പ്രവേശന വിജ്ഞാപനം: www.education.kerala.gov.in ല്‍
അഡ്മിഷന് ജില്ലാടിസ്ഥാനത്തില്‍; അപേക്ഷ ജൂലൈ 18 വരെ സ്വീകരിക്കും
പ്രവേശനമാഗ്രഹിക്കുന്ന റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്
ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു പരീക്ഷ പാസായവര്‍ക്ക് പ്രവേശനം തേടാം
സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍ 101 ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ് പഠനാവസരം
സ്വാശ്രയ മേഖലയിലെ ടിടിഐകളില്‍ ഡിഎല്‍എഡ് കോഴ്സിലേക്ക് പ്രത്യേകം അപേക്ഷിക്കാം
എല്‍പി/യുപി സ്കൂള്‍ അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ്/സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ (ടിടിഐ) 2024-26 വര്‍ഷം നടത്തുന്ന ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) കോഴ്സിന് അപേക്ഷിക്കാം. ജൂലൈ 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അവസരം.
സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍ വിവിധ ജില്ലകളിലായി 101 ടിടിഐകളാണുള്ളത്. റവന്യൂ ജില്ലാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥി ഒരു റവന്യൂ ജില്ലയില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. പ്രവേശനമാഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേല്‍വിലാസത്തില്‍ ജൂലൈ 18 നകം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറവും പ്രവേശന വിജ്ഞാപനവും www.education.kerala.gov.in ല്‍ ലഭിക്കും. ഓരോ ജില്ലയിലുമുള്ള ടിടിഐകളും സീറ്റുകളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും പ്രവേശന നടപടികളും സംവരണ സീറ്റുകളുമെല്ലാം വിജ്ഞാപനത്തിലുണ്ട്.
അപേക്ഷയില്‍ 5 രൂപയുടെ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിച്ചിരിക്കണം. അല്ലെങ്കില്‍ 0202-01-102-97-03 other receipt എന്ന അക്കൗണ്ട് ഹെഡില്‍ 5 രൂപ ട്രഷറിയിലടച്ച ചെലാന്‍ രസീത് അപേക്ഷയോടൊപ്പം നല്‍കണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് ഫീസില്ല.
ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ മൂന്ന് ചാന്‍സിനുള്ളില്‍ പാസായിട്ടുള്ളവര്ക്കാണ് അപേക്ഷിക്കാവുന്നത്. 1.7.2024 ല്‍ 17 വയസ് തികഞ്ഞിരിക്കണം. 33 വയസ് കവിയരുത്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും വിമുക്തഭടന്മാര്ക്കും മറ്റും നിയമാനുസൃതവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
മാനേജ്മെന്റ് ക്വാട്ടയിലേക്ക് എയിഡഡ് ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. പകര്‍പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നല്‍കുകയും വേണം.
മൊത്തം സീറ്റുകളില്‍ സയന്‍സ് 40%, ഹ്യൂമാനിറ്റീസ് 40%, കോമേഴ്സ് 20% എന്നിങ്ങനെ വിഭജിച്ചാണ് അഡ്മിഷന്. യോഗ്യതാപരീക്ഷക്ക് ലഭിച്ച മാര്‍ക്ക് 80%, ഇന്ററവ്യൂ മാര്‍ക്ക് 10%, സ്പോര്‍ട്സ്/ഗെയിംസ്/കലോത്സവം എന്നിവക്ക് ലഭിച്ച മാര്‍ക്ക് 10% എന്നിങ്ങനെ പരിഗണിച്ചാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്. സംവരണ ചട്ടങ്ങള്‍ പാലിച്ചാണ് അഡ്മിഷന്.
ഡിഎല്‍എഡ് നാല് സെമസ്റ്ററുകളായുള്ള രണ്ട്വര്‍ഷത്തെ റഗുലര്‍ കോഴ്സാണ്.
ടിടിഐകള്‍: ജില്ലാതല ഗവണ്മെന്റ്/എയിഡഡ് ടിടിഐകള്‍ ഇനിപറയുന്ന സ്ഥലങ്ങളിലാണുള്ളത്. തിരുവനന്തപുരം ജില്ല- മണക്കാട്, ആറ്റിങ്ങല്‍, ഊരൂട്ടുകാല, പാറശ്ശാല, തോപ്പ്, പട്ടം, വിളഭാഗം (വര്‍ക്കല), പച്ച (പാലോട്); കൊല്ലം ജില്ല- കൊട്ടാരക്കര, കൊട്ടിയം, കൊല്ലം, ചൊവ്വള്ളൂര്‍, ഭൂതക്കുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട; പത്തനംതിട്ട- തിരുവല്ല, ചെറുകോല്‍, മൈലപ്ര, പറക്കോട്, കവിയൂര്‍, മാരാമണ്‍, ഓതറ, പെരിങ്ങറ, റാന്നി, തൊടിയൂര്‍, മെഴുവേലി; ആലപ്പുഴ ജില്ല- മാവേലിക്കര, ചെങ്ങന്നൂര്‍, ആലപ്പുഴ, മാന്നാര്‍, തഴക്കര, തുറവൂര്‍, അംഗാടിക്കല് (ചെങ്ങന്നൂര്‍), ചെട്ടികുളങ്ങര, കക്കാഴം; കോട്ടയം ജില്ല- വെള്ളൂര്‍, കോട്ടയം, ഏറ്റുമാനൂര്‍, വാഴപ്പള്ളി, പാലാ, മുത്തോളി, പള്ളം, മുണ്ടക്കയം; എറണാകുളം ജില്ല- ഇടപ്പള്ളി, മൂവാറ്റുപുഴ, കുറുപ്പംപടി, കറുകുറ്റി, മൂത്തകുന്നം, മട്ടാഞ്ചേരി, നായരമ്പലം, കോലഞ്ചേരി, പള്ളുരുത്തി, വടകര, വടവുകോട്, എറണാകുളം, വാഴക്കുളം, ചെറുവത്തൂര്‍; ഇടുക്കി ജില്ല- തൊടുപുഴ, കുമളി, മൂന്നാര്‍; തൃശൂര്‍ ജില്ല- ചാലക്കുടി, രാമവര്‍മ്മപുരം, അഴീക്കോട്, ഇരിങ്ങാലക്കുട, പനങ്ങാട്, പാവറട്ടി, ചെറുതുരുത്തി, കൂര്‍ക്കഞ്ചേരി; പാലക്കാട് ജില്ല- ചിറ്റൂര്‍, ആനക്കര, പാലക്കാട്, പേരൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം; മലപ്പുറം ജില്ല- തിരൂര്‍, മലപ്പുറം, രാമനാട്ടുകര, തിരൂരങ്ങാടി, വളാഞ്ചേരി; കോഴിക്കോട് ജില്ല- കോഴിക്കോട്, മുക്കം, വടകര; വയനാട് ജില്ല- സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, പനമരം; കണ്ണൂര്‍ ജില്ല- കണ്ണൂര്‍, പാളയാട്, മാതമംഗലം; കാസര്‍കോഡ് ജില്ല- മേപ്പാടി, നീലേശ്വരം, കന്നിവയല്‍.
സ്വാശ്രയ ടിടിഐകള്‍
സ്വാശ്രയ മേഖലയിലെ ഡിഎല്‍എഡ് കോഴ്സ് പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷാഫോറവും പ്രവേശന വിജ്ഞാപനവും www.education.kerala.gov.in ല്‍ ലഭ്യമാണ്. മെരിറ്റ് ക്വാട്ടാ സീറ്റുകളിലും മാനേജ്മെന്റ് ക്വാട്ടാ സീറ്റുകളിലും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ നല്‍കണം.
സ്വകാര്യ/സ്വാശ്രയ മേഖലയിലും വിവിധ ജില്ലകളിലായി 101 ടിടിഐകളില്‍ പഠനാവസരമുണ്ട്. ടിടിഐകളും സീറ്റുകളും വെബ്സൈറ്റിലുണ്ട്. അപേക്ഷാ ഫീസ് 100 രൂപ. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ഫീസില്ല. മെരിറ്റ് ക്വാട്ടയിലുള്ള പ്രവേശനത്തിന് അതാത് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
മാനേജ്മെന്റ് ക്വാട്ടാ സീറ്റുകളിലേക്ക് അതത് സ്ഥാപനത്തിന്റെ മാനേജര്‍മാര്‍ക്കാണ് അപേക്ഷിക്കേണ്ടത്.
സ്വാശ്രയ ടിടിഐകളില്‍ മെരിറ്റ് സീറ്റില്‍ വാര്‍ഷിക ഫീസ് 30,000 രൂപയും മാനേജ്മെന്റ് ക്വാട്ടാ സീറ്റില്‍ വാര്‍ഷിക ഫീസ് 35,000 രൂപയുമാണ്. ഓരോ വര്‍ഷവും രണ്ട് ഗഡുക്കളായി ഫീസ് അടയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: