പാലക്കാട്: ഭക്ഷ്യസുരക്ഷാ കമ്മിഷന് അംഗം നിയമനത്തെ ചൊല്ലി പാലക്കാട് സിപിഐയില്‍ പൊട്ടിത്തെറി. കോഴ വാങ്ങി പാര്‍ട്ടി പ്രവര്‍ത്തകയല്ലാത്ത വനിതയെ കമ്മിഷന് അംഗമായി നിയമിക്കാന്‍ ശ്രമമെന്ന പരാതിയുമായി വനവാസി വിഭാഗത്തില്‍പ്പെട്ട വനിതാ നേതാവാണ് രംഗത്തെത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്കി.
അട്ടപ്പാടി ചിണ്ടക്കി കുറുമ്പ സംഘം സെക്രട്ടറിയും ധോണിക്കുണ്ട് ബ്രാഞ്ച് കമ്മിറ്റി മെമ്പറുമായ സിന്ധുവാണ് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ളയാളെ തഴഞ്ഞ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തയാളെ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഷോളയൂരില്‍ നിന്നുള്ള വനിതയില്‍ നിന്നാണ് നേതൃത്വം കോഴ വാങ്ങി നിയമനം നടത്താന്‍ നീക്കം നടക്കുന്നതെന്ന് പറയുന്നു. അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഐ മണ്ഡലം സെക്രട്ടറിയും പാര്‍ട്ടി ജില്ലാ എക്സി. അംഗവുമാണ് ഇതിനു പിന്നിലെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല, ജില്ലാ സെക്രട്ടറിയുടെയും ജില്ലാ അസി. സെക്രട്ടറിയുടെയും താല്പര്യങ്ങള്ക്കനുസരിച്ച് പാ
ര്ട്ടിയുമായി ബന്ധമില്ലാത്ത ഒരു വനിതക്ക് പദവി നല്കാന് തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗത്തിന്റെ ഭാര്യയും അപേക്ഷ നല്‍കിയിരുന്നു. അവരെ പരിഗണിച്ചില്ല. കോഴക്കു പുറമേ എല്ലാ മാസവും നേതാക്കള്‍ക്ക് മാസപ്പടി നല്‍കാമെന്ന് ധാരണയുണ്ടെന്നും പരാതിയിലുണ്ട്. ഭക്ഷ്യസുരക്ഷ കമ്മിഷന് ചെയര്‍മാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത് സര്‍ക്കാര്‍തലത്തിലാണ്. മിക്കവാറും രാഷ്ട്രീയ നിയമനങ്ങളാണ് നടക്കാറ്. ഉയര്‍ന്ന ശമ്പളവും ആനുകൂല്യവും നല്കി ആറു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ ശമ്പളയിനത്തില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: