ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പാകിസ്ഥാന് മന്ത്രി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പിടിഐയെ നിരോധിക്കാന്‍ തീരുമാനമെടുത്തതെന്ന് വാര്‍ത്താ വിതരണ മന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു.
ഇമ്രാന് ഖാന്റെ പാര്‍ട്ടിയുടെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പാര്‍ട്ടിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഇരുപതിലധികം സംവരണ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് പാക് സുപ്രീം കോടതി വെള്ളിയാഴ്ച വിധിച്ചതിന് പിന്നാലെയാണിത്.
വിവിധ കേസുകളില്‍പ്പെട്ട് നിലവില്‍ ഇമ്രാന് ഖാന് ജയിലിലാണ്. 1996ലാണ് തെഹരീക് ഇ ഇന്‍സാഫ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഇമ്രാന് ഖാന് രൂപീകരിക്കുന്നത്. 2023വരെ ഇമ്രാന് ഖാന് ആയിരുന്നു പാര്‍ട്ടി ചെയര്മാന്. വിവാഹ കേസില്‍ വെറുതെ വിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവായത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
പിടിഐ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഫെബ്രുവരി എട്ടിലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ സ്വതന്ത്രരായി മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ അവര്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമുള്ള 70 സംവരണ സീറ്റുകള്‍ അനുവദിക്കുന്നതിന് സ്വതന്ത്രര്‍ അയോഗ്യരാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പറയുകയായിരുന്നു.
336 അംഗ പാര്‍ലമെന്റില്‍ നവാസ് ഷെരീഫിന്റെ പിഎംഎല്‍-എന്‍, ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പിപിപി എന്നിവയുടെ ഭരണസഖ്യത്തിന് ഇപ്പോഴും 200ലധികം അംഗങ്ങളുണ്ട്. ഷെഹ്ബാസ് ഷെരീഫാണ് പ്രധാനമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: