ആലപ്പുഴ: നെല്‍ക്കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണന തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ നെല്ല് താങ്ങുവില 117 രൂപ ക്വിന്റലിന് വര്‍ധിപ്പിച്ചെങ്കിലും ആ തുക സംസ്ഥാനം നല്‍കുമോയെന്ന് വ്യക്തതയില്ല. കുട്ടനാട്ടില്‍ അടക്കം കര്‍ഷകര്‍ കാര്‍ഷിക മേഖല ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. നെല്ലുവില കൃത്യമായി കിട്ടാത്തതു മൂലം തുടര്‍ കൃഷിക്കായി വായ്പ കിട്ടാതെ വരുന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. ജില്ലയില്‍ മാത്രം 350 കോടിയോളം രൂപയാണ് നെല്ലുവില കുടിശിക. പമ്പിങ് സബ്സിഡിയും കൃത്യമായി ലഭിക്കുന്നില്ല. ഇതേ തുടര്‍ന്ന് ഏക്കറിന് 1500 രൂപയോളം നേര്‍മ ഇനത്തില്‍ കര്‍ഷകര്‍ കൃഷി ഇറക്കുന്നതിന് മുമ്പായി പാടശേഖര സമിതിക്ക് നല്‍കേണ്ടി വരും.
മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ കൂലി, മറ്റ് അറ്റകുറ്റപ്പണി, ബണ്ട് സംരക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവ് നേര്മക്കൂലിയില് നിന്നാണ് കണ്ടെത്തുന്നത്. പമ്പിങ് സബ്സിഡി കൃത്യമായി ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് ഇത് ഒഴിവായി കിട്ടും. ഒരു കൃഷി വിളവെടുക്കുന്നതിന് 90 മുതല്‍ 120 ദിവസം വരെ മതിയെങ്കിലും കൊടുത്ത നെല്ലുവില ലഭിക്കണമെങ്കില്‍ അതിലും താമസമാണ്. ഓരോ കൃഷി കഴിയുമ്പോഴും 15 ദിവസത്തിനകം നെല്ലുവില കര്‍ഷകരുടെ അക്കൗണ്ടില്‍ വരുമെന്ന് പ്രഖ്യാപിക്കുമെങ്കിലും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ പുഞ്ച കൃഷിയിലെ നെല്ല് ഏപ്രിലില്‍ എടുത്തതാണ്. രണ്ടാം കൃഷിക്കായി വിതയ്ക്കാന്‍ നിലം ഒരുക്കിയെങ്കിലും പുഞ്ച കൃഷിയില്‍ ശേഖരിച്ച നെല്ലുവില എപ്പോള്‍ ലഭിക്കുമെന്ന് പറയാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ നെല്ലുവില കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്.
വളത്തിന്റെയും കീടനാശിനികളുടെയും വില ഏതാനും സീസണായി വര്‍ധിക്കാത്തതാണ് ഏക ആശ്വാസം. തൊഴിലാളികളെ കിട്ടാത്തതും കൂലിച്ചെലവും താങ്ങാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പുരുഷ തൊഴിലാളികള്‍ക്ക് 1050, സ്ത്രീകള്‍ക്ക് 600 രൂപ എന്നാണ് കൂലി നിശ്ചയിച്ചിട്ടുള്ളത്. ആറുമണിക്കൂറാണ് ജോലി. ഒരേക്കര്‍ വിതയ്ക്കുന്നതിനും വളം ഇടുന്നതിനും 900 രൂപ വീതമാണ് കൂലി. മരുന്ന് തളിക്കുന്നതിന് ഏക്കറിന് 800 മുതല്‍ 900 രൂപ വരെ ചെലവ് വരും. ഒരേക്കര്‍ നിലം കൃഷി ചെയ്ത് ലോറിയില്‍ എത്തിക്കുമ്പോള്‍ 30,000 രൂപയോളം ചെലവ് വരും. നല്ല വിളവാണെങ്കില്‍ ഒരേക്കറില്‍ നിന്ന് 30 ക്വിന്റല്‍ നെല്ല് വരെ കിട്ടും. എന്നാല്‍ പല കൃഷിയിലും 20 മുതല്‍ 25 ക്വിന്റല്‍ വരെ മാത്രമാണ് കിട്ടാറുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: