ന്യൂദല്‍ഹി: ഭാരതത്തിന്റെ കയറ്റുമതി രംഗത്തു ചരിത്രക്കുതിപ്പ്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തിന്റെ കയറ്റുമതി 200 ബില്യണ്‍ (20,000 കോടി രൂപ) ഡോളറായി വര്‍ധിച്ചു. 2024-25 സാമ്പത്തിക വര്‍ഷം 800 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയെന്ന ലക്ഷ്യമിട്ട കേന്ദ്ര സര്‍ക്കാരിന്റെ മികവ് വ്യക്തമാക്കുന്ന കണക്കാണിത്.
800 ബില്യണ്‍ ഡോളറിന്റെ വ്യാപാരമെന്ന ലക്ഷ്യം ഈവര്‍ഷം കയറ്റുമതി മേഖലയില്‍ മറികടക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍ പറഞ്ഞു. രാജ്യത്തിന്റെ ട്രേഡ് ഡേറ്റ പുറത്തുവിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ, സേവന മേഖലകളിലെ കയറ്റുമതി ജൂണില്‍ 65.47 ബില്യണ്‍ ഡോളറായി. മുന്‍വര്‍ഷം ജൂണിലെക്കാള്‍ അഞ്ചു ശതമാനം വര്‍ധന. വാണിജ്യസാധനങ്ങളുടെ കയറ്റുമതി ജൂണില്‍ 35.20 ബില്യണ്‍ ഡോളറായും ഗതാഗതം, ടൂറിസം, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയവ അടങ്ങുന്ന സേവന കയറ്റുമതി 30.27 ബില്യണ്‍ ഡോളറായും കൂടി. മേയില്‍ വ്യാപാര, സേവന മേഖലകളിലെ കയറ്റുമതി 10 ശതമാനം വര്‍ധിച്ച് 68.29 ബില്യണ്‍ ഡോളറായിരുന്നു.
2023-24ല്‍ രാജ്യത്തിന്റെ വ്യാപാര, സേവന കയറ്റുമതി 778 ബില്യണ്‍ ഡോളറാണ്. 2022-23ല്‍ അത് 776.30 ബില്യണും. വ്യാപാര കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായിരുന്നു. ഇതു മറികടന്നുള്ള മുന്നേറ്റമാണ് നടപ്പു സാമ്പത്തിക വര്‍ഷം ദൃശ്യമാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി അടക്കം കയറ്റുമതി മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി ഇത്. ചൈന, റഷ്യ, ഇറാഖ്, യുഎഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഇറക്കുമതിയില്‍ 45 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായതും ശ്രദ്ധേയമാണ്. 2022-23ല്‍ 898 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 853 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. ആഭ്യന്തര ഉത്പാദനം വര്‍ധിച്ചതും കയറ്റുമതി ഉയരുന്നതും ഇറക്കുമതി കുറയുന്നതിനു സഹായകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: