തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കുകയും ചെയ്യാതിരുന്ന വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി. സരിന് ഉള്‍പ്പെടെ ഒട്ടേറെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
ഇപ്പോള്‍ അതിന് മറുപടിയായി ‘വെറുതെ ഒരു ഭാര്യ അല്ല’ എന്ന തലക്കെട്ടോടെ രംഗത്ത് വന്നിരിക്കുകയാണ് ദിവ്യ എസ് അയ്യര്‍. ഭര്‍ത്താവും കോണ്‍ഗ്രസ് യുവ നേതാവുമായ എസ് ശബരീനാഥിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ദിവ്യ എസ് അയ്യര്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മറുപടി നല്‍കിയത്.
ഇതിനെതിരെയും യൂത്ത് കോണ്‍ഗ്രസ് ദിവ്യ എസ് അയ്യര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്. വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ ചരക്ക് കപ്പല്‍ എത്തിയ വേളയില്‍ നടത്തിയ പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് മനപൂര്‍വ്വം ദിവ്യ എസ് അയ്യര്‍ വിട്ടുകളയുകയായിരുന്നു. പകരം അസാധ്യമായതിനെ സാധ്യമാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി എന്ന രീതിയില്‍ പുകഴ്ത്തുകയും ചെയ്തിരുന്നു. വന്‍കിട പദ്ധതികള്‍ കടലാസിലൊതുങ്ങുന്ന കാലം കേരളം മറന്നുവെന്നും അസാധ്യമായത് യാഥാര്‍ത്ഥ്യമായ കാലമാണിതെന്നുമായിരുന്നു പിണറായി സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ട് ദിവ്യ എസ് അയ്യര്‍ നടത്തിയ പ്രസംഗം.
കോണ്‍ഗ്രസ് നേതാവായ ശബരീനാഥന്റെ ഭാര്യയായിരുന്നിട്ട് കൂടി എങ്ങിനെയാണ് സിപിഎം മുഖ്യമന്ത്രിയെ പുകഴ്ത്തുകയും വിഴിഞ്ഞം തുറമുഖം കൊണ്ടുവന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രസംഗത്തില്‍ നിന്നും പാടെ ഒഴിവാക്കുകയും ചെയ്യാനായത് എന്നതാണ് യൂത്ത് കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ ചോദിക്കുന്ന ചോദ്യം.
പ്രായവും അനുഭവവും ചെറുതായതുകൊണ്ടാവാം ധാരണ പിശക് എന്നായിരുന്നു കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. സരിന്റെ വിമര്‍ശനം. ‘പ്രിയപ്പെട്ട ദിവ്യ, കടലാസില്‍ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികള്‍ ഈ കേരളത്തില്‍ മുന്‍പും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം : മുന്‍പും മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാല്‍ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍.”-കണ്‍വീനര്‍ ദിവ്യ എസ് അയ്യരെ വിമര്‍ശിച്ചുകൊണ്ടുള്ള ഡോ. സരിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.
ഈയിടെ ദേവസ്വം മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനെ ദിവ്യ എസ് അയ്യര്‍ ഒരു വേദിയില്‍ കെട്ടിപ്പിടിച്ചത് വിഴിഞ്ഞം തുറമുഖ എംഡി പദവി നല്‍കിയതിന്റെ പ്രത്യുപകാരം എന്ന നിലയിലാണെന്നു വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: