കോട്ടയം: ഗുരുവായൂര്‍, തിരുപ്പതി, പഴനി, വൈഷ്ണോദേവി ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ശബരിമലയെന്നും അതിനാല്‍ അവിടങ്ങളില്‍ ഭക്തരെ നിയന്ത്രിക്കുന്ന സംവിധാനം അതേപടി ശബരിമലയില്‍ നടപ്പാക്കുന്നത് ശരിയാവില്ലെന്നും ശബരിമല അയ്യപ്പ സേവാ സമാജം പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട്. കോട്ടയത്ത് സംസ്ഥാന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡ് ഒരു ദിവസത്തേക്ക്, 80000 പേര്‍ക്ക് മാത്രമാണ് ദര്‍ശനാനുമതി നല്‍കുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് ക്ഷേത്രം തുറക്കുന്ന 65 ദിവസങ്ങളിലായി അന്‍പത്തിരണ്ട് ലക്ഷം പേര്‍ക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ കഴിയുക. അടുത്ത മണ്ഡലകാലത്ത് 75 ലക്ഷമോ ഒരു കോടിയോ അയ്യപ്പഭക്തര്‍ വ്രതം തുടങ്ങിയാല്‍, ദേവസ്വം ബോര്‍ഡ് അന്‍പത്തിരണ്ട് ലക്ഷം പേര്‍ക്കു മാത്രമായി ദര്‍ശനം നിജപ്പെടുത്തുമോ എന്ന് അദ്ദേഹം ചോദിച്ചു.
എന്ത് സമീപനമാണ് സ്വീകരിക്കുക. 2018ന് മുന്‍പ് വരെ ഒരു കോടിയില്‍ അധികം അയ്യപ്പന്മാരാണ് ശബരിമലയില്‍ എത്തിയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പത്തോളം സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്പോട്ട് ബുക്കിങ് പിന്‍വലിച്ച തീരുമാനം പുനഃപരിശോധിക്കണം. ദര്‍ശനത്തിന് ഓരോരുത്തര്‍ക്കും പത്തു രൂപ ഫീസ് ഇന്‍ഷുറന്‍സ് ഇനത്തില്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കണം. വെര്‍ച്വല്‍ ക്യു വഴി മാത്രം ശബരിമല ദര്‍ശനം എന്ന തീരുമാനം ഭക്തരുടെ മൗലിക അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും യോഗം വിലയിരുത്തി.
അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന്, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ. ജയന് ചെറുവള്ളില്‍, ടി.സി. വിജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറിയായി കെ. കൃഷ്ണന്‍കുട്ടി ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: