ന്യൂദല്‍ഹി: ദല്‍ഹിയിലെ ‘ബര്‍ഗര്‍ കിങ്’ ഔട്ട്ലെറ്റില് യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടാത്തലവന് ഹിമാന്‍ഷു ബാഹുവിന്റെ കൂട്ടാളികളായ ആശിഷ്, വിക്കി, സണ്ണി എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഹരിയാനയിലെ സോണിപത്തിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍.
ഹരിയാന പോലീസിന്റെ പ്രത്യേക ദൗത്യസംഘവും ദല്‍ഹി പോലീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് മൂവരെയും സോണിപത്തില്‍നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇവര്‍ വെടിയുതിര്‍ത്തു. പോലീസ് തിരിച്ചും വെടിവച്ചു. ഇവരില്‍നിന്ന് അഞ്ച് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.
ഈ മാസം 18നാണ് ദല്‍ഹി രജൗരി ഗാര്‍ഡനിലെ ‘ബര്‍ഗര്‍ കിങ്’ ഔട്ട്ലെറ്റില്വച്ച് അമാന്‍ ജൂന്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. ഒരു യുവതിക്കൊപ്പം ബര്‍ഗര്‍ കിങ് ഔട്ട്ലെറ്റിലെത്തിയ യുവാവിന് നേരേ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. 38 വെടിയുണ്ടകളാണ് യുവാവിന്റെ ശരീരത്തിലേറ്റത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിമാന്‍ഷു ബാഹു രംഗത്തെത്തി. തന്റെ കൂട്ടാളിയെ കൊലപ്പെടുത്തിയ യുവാവിനോടാണ് ഇപ്പോള്‍ പ്രതികാരം ചെയ്തിരിക്കുന്നതെന്നും പട്ടികയില്‍ ഇനിയും ആളുകളുണ്ടെന്നുമായിരുന്നു ഹിമാന്‍ഷു സാമൂഹികമാധ്യമത്തില്‍ കുറിച്ചത്.
കൊല്ലപ്പെട്ട യുവാവിനൊപ്പമുണ്ടായിരുന്ന യുവതിയെ പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഹരിയാന സ്വദേശിയായ അനുവാണ് ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഹണിട്രാപ്പില്‍ കുരുക്കിയാണ് യുവാവിനെ അനു ഭക്ഷണശാലയില്‍ എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. കൃത്യത്തിന് പിന്നാലെ യുവാവിന്റെ ഫോണുമായി കടന്നുകളഞ്ഞ യുവതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: