തിരുവനന്തപുരം: വെള്ളനാട് ഉറിയക്കോട് പഞ്ചായത്തിൽ താമസിക്കുന്ന ഭിന്നശേഷിക്കാരനായ രാജേന്ദ്രന് സക്ഷമയുടെ ഇടപെടലിലൂടെ കുടിവെള്ളം ലഭ്യമാകുന്നു. പ്രദേശവാസികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നത്. ഒരു പമ്പും, ടാങ്കും, മുറ്റത്തും അടുക്കളയിലും ടോയ്ലെറ്റിലുമായി മൂന്നു ടാപ്പുകളും വച്ച് നൽകുകയായിരുന്നു.
രാജേന്ദ്രന്റെ നിസ്സഹായവസ്ഥ ഫെബ്രുവരി ആദ്യവാരം മാദ്ധ്യമ ശ്രദ്ധയില്‍ വന്നിരുന്നു. റോഡില്‍ നിന്നും മുന്നൂറു മീറ്ററോളം മാറി, റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ കഴിയുന്ന രാജേന്ദ്രന്റെ ഇടതു കൈയും ഇരുകാലുകളും കുട്ടിക്കാലത്തു തന്നെ പോളിയോ വന്ന് തളര്‍ന്നതാണ്. മാതാപിതാക്കളും സഹോദരനും ജീവിച്ചിരിപ്പില്ല. ആകെ ആശ്രയമുണ്ടായിരുന്ന ക്ഷേമ പെന്‍ഷനും ഇപ്പോള്‍ കുടിശ്ശികയായി. വിവരങ്ങള്‍ അറിഞ്ഞ് ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമയുടെ പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും ചില സഹായങ്ങള്‍ ചെയ്യുകയുമുണ്ടായി.
രാജേന്ദ്രന്റെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന് കിണറ്റില്‍ നിന്നും വെള്ളം എടുക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കണം എന്നതായിരുന്നു. പ്രധാനമന്ത്രി ജലജീവന്‍ മിഷന്റെ പൈപ്പും ടാപ്പുകളും വീട്ടില്‍ സ്ഥാപിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും പൊതുടാങ്ക് ഉള്‍പ്പെടെയുള്ള ബാക്കി പണികള്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിയാത്തതു കാരണം അത് വെറും നോക്കുകുത്തിയായി നില്‍ക്കുന്നു. ഇപ്പോള്‍ പ്രദേശവാസികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ സക്ഷമ കുടിവെള്ളത്തിന് വഴിയുണ്ടാക്കി. ഒരു പമ്പും, ടാങ്കും, മുറ്റത്തും അടുക്കളയിലും ടോയ്ലെറ്റിലുമായി മൂന്നു ടാപ്പുകളും വച്ച് നല്കി. നാട്ടുകാരുമായി ചേര്‍ന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്‌ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: