ഇടുക്കി: ആദിവാസികള്‍ക്കുള്ള പട്ടയം തടഞ്ഞിട്ടില്ലായെന്നും ഹൈക്കോടതി ഉത്തരവിന് വിധേയമായി മാത്രമേ ജില്ലയില്‍ 1964 ചട്ടങ്ങള്‍ പ്രകാരമുള്ള കൈവശഭൂമികളുടെ പട്ടയം വിതരണം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി പാസ്സാക്കിയ ആയിരത്തോളം ആദിവാസി പട്ടയങ്ങള്‍ മൂന്നുവര്‍ഷമായി തടഞ്ഞുവെച്ചിരിക്കുന്നതായും പട്ടയം അനുവദിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്.
ഹൈക്കോടതിയുടെ 10.01.2024 ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള കൈവശ ഭൂമിക്കുള്ള പട്ടയങ്ങളുടെ വിതരണത്തിന് താല്‍ക്കാലികമായി തടസ്സം നേരിട്ടിട്ടുണ്ട് .പട്ടയ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനാണ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം വ്യക്തമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പട്ടികവര്‍ഗ്ഗ മേഖലകളില്‍ ഉള്‍പ്പെടെയുള്ള കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ വനംവകുപ്പ് ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം പതിവ് നടപടികളിലെ സാങ്കേതിക തടസ്സം പരിഹരിക്കുന്നതിന് സ്ഥല പരിശോധന ഉള്‍പ്പെടെ നടത്തി വിശദമായ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നും ജില്ലാ കളക്ടര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: