രാമായണവും, രാമ- രാവണ കഥാസന്ദര്‍ഭങ്ങളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലമെന്ന ഖ്യാതിയാണ് തമിഴ്നാട്ടിലെ പ്രസിദ്ധമായ രാമേശ്വരത്തിന് ഉള്ളത്. ശ്രീരാമന് പ്രതിഷ്ഠിക്കപ്പെട്ട ഈശ്വരന് വാണരുളുന്ന പവിത്രമായ പ്രദേശം എന്ന നിലയിലാണ് ഇവിടം ‘രാമേശ്വരം’ എന്ന പേര് വന്നത് എന്നും ഐതീഹ്യം. രാമേശ്വര ക്ഷേത്രത്തിന് ഒപ്പം ക്ഷേത്രത്തിന് മുന്നിലായി ഉള്ള കടലില്‍ സ്നാനം ചെയ്യുവാനും ബലിതര്‍പ്പണ ചടങ്ങുകള്‍ക്കും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഓരോ ദിവസവും അനേകായിരങ്ങളാണ് ഈ പുണ്യസങ്കേതത്തില്‍ എത്തിച്ചേരുന്നത്.
രാമേശ്വരത്ത് നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബംഗാള്‍ ഉള്‍ക്കടലും, ഇന്ത്യന്‍ മഹാസമുദ്രവും സന്ധിക്കുന്ന ധനുഷ്കോടിയായി. കടല്‍ ഒരു ഭാഗത്ത് രൗദ്രഭാവത്തിലും മറുഭാഗത്ത് ശാന്തമായ തിരകളാലും കാണാം. ഈ കടലിടുക്കില്‍ അവസാനിക്കുന്ന തുരുത്ത് എന്നപോലെ കാണുന്ന സ്ഥലത്താണ് ശ്രീരാമചന്ദ്ര പ്രഭു വാണരുളുന്ന പ്രസിദ്ധമായ കോദണ്ഡരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ എല്ലാ വര്‍ഷവും മലയാളമാസം മിഥുനം ഒന്നിന് നടക്കുന്ന ചടങ്ങാണ് വിഭീഷണ പട്ടാഭിഷേകം. രാവണന്റെ അനുജനായ വിഭിഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തുന്ന ചടങ്ങാണ് ഈ ദിവസം നടക്കുന്നത്.
ഇന്നേ ദിവസം രാവിലെ 9 മണിയോടെ രാമേശ്വരം ക്ഷേത്രത്തില്‍ പ്രഭാത പൂജകള്കഴിഞ്ഞ് അടയ്ക്കും. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും കാര്‍മ്മികരും ധനുഷ് കോടിയിലേക്ക് പോകും. 10.30 ന് ധനുഷ്കോടിയിലെ കോദണ്ഡരാമ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ശ്രീരാമ വിഗ്രഹത്തില്‍ പ്രത്യേക പൂജകള്‍ നടത്തി അഭിഷേക ചടങ്ങുകള്‍ നടത്തിയാല്‍ പുറത്ത് സമൂഹസദ്യ നടക്കും. ഇതിനോടൊപ്പം അലങ്കരിച്ച രഥത്തില്‍ രാമലക്ഷമണന്മാര് തിരികെ രാമേശ്വരത്തേക്ക് തിരികെ പോകും. ഈ രഥയാത്ര വൈകുന്നേരം ക്ഷേത്രത്തില്‍ എത്തിച്ച് പൂജകള്‍ കഴിയുന്നതോടെ ചടങ്ങ് അവസാനിക്കും.ഈ ചടങ്ങ് എല്ലാ വര്‍ഷവും മിഥുനം ഒന്നിന് നടന്നു വരുന്നു.
ധനുഷ് കോടിയും രാമസേതുവും
ബംഗാള്‍ ഉള്‍ക്കടലും (മഹോതതിയും) ഇന്ത്യന്‍ മഹാസമുദ്രവും (രത്നാകരം) സന്ധിക്കുന്ന ധനുഷ്കോടിക്ക് ഈ പേര് സിദ്ധിക്കാന്‍ കാരണമായി ഉള്ള ഐതീഹ്യത്തില്‍ ഇങ്ങനെ പറയുന്നു: രാവണന്റെ അനുജനും രാമന്റെ സുഹൃത്തുമായ വിഭീഷണന്റെ അഭിപ്രായത്തെ മാനിച്ച് രാമന് തന്റെ വില്ലിന്റെ മുന കൊണ്ട് സേതുവിനെ ഉടച്ചതിനാല്‍ ധനുഷ്കോടിയെന്ന സ്ഥലനാമമുണ്ടായി എന്നാണ് പറയപ്പെടുന്നത്. വില്ലിന്റെ മുനയാല്‍ പാലം കെട്ടാന്‍ നിര്‍ദ്ദേശിച്ച സ്ഥലം അര്‍ത്ഥത്തിലും, ശ്രീരാമന് ലങ്കയിലേ്ക്ക് ചിറകെട്ടിയ സ്ഥലം എന്ന നിലയ്ക്കും ധനുഷ് കോടി എന്ന് പറയപ്പെടുന്നു. ധനുഷ് കോടിയില്‍ എത്തുന്നവര്‍ ഇവിടെ കുളിച്ച് മടങ്ങണമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഇതുപോലെതന്നെ രാമേശ്വരത്തെ ശിവലിംഗ പ്രതിഷ്ഠയെക്കുറിച്ചും ഒരു കഥ നിലനില്‍ക്കുന്നുണ്ട്. രാവണനിഗ്രഹ ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട് രാവണനെ കൊന്ന ബ്രഹ്മഹത്യാ പാപം പരിഹരിക്കുവാന്‍ സീതാദേവി ലക്ഷ്മണ സമേതനായി ശിവലിംഗ പ്രതിഷ്ഠ നടത്തി ശിവപ്രീതി നേടണമെന്ന മഹര്‍ഷിമാരുടെ നിര്‍ദ്ദേശാനുസരണം പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് മുഹൂര്‍ത്തം കുറിക്കുകയും, കൈലാസത്തില്‍ നിന്നും ശിവലിംഗം കൊണ്ടുവരുവാന്‍ ഹനുമാനെ അയച്ചതായും, വളരെ അകലെയുള്ള കൈലാസത്തില്‍ നിന്നും ശിവലിംഗം എത്തിക്കുവാന്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന് സീതാദേവി തന്റെ കൈകള്‍ കൊണ്ട് മണലില്‍ തീര്‍ത്ത ശിവലിംഗ പ്രതിഷ്ഠയില്‍ മുഹൂര്‍ത്ത സമയത്ത് തന്നെ പൂജകള്‍ നടത്തിയതായും, ശിവലിംഗവുമായി തിരികെ എത്തിയ ഹനുമാന്റെ കൈകളില്‍ നിന്നും വാങ്ങിയ ശിവലിംഗം ഇതിന് സമീപത്തു തന്നെ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ആദ്യപൂജ ഇതിലാണ് ഇന്നും നടത്തി വരുന്നത്. തമിഴ്നാട്ടിലെ രാമനാഥപുര ജില്ലയില്‍ ആണ് രാമേശ്വരം സ്ഥിതി ചെയ്യുന്നത്. 18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടത് എന്ന് കരുതുന്ന ക്ഷേത്രത്തിലെ വലിയ ഇടനാഴി 1212 കല്‍ത്തൂണുകളാല്‍ മനോഹരമാണ്. ക്ഷേത്രത്തില്‍ നിന്ന് 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗന്ധമാദന പര്‍വ്വതം, 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാമ-രാവണയുദ്ധത്തിന് ശേഷം രാമന് വിശ്രമിച്ചിരുന്ന സ്ഥലമെന്ന് കരുതുന്ന തിരു പുല്ലാണി വിഷ്ണു ക്ഷേത്രം, ഇന്ത്യയുടെ അത്ഭുത സാങ്കേതിക വിദ്യയുടെ മകുടോദഹരണമായ പാമ്പന്‍ പാലം, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ സ്മാരകവും, ക്ഷേത്രത്തിന് ഉള്ളിലെ 22 കിണറുകളിലെ ജലം തലയില്‍ വീഴ്ത്തിയാല്‍ ഓരോ പാപവും തീരുമെന്ന വിശ്വാസത്തിലെ കുളിയും, ധനുഷ് കോടിയിലെ അശോകസ്തംഭവും എല്ലാം കാഴ്ചകളുടെ മാസ്മരികത സമ്മാനിക്കും. പാപമോചനത്തിനും മോക്ഷപ്രാപ്തിക്കും രാമേശ്വരം യാത്ര പുണ്യമാണ് എന്നും വിശ്വസിച്ചു വരുന്നു.
മലയാളികള്‍ക്ക് വഴികാട്ടിയായി ഗുരുസ്വാമി
രാമേശ്വരം സ്വദേശിയായ ഗുരുസ്വാമി മലയാളികള്‍ക്ക് വഴികാട്ടിയാണ്. ഇവിടെ എത്തുന്നവര്‍ക്ക് താമസം, ഭക്ഷണം, സന്ദര്‍ശന സ്ഥലങ്ങള്‍ സ്ഥലവിശേഷങ്ങള്‍ ഒക്കെ പറഞ്ഞു തരുവാന്‍ ഗുരുസ്വാമി ഒപ്പമുണ്ട്. ശബരിമലയ്ക്ക് പുറമെ ആര്യങ്കാവ്, അച്ചന്‍കോവില്‍ ക്ഷേത്ര ദര്‍ശനം നടത്തുവാനും ഗുരുസ്വാമി മുടങ്ങാതെ എത്തുമെന്നതിനാല്‍ ഇവിടെ എത്തുന്ന വേളയില്‍ ഉള്ള പരിചയത്തില്‍ ഗുരുസ്വാമി രാമേശ്വരത്ത് എത്തിയാല്‍ എല്ലാ സഹായവുമായി രംഗത്ത് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: