തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് വ്യാജ സ്വര്‍ണ്ണ ലോക്കറ്റ് ലഭിച്ചെന്ന ആക്ഷേപവുമായി ഒരാള്‍ കൂടി രംഗത്ത്. കുന്നംകുളം ആനായ്ക്കല്‍ സ്വദേശി തോപ്പില്‍ ഷാ രാഘവനാണ് തനിക്ക് ലഭിച്ചതും മുക്കുപണ്ടമായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. 2004 ല്‍ മിന്റില്‍ അടിച്ച രണ്ട് ഗ്രാമിന്റെ ലോക്കറ്റ് തന്നെയാണ് ഷായും വാങ്ങിയത്. അക്കാലത്ത് കോണ്‍ഗ്രസ് ഭരണസമിതിയാണ് ക്ഷേത്രം ഭരിച്ചിരുന്നത്. അന്ന് വാങ്ങിയ ലോക്കറ്റ് ഇന്നും ഷായുടെ കൈവശമുണ്ട്.
രണ്ടുവര്‍ഷം മുമ്പ് പണത്തിന് അത്യാവശ്യം വന്നപ്പോള്‍ ഒരു സഹകരണ സംഘത്തില്‍ ഇത് പണയം വെക്കുന്നതിനായി ചെന്നിരുന്നു. അവിടെയുള്ള മെഷീനില്‍ പരിശോധിച്ചപ്പോഴാണ് ഇത് വ്യാജ സ്വര്‍ണം ആണെന്ന് അറിയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാര്യം ആയതിനാലും, ഒറ്റപ്പെട്ട സംഭവം ആയിരിക്കാം എന്ന് കരുതിയതിനാലും അന്ന് പരാതി കൊടുത്തില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒറ്റപ്പാലം സ്വദേശിക്ക് ഉണ്ടായ ഇതേ അനുഭവം അറിഞ്ഞപ്പോഴാണ് ആസൂത്രിതമായ ഒരു കൊള്ളയാണെന്ന് തോന്നിയത്. അതുകൊണ്ടാണ് ഇക്കാര്യം ഇപ്പോള്‍ പരസ്യമാക്കുന്നതെന്നും ഷാ രാഘവന് പറഞ്ഞു.
2004ല്‍ മിന്റില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണ ലോക്കറ്റുകളില്‍ വ്യാജമില്ലെന്ന് കണ്ടെത്തിയതായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞതായി കണ്ടു .അത് ശരിയായിരിക്കാം. അപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശം ഇരിക്കുമ്പോഴാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് വ്യക്തമാവുകയാണ്. ലോക്കറ്റുകളുടെ വില്പന / വിതരണ രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന ജീവനക്കാര്‍ക്കും അവരുടെ മേലധികാരികള്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നും ഷാ പറയുന്നു.
വിശ്വാസത്തിന്റെ ഭാഗമായ കാര്യമായതിനാല്‍ ഇവിടെ നിന്നും ഭക്തര്‍ക്ക് നല്കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി പരീക്ഷിക്കുവാന്‍ ആരും മുതിരില്ല എന്ന നിഗമനം ആയിരിക്കാം ബന്ധപ്പെട്ടവരെ ഇത്തരം ഒരു പ്രവൃത്തിയിലേക്ക് നയിച്ചത് എന്ന് കരുതുന്നതായും ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: