ന്യൂദല്‍ഹി: ജൂണ്‍ 25 ഭരണഘടന ഹത്യാദിനമായാചരിക്കുന്നത് ചവിട്ടിമെതിക്കപ്പെട്ട കാലത്തെ ഓര്‍മപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടപ്പോള്‍ എന്തുണ്ടായെന്നതിന്റെ ഓര്‍മപ്പെടുത്തലാകും അത്. കോണ്‍ഗ്രസ് അഴിച്ചുവിട്ട, ഭാരതചരിത്രത്തിലെ ഇരുണ്ടഘട്ടമായ, അടിയന്തരാവസ്ഥയുടെ ദുരിതമനുഭവിച്ച ഓരോ വ്യക്തിക്കും പ്രണാമമര്‍പ്പിക്കാനുള്ള ദിവസം കൂടിയാണ് അതെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ ഈ കുറിപ്പ്.
ഭാരതത്തെ ഇരുട്ടിലാക്കുകയും രാഷ്‌ട്രീയ പകപോക്കലുകളുടെ കൂത്തരങ്ങാക്കുകയും ചെയ്ത് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയ ജൂണ്‍ 25 സംവിധാന്‍ ഹത്യാദിവസ് (ഭരണഘടനയെ കൊലചെയ്ത ദിനം) ആയി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി ഇതറിയിച്ചത്. ഭരണഘടനയെ ഇല്ലാതാക്കി രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അതിക്രൂര നടപടികള്‍ ജനങ്ങളുടെ ഓര്‍മയിലെക്കാലവും നിലനിര്‍ത്താനാണ് ഈ പ്രഖ്യാപനം.
നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവിനെ തകര്‍ത്ത്, ലക്ഷക്കണക്കിനാളുകളെ ജയിലിലടച്ച്, സ്വേച്ഛാധിപതിയായി ഇന്ദിര ഗാന്ധി രാജ്യത്തിനു മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച ദിനമാണ് 1975 ജൂണ്‍ 25 എന്ന് അമിത് ഷാ പറഞ്ഞു. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി രാജ്യത്തെ തടവറയാക്കി. ഇതാണ് ജൂണ്‍ 25 സംവിധാന്‍ ഹത്യാദിവസായി പ്രഖ്യാപിക്കാന്‍ കാരണം. 1975ലെ അടിയന്തരാവസ്ഥയുടെ വേദനകള്‍ അനുഭവിച്ചവരുടെ വലിയ സംഭാവനകള്‍ക്കുള്ള ആദരവു കൂടിയാണ് ഈ പ്രഖ്യാപനമെന്ന് അദ്ദേഹം തുടര്‍ന്നു.
To observe 25th June as #SamvidhaanHatyaDiwas will serve as a reminder of what happens when the Constitution of India was trampled over. It is also a day to pay homage to each and every person who suffered due to the excesses of the Emergency, a Congress unleashed dark phase of… https://t.co/om14K8BiTz
— Narendra Modi (@narendramodi) July 12, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടിയ ലക്ഷക്കണക്കിനാളുകള്‍ക്കുള്ള ആദരവാണ്. അതിക്രൂര അടിച്ചമര്‍ത്തലുകളും വിവരിക്കാനാകാത്ത പീഡനങ്ങളും നടത്തിയ സര്‍ക്കാരിനെ നേരിട്ടവരാണ് അവര്‍. വ്യക്തി സ്വാതന്ത്ര്യത്തിന്റെ അണയാത്ത തീയും ജനാധിപത്യത്തിന്റെ പ്രതിരോധവും കോണ്‍ഗ്രസ് പോലുള്ള സ്വേച്ഛാധിപത്യ ശക്തികള്‍ അടിയന്തരാവസ്ഥയെന്ന തെറ്റ് ആവര്‍ത്തിക്കുന്നതു തടയുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടിയുള്ള രാഷ്‌ട്രീയ നാടകത്തിന് ഉചിതമായ മറുപടിയായി മാത്രമല്ല, അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളെ കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധ, ഭരണഘടനാ വിരുദ്ധ സ്വഭാവവും നടപടികളും ഓര്‍മിപ്പിക്കാനും ബിജെപിയും കേന്ദ്ര സര്‍ക്കാരും ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: