാതിക്കാരന് (ഗവർണർ) എതിരെ അപകീർത്തികരമായ പ്രസ്താവനകൾ തുടരാനും വാദിയുടെ (ഗവർണർ) സത്പേരിന് കളങ്കം വരുത്താനും പ്രതികൾക്ക് (മമത ബാനർജിയും മറ്റുള്ളവരും) സ്വാതന്ത്ര്യം നൽകും. പരാതിക്കാരന് (ഗവർണർ) തന്റെ പ്രശസ്തിക്ക് നികത്താനാവാത്ത നഷ്ടവും പരിക്കും സംഭവിക്കും. മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, പരാതിക്കാരന് (ഗവർണർ) എതിരെ അപകീർത്തികരമോ തെറ്റായതോ ആയ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് പ്രതികളെ (മമത ബാനർജിയും മറ്റുള്ളവരും) തടഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: