കൊച്ചി: സര്‍വകലാശാലയില്‍ നിന്ന് പഠിച്ച് ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ നൂതന സംരംഭകരും ഗവേഷകരും ആകണമെന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്കിന്റെ ചെയര്‍മാനും എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സാബു തോമസ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായ കുട്ടനാട്ടിലെ കൊച്ചിന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് നടത്തിയ ബിരുദ സമര്‍പ്പണ ചടങ്ങ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്താല്‍ വിദ്യാര്‍ഥികളില്‍ വായനാശീലം കുറഞ്ഞു വരുന്നതിനുള്ള ആശങ്കയും പങ്കുവെച്ചു. ജനസംഖ്യ അടിസ്ഥാനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തായ നമ്മുടെ രാജ്യത്തെ ശരാശരി പ്രായം 29 വയസാണ്. യുവജനങ്ങള്‍ ധാരാളമുള്ള നമ്മുടെ രാജ്യത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ ബിരുദധാരികള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
മൂല്യവത്തായ പേറ്റന്റുകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുന്നതിലും മറ്റ് രാജ്യങ്ങളുമായി കിടപിടിക്കുന്നതിന് നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ ഗവേഷണ ഫലങ്ങള്‍ പ്രകൃതിയുടെ സഹജമായ സമരസതാ ഭാവത്തിന് അനുസൃതമാകേണ്ടതുമുണ്ട്.
ബിടെക്, എംസിഎ, പിഎച്ച്ഡി തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലെ 250 ഓളം ബിരുദധാരികള്‍ക്കാണ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല വിസി ഡോ. പി. ജി. ശങ്കരന് അധ്യക്ഷനായ ചടങ്ങില്‍ വച്ച് ബിരുദ സമര്‍പ്പണം നടത്തിയത്. ചടങ്ങില്‍, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ശിവാനന്ദന് ആചാരി സ്വാഗതവും കൊച്ചിന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് കുട്ടനാടിന്റെ പ്രിന്‍സിപ്പല്‍ ഡോ. ആശാലത നന്ദിയും പ്രകാശിപ്പിച്ചു.
എഞ്ചിനീയറിങ് വിഭാഗത്തിലെ ഡീന്‍ ഡോ. നാരായണന് നമ്പൂതിരിയും ടെക്നോളജി വിഭാഗത്തിലെ ഡീന്‍ ഡോ. കൈലാസ്നാഥും സന്നിഹിതരായി. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്കിന് അര്‍ഹനായ അഭിനവ് റിജിത്തിനും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണികസില് ഒന്നാം റാങ്കിന് അര്‍ഹയായ എസ്. അഞ്ജനക്കും പ്രത്യേക അനുമോദനവും നല്കി. ഇവിടെ നിന്ന് ബിരുദം നേടിയ വിദ്യാര്‍ത്ഥികളില്‍ അര്‍ഹരായ എല്ലാവര്ക്കും തന്നെ ക്യാമ്പസ് പ്ലേസ്മെന്റ് ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: