കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് ചാര്‍വ്വാക ബ്രാഹ്മണരാണ് കൂടുതല്‍. അവരുടെ ചുമതല ഓരോ കാലത്തെയും പുതിയ തലമുറയില്‍പെട്ടവരെ-വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും- വഴി തെറ്റിക്കുക എന്നതാണ്. കേള്‍ക്കുമ്പോള്‍ ശരിയെന്നും യുക്തിഭദ്രമെന്നും തോന്നിപ്പിക്കുന്ന വാചാടോപങ്ങള്‍ നടത്താന്‍ കഴിവുള്ളവരായിരിക്കും അവര്‍. ഇന്നത്തെക്കാലത്ത് അത്തരക്കാരുടെ പേരിന്റെ മുന്നിലോ പിന്നിലോ ചില ബിരുദങ്ങളും രേഖപ്പെടുത്തിയിരിക്കും! ഡോ: ഇന്നയാള്‍, അല്ലെങ്കില്‍ പ്രൊഫസര്‍ തുടങ്ങിയവ കൂടിയുണ്ടെങ്കില്‍ തരക്കേടില്ലാത്ത ചന്തമൂല്യവും കിട്ടും. നമ്മുടെ സര്‍വ്വകലാശാലകളിലും അക്കാദമികളിലുമായിരിക്കും അവരുടെ ചാവേറാക്രമണങ്ങള്‍! ചാവുന്നേടംവരെ അവാര്‍ഡുകളും കസേരകളുമാണ് പ്രതിഫലം. ചാവേറിന്റെ രീതി കൊന്നും ചത്തും ഒടുങ്ങുകയാണല്ലോ. പുത്തന്‍ തലമുറകളുടെ ധിഷണയെ കൊന്നും സംസ്‌ക്കാരത്തെ തകര്‍ത്തും അവര്‍ മുന്നേറും. ഒടുവില്‍ അവരുണ്ടാക്കിയ സംസ്‌ക്കാരശൂന്യതയില്‍ വിലയം പ്രാപിക്കുകയും ചെയ്യും.
വനവാസത്തിനു പോയ രാമന്‍ ചിത്രകൂടത്തില്‍ വസിക്കുമ്പോള്‍ തിരിച്ചു വിളിച്ചുകൊണ്ടുപോകാന്‍ ഭരതനും പരിവാരങ്ങളുമെത്തി. അയോധ്യയിലെ വാര്‍ത്തകളറിയാത്ത രാമന്‍ സ്‌നേഹപൂര്‍ണമായ കുശലപ്രശ്‌നങ്ങളും മറ്റും നടത്തി. പിന്നീടാണ് അച്ഛന്‍ ദശരഥന്‍ മരിച്ച വിവരവും മറ്റും ഭരതന്‍ പറയുന്നതും സങ്കടം സഹിക്കവയ്യാതെ പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നതും തുടര്‍ന്ന് ബലിതര്‍പ്പണം നടത്തുന്നതും ഒക്കെ. അതിനുശേഷം രാമന്‍ ഒരു രാജ്യതന്ത്രജ്ഞന്റെ നിലയിലേയ്‌ക്കുയര്‍ന്ന് വിശദമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി. രാജ്യകാര്യങ്ങള്‍ അന്വേഷിക്കുന്ന കൂട്ടത്തില്‍ ഒരു ചോദ്യം ഇതായിരുന്നു, അല്ലയോ ഉണ്ണീ, നീ ചാര്‍വ്വാക ബ്രാഹ്മണരെ അനുസരിക്കുന്നില്ലല്ലോ? അവര്‍ വലിയ അറിവുള്ളവരെന്നു നടിക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്നവരാണ്. അവര്‍ ശാസ്ത്രജ്ഞാനമുള്ളവരെപോലെ പ്രസംഗിക്കും. ശരിയായ ശാസ്ത്ര ഗ്രന്ഥങ്ങളിരിക്കെ അതൊന്നും പരിഗണിക്കാതെ നിസ്സാര കാര്യങ്ങളെ പ്രമാണങ്ങളായി പറഞ്ഞ് കുഴപ്പമുണ്ടാക്കുകയും ചെയ്യും. അതിനാല്‍ അവരെ വിശ്വസിക്കരുത്.
രാമന്‍ പറഞ്ഞ ഈ ചാര്‍വ്വാക ബ്രാഹ്മണരാണ് ഇന്നത്തെ ഭൗതികവാദികളായ അദ്ധ്യാപകര്‍! അവരാണല്ലോ കേരളത്തിലെ അക്കാദമികരംഗം കൈയടക്കിയിരിക്കുന്നത്. അവരില്‍നിന്ന് കൊള്ളാവുന്നതൊന്നും വിദ്യാര്‍ത്ഥികള്‍ക്കു കിട്ടില്ല. സത്യത്തിന്റെ വിരോധികളാണവര്‍. സത്യമെന്ന വ്യാജേന അര്‍ദ്ധസത്യങ്ങള്‍ പറഞ്ഞ് അവര്‍ യുവജനങ്ങളെ കുഴക്കും. വസ്തുതകള്‍ എന്ന വ്യാജേന നുണകള്‍കൊണ്ട് അവര്‍ നാടിനെ വഴിതെറ്റിക്കും. അവരില്‍നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അവരില്‍നിന്ന് ജനങ്ങളെ രക്ഷിക്കണം. അതിന് ധര്‍മ്മതല്‍പ്പരരായവര്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കണം. പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കണം. രാമായണത്തിന്റെ ദൗത്യം അതാണ്.
രാമായണത്തിന്റെ മൂലതത്വം ധര്‍മ്മമാണ്. അത് മതമല്ല. മതം മനുഷ്യര്‍ സൃഷ്ടിക്കുന്നതാണ്; ധര്‍മ്മം പ്രകൃതിയുടെ നിയമമാണ്. ആ ധര്‍മ്മത്തെയാണ് രാമായണം മുന്നില്‍ നിര്‍ത്തുന്നത്. അതിന്റെ പിന്നാലെ പോകുന്ന വ്യക്തിയും സമൂഹവും ധര്‍മ്മത്തിന്റെ പാതയില്‍ ചരിക്കും. അപ്പോഴാണ് ചൂഷണം ഇല്ലാതാകുന്നത്; ഉച്ചനീചത്വം അപ്രത്യക്ഷമാകുന്നതും.
ധര്‍മ്മം നിലനില്‍ക്കാനാണ് മൂല്യവ്യവസ്ഥ ഉണ്ടായത്. ഒരാള്‍ക്ക് ഒറ്റയ്‌ക്കു ജീവിക്കാന്‍ പ്രത്യേക വ്യവസ്ഥയോ നിബന്ധനയോ ആവശ്യമില്ല. സമൂഹമായി ജീവിക്കുന്നതിനാണ് ധാര്‍മ്മികമൂല്യങ്ങള്‍. മനുഷ്യരുടെ വെറും കൂട്ടമല്ല സമൂഹം. അത് ദീര്‍ഘകാലം ഒന്നിച്ചു ജീവിച്ചതിന്റെ ഫലമായി രൂപപ്പെട്ടുവരുന്ന പൊതുബോധമാണ്. സമൂഹം എന്ന നിലയില്‍ പൊതുവായൊരു വ്യക്തിത്വം കാലംകൊണ്ട് ഉരുവംകൊള്ളും. ജീവിതാനുഭവങ്ങളില്‍നിന്നും ഒന്നിച്ചു ജീവിക്കുന്നതിന് ഗുണം ചെയ്യുന്ന ചില നിബന്ധനകളും നിശ്ചയങ്ങളും തെളിഞ്ഞുവരും. അത് സമൂഹത്തിന്റെ നിലനില്‍പ്പിനും മുമ്പോട്ടുള്ള പ്രയാണത്തിനും ആവശ്യമാണ്. അതിനെയാണ് ധാര്‍മ്മികമൂല്യങ്ങള്‍ എന്നു പറയുന്നത്.
ഈ ധാര്‍മ്മികമൂല്യങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അതനുസരിച്ചു ജീവിക്കാനുള്ള ജീവിതക്രമങ്ങള്‍ രൂപപ്പെടുത്തണം. ദൈനംദിന ജീവിതത്തില്‍ ദിനചര്യകളും കാഴ്ചപ്പാടുകളും വിധിവിലക്കുകളും ഉണ്ടാവണം. അതില്‍നിന്നാണ് സംസ്‌കാരം രൂപപ്പെടുന്നത്. അത് ഓരോ ദേശത്തും വ്യത്യസ്തമായിരിക്കും. അത് അതതു നാട്ടിലെ ജീവിതദര്‍ശനത്തിനനുസരിച്ചായിരിക്കും പരുവപ്പെട്ടു വരിക. സാംസ്‌കാരിക സമൂഹങ്ങളെ വ്യത്യസ്തമാക്കുന്നത് ഈ ജീവിതദര്‍ശനവും അതിന്റെ അടിസ്ഥാനത്തിലുള്ള സാംസ്‌കാരിക ജീവിതവുമായിരിക്കും. ഉദാഹരണത്തിന് പാശ്ചാത്യ രാജ്യങ്ങളില്‍ രണ്ടുപേര്‍ തമ്മില്‍ കണ്ടാല്‍ പരസ്പരം കൈ കൊടുക്കും! നമ്മുടെ നാട്ടില്‍ കൈകള്‍ കൂപ്പി നമസ്‌ക്കാരം പറയും.’ഞാന്‍ അങ്ങയെ നമസ്‌ക്കരിക്കുന്നു’ എന്നാണല്ലോ അര്‍ത്ഥം. മറ്റൊരു ഉദാഹരണം, രണ്ടുപേര്‍ തമ്മില്‍ മൂന്നാമതൊരാളക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആ മൂന്നാമന്‍ കടന്നുവന്നാല്‍ യൂറോപ്യന്മാര്‍ പറയുന്നത് ഒരു പഴഞ്ചൊല്ലാണ്; ടോക്ക് ഓഫ് ദ ഡെവിള്‍ … ഈ പിശാചിനെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞതേയുള്ളൂ! ഇവിടെ പറയുന്നത്, ഹോ, നിങ്ങള്‍ക്ക് നൂറായുസ്സാണ് എന്നാണ്. ഇത് രണ്ടു ചിന്താഗതിയെയും രണ്ട് സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്നു. അങ്ങനെ ഭാഷാശൈലിയിലും പെരുമാറ്റത്തിലും സങ്കല്‍പ്പങ്ങളിലും എല്ലാം ഓരോ സാംസ്‌കാരിക സമൂഹങ്ങള്‍ വ്യത്യസ്തമായിരിക്കും. ആ വ്യത്യസ്തതകള്‍ നിലനില്‍ക്കുന്ന കാലത്തോളമേ ആ ജനതയും ഉണ്ടാവുകയുള്ളൂ.
സംസ്‌കാരം മനുഷ്യനു മാത്രമുള്ള, മനുഷ്യനു മാത്രം ആവശ്യമുള്ള ഒന്നാണ്. കാരണം, പ്രകൃതി സൃഷ്ടിച്ചതില്‍നിന്ന് അല്‍പ്പമെങ്കിലും ഉയരാനോ താഴാനോ ഒരു ജീവജാലത്തിനും കഴിയില്ല; മനുഷ്യനു മാത്രമേ കഴിയൂ. അതിനാല്‍ മറ്റെല്ലാ ജീവികളും പ്രകൃത്യാല്‍തന്നെ ജനിച്ചു ജീവിച്ച് മരിക്കും. മനുഷ്യന് പ്രകൃതി സൃഷ്ടിച്ചതില്‍ നിന്ന് താഴോട്ടുപോകാന്‍ കഴിയും – വികൃതി അഥവാ അധ:പതനം. സൃഷ്ടിക്കപ്പെട്ടതുപോലെതന്നെ തുടരാന്‍ കഴിയും; അതാണ് വ്യക്തിസ്വാതന്ത്ര്യവാദികളും ചുംബന സമരക്കാരും ആര്‍ത്തവസമരക്കാരും അവരെ സംരക്ഷിക്കുന്ന ഇടത് കാവല്‍ക്കാരുമൊക്കെ പറയുന്നത്. ‘ഞങ്ങള്‍ക്ക് തോന്നുന്ന കാര്യം തോന്നുന്ന സമയത്ത്, തോന്നുന്നപോലെ, തോന്നുന്നേടത്തു വച്ച് ചെയ്യും, നിങ്ങളാരാണ് ചോദ്യം ചെയ്യാന്‍’ ! പന്നിയും പട്ടിയും പൂച്ചയും കുരങ്ങും ഒക്കെ ജീവിക്കുന്നതുപോലെ ജീവിക്കുക!അതിനെയാണ് പ്രകൃതി എന്നു പറയുന്നത്. അതിനൊപ്പം പ്രകൃതിയുടെ വേലിക്കെട്ടുകളെ അതിജീവിച്ച് മുന്നേറാന്‍ മനുഷ്യനു കഴിയും. എല്ലാ നല്ല പുരോഗതിയും അങ്ങനെ ഉണ്ടായതാണ്. അതിനെയാണ് സംസ്‌കൃതി എന്നു പറയുന്നത്. സംസ്‌കാരത്തിന്റെ പൊതു ലക്ഷണം അന്യര്‍ക്ക് ദോഷം വരാതെ നോക്കുക എന്നതും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക എന്നുള്ളതുമാണ്. താന്‍ നഷ്ടം സഹിച്ചും മറ്റുള്ളവരുടെ സുഖവും സംരക്ഷണവും നോക്കുന്ന ത്യാഗസന്നദ്ധതയും സംസ്‌കാരത്തിന്റെ ഉയര്‍ന്ന പടിയാണ്. അതുകൊണ്ടാണല്ലോ രാമന്‍ തനിക്കര്‍ഹതപ്പെട്ട രാജ്യമുപേക്ഷിച്ചതും വനവാസം സ്വീകരിച്ചതും.
രാമയണത്തിലെ സത്കഥാപാത്രങ്ങളൊക്കെ ഈ ത്യാഗത്തിന്റെ മൂര്‍ത്തികളാണ്. സത്യത്തിനുവേണ്ടി ദശരഥന്‍ മകനെ ഉപേക്ഷിക്കുന്നു. അച്ഛനു വേണ്ടി രാമന്‍ രാജ്യമുപേക്ഷിക്കുന്നു. ഭര്‍ത്താവിനുവേണ്ടി സീത കൊട്ടാരമുപേക്ഷിക്കുന്നു. ജ്യേഷ്ഠനുവേണ്ടി ലക്ഷ്മണന്‍ രാജകീയ സുഖമുപേക്ഷിക്കുന്നു. കുടുംബത്തിനുവേണ്ടി ഊര്‍മ്മിള ദാമ്പത്യസുഖമുപേക്ഷിക്കുന്നു. രാമനുവേണ്ടി ഭരതന്‍ അധികാരമുപേക്ഷിക്കുന്നു. സപത്‌നിക്കുവേണ്ടി കൗസല്യ പട്ടമഹിഷി സ്ഥാനമുപേക്ഷിക്കുന്നു. ധര്‍മ്മത്തിനുവേണ്ടി വിഭീഷണന്‍ ജ്യേഷ്ഠനെ ഉപേക്ഷിക്കുന്നു. അങ്ങനെ പോകുന്നു രാമായണ സന്ദര്‍ഭങ്ങള്‍. രാമായണത്തിന്റെ ആണിക്കല്ല്, ധര്‍മ്മരക്ഷണത്തിനു വേണ്ടിയുള്ള ഈ ത്യാഗമാണ്. ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ:’ എന്ന മന്ത്രം നമുക്ക് സുപരിചിതമാണ്.
സീതയെ വീണ്ടെടുത്ത് രാമന്‍ അയോദ്ധ്യയിലേക്കു മടങ്ങിവരുന്ന സന്ദര്‍ഭം. നേരെ നഗരത്തില്‍ പ്രവേശിക്കുന്നതിനു പകരം ഭരദ്വാജാശ്രമത്തില്‍ തങ്ങി. ഹനുമാനെ വിളിച്ച്, നന്ദിഗ്രാമില്‍ രാമനെയും കാത്ത് തപസ്സിരിക്കുന്ന ഭരതനെ കണ്ടുവരാന്‍ പറഞ്ഞു. ഇത്രകാലം അധികാരം നടത്തി, അതിനോട് അല്‍പ്പമെങ്കിലും ആസക്തിയുണ്ടായിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക. അങ്ങനെയെങ്കില്‍ നമുക്ക് ഇവിടെനിന്നുതന്നെ മടങ്ങിപ്പോകാം. അധികാരത്തിനുവേണ്ടി രാജ്യത്തെ വിഭജിക്കേണ്ടല്ലോ. (രാമായണത്തെ മറന്നവര്‍ 1947 കാലമായപ്പോഴേയ്‌ക്കും അധികാരത്തിനുവേണ്ടി രാജ്യം വിഭജിക്കാന്‍ ആര്‍ത്തിയുള്ളവര്‍ ആയി മാറിയിരുന്നു എന്നത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം) ഹനുമാന്‍ മനുഷ്യവേഷത്തില്‍ ചെന്ന് ജടാവല്‍ക്കലധാരിയായ ഭരതനെ ഒളിച്ചുനിന്നു നോക്കി. ഭരതനെയും ധര്‍മ്മത്തിന്റെ വിഗ്രഹമായി (ആള്‍രൂപമായി) കണ്ടു എന്നാണ് വാല്‍മീകി രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഭരതോ വിഗ്രഹവാന്‍ ധര്‍മ്മ:’ എന്നൊരു മന്ത്രവുംകൂടി ഉണ്ടായാലും തെറ്റൊന്നുമില്ല. എന്നുമാത്രമല്ല മുമ്പു പറഞ്ഞ എല്ലാവരെക്കുറിച്ചും ഇങ്ങനെയൊരു വിശേഷണത്തിന് അര്‍ഹതയുണ്ട്.
ത്യാഗമാണ് കുടുംബബന്ധത്തിന്റെ അടിത്തറ. നല്ല കുടുംബാംഗങ്ങള്‍ ഓരോരുത്തരും മറ്റുള്ളവരുടെ സുഖവും ക്ഷേമവുമാണ് ശ്രദ്ധിക്കുക. അതാണ് ഭാരതീയകുടുംബസങ്കല്‍പ്പത്തിന്റെ മര്‍മ്മവും. വ്യക്തിയുടെ സ്വാതന്ത്ര്യമല്ല പരമപ്രധാനം, കുടുംബത്തിന്റെ ഭദ്രതയാണ്; അതുതന്നെ രാഷ്‌ട്രത്തിന്റെ കാര്യത്തിലും. അച്ഛന്‍ അമ്മയുടെയും മക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തും. അമ്മ ഭര്‍ത്താവിന്റെയും മക്കളുടെയും ക്ഷേമം അന്വേഷിക്കും. മക്കള്‍ അച്ഛന്റെയും അമ്മയുടെയും സുഖവും സന്തോഷവും ശ്രദ്ധിക്കും. കൊച്ചുമക്കള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പരിചരണം ഏറ്റെടുക്കും.
അത്തരം കുടുംബങ്ങളാണ് ഭാരത സംസ്‌ക്കാരത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്തുന്നത്. ഈ കുടുംബസങ്കല്‍പ്പവും സംസ്‌കാരവുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കടന്നുവന്ന ആക്രമണങ്ങളേയും അധിനിവേശങ്ങളേയും അതിജീവിക്കാന്‍ ഭാരതത്തെ പ്രാപ്തമാക്കിയത്. അതുകൊണ്ടുതന്നെയാണ് ഭാരതത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന പുത്തന്‍ശക്തികള്‍ ഈ കുടുംബസങ്കല്‍പ്പത്തെ തകര്‍ക്കാന്‍ പുതിയ ആയുധങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും പേരില്‍ അരാജകത്വത്തെ ഇറക്കുമതി ചെയ്യുന്നു. അതിനെ പൊതുബോധത്തിലേക്ക് തിരുകിക്കയറ്റാന്‍ പുതിയ ആഖ്യാനങ്ങള്‍ (നരേറ്റീവ്) സൃഷ്ടിക്കുന്നു. അതിനായി പണം കൊടുത്തും പദവികള്‍ കൊടുത്തും ചാര്‍വ്വാക ബ്രാഹ്മണരെ വാടകയ്‌ക്കെടുക്കുന്നു. സ്വന്തം മാതാപിതാക്കളെക്കുറിച്ച് അറിവോ അഭിമാനമോ ഇല്ലാത്തവര്‍ ഏതു സംസ്‌കാരശൂന്യതയ്‌ക്കുവേണ്ടിയും സ്വയം വില്‍ക്കുന്നു.
സംസ്‌കാര ശൂന്യതയുടെയും അരാജകത്വത്തിന്റെയും ചന്തയില്‍ സ്വയം ലേലം വിളിച്ച്, തന്നെത്തന്നെ വില്‍ക്കുന്ന ചാര്‍വ്വാകബ്രാഹ്മണരുടെ നീണ്ടനിരയാണ് കേരളത്തിന്റെ സാംസ്‌കാരിക ധൈഷണിക മണ്ഡലത്തില്‍ കാണുന്നത്. അവരെ കരുതിയിരിക്കണമെന്നാണ് രാമന്‍ ചൂണ്ടിക്കാണിച്ചത്. ഭരതനോടുള്ള ഈ ചോദ്യം – ‘നീ ചാര്‍വ്വാകബ്രാഹ്മണരെ അനുസരിക്കുന്നില്ലല്ലോ’-ഇന്നുള്ള സമൂഹത്തിനോടുംകൂടിയാണ്, മാതാപിതാക്കളോടാണ്, ശരിയായ സാംസ്‌കാരിക സമൂഹത്തിനോടാണ്.
അനേകായിരം വര്‍ഷങ്ങളായി വളര്‍ത്തിക്കൊണ്ടുവന്ന ഈ സംസ്‌കാരത്തിന്റെ സങ്കല്‍പ്പങ്ങളെ സംരക്ഷിക്കുന്നതില്‍ നമ്മുടെ പങ്കെന്താണ്? നശിപ്പിക്കാന്‍ പുത്തന്‍ ആഖ്യാതാക്കള്‍ നിരന്തരം പരിശ്രമിക്കുന്നു. അതിന് പുതിയ ആഖ്യാനങ്ങള്‍ ചമയ്‌ക്കുന്നു. രാമനും രാമായണവും ഗീതയും വേദവുമെല്ലാം പുതിയ ആഖ്യാനങ്ങളിലൂടെ ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇതിനെ പരിഹരിക്കാന്‍ ഓരോരുത്തരും യത്‌നിക്കേണ്ടതുണ്ട്. പൂര്‍വ്വികരായ നമ്മുടെ ഋഷിമാര്‍ കാണിച്ചുതന്ന വഴി യഥാര്‍ത്ഥ ജ്ഞാനത്തെ പ്രഘോഷിച്ചുകൊണ്ടിരിക്കുക എന്നതാണ്. രാമചരിതം ജനങ്ങളില്‍ നിലനിര്‍ത്തണം. രാമായണശീലുകള്‍ ഓരോ തലമുറയുടെ നാവിലും കളിയാടണം. ത്യാഗമാണ് രാമന്റെ ഭാവം. ധര്‍മ്മമാണ് രാമന്റെ രൂപം. സമൂഹനന്മയ്‌ക്കുവേണ്ടി എന്തെങ്കിലും ഉപേക്ഷിക്കാന്‍ പുത്തന്‍ തലമുറകളെ പഠിപ്പിക്കണം. രാഷ്‌ട്രത്തിനുവേണ്ടി തന്റേതായതെന്തെങ്കിലും സമര്‍പ്പിക്കാന്‍ ശീലിപ്പിക്കണം. വ്യക്തിയല്ല നിലനില്‍ക്കുന്നത്, രാഷ്‌ട്രമാണെന്ന ബോധം ഉറപ്പിക്കണം.
ഈ രാമായണമാസംമുതല്‍ നാം നിരന്തരം ചോദിച്ചും ചൂണ്ടിക്കാണിച്ചും ജാഗ്രതപ്പെടുത്തേണ്ടത് അരാജകത്വത്തിന്റെ കാവല്‍ക്കാരായ ചാര്‍വ്വാക ബ്രാഹ്മണര്‍ സാമൂഹിക ജീവിതത്തില്‍ പടര്‍ത്താനാഗ്രഹിക്കുന്ന വിഷത്തെയായിരിക്കണം. സര്‍വ്വകലാശാലകളിലും അക്കാദമികളിലും ഇരുന്നു പടച്ചുവിടുന്ന ദുര്‍ഗന്ധപൂരിതമായ ആഖ്യാനങ്ങളെ തുറന്നുകാണിക്കണം.
ആഖ്യാതാക്കളുടെ കപടമുഖങ്ങളെ പൊതുജനമദ്ധ്യത്തില്‍ വലിച്ചുകീറണം! ജാഗ്രതയുള്ള സമൂഹമാണ് രാഷ്‌ട്രത്തിന്റെ കരുത്ത്. അതാണ് രാമന്‍ മുന്നേ ചൂണ്ടിക്കാണിച്ചതും.
(ഫോണ്‍: 94470 88077)
പ്രതികരിക്കാൻ ഇവിടെ എഴുതുക: